
ജയപരാജയങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനാവാത്ത ഒരു മേഖലയാണ് സിനിമ. അതാത് സമയത്ത് തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന തെരഞ്ഞെടുപ്പുകളാണ് അഭിനേതാക്കളും സംവിധായകരുമൊക്കെ ചെയ്യുന്നത്. അതില്‍ ചിലത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. മറ്റു ചിലതിനെ തള്ളിക്കളയുകയും ചെയ്യും. അതത് കാലത്ത് താരങ്ങളുടെ ജനപ്രീതിയെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകം സിനിമയുടെ ജയപരാജയങ്ങള്‍ തന്നെയാണ്. എന്നാല്‍ സീരിയര്‍ താരങ്ങള്‍ക്ക് അതില്‍ ചില ഇളവുകളും പ്രേക്ഷകര്‍ നല്‍കാറുണ്ട്. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷവും ഒറ്റ ചിത്രത്തിലൂടെ അവരില്‍ പലര്‍ക്കും വന്‍ തിരിച്ചുവരവുകള്‍ നടത്താന്‍ കഴിഞ്ഞിട്ടുള്ളതും അതുകൊണ്ടാണ്. ഇപ്പോഴിതാ ജനപ്രീതിയില്‍ ഏറ്റവും മുന്നിലുള്ള അഞ്ച് മലയാളി നായക താരങ്ങളുടെ ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്.
പ്രമുഖ മീഡിയ കള്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ലിസ്റ്റ് ആണ് ഇത്. ജനുവരി മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള പട്ടിക. 2023 ഡിസംബറിലെ ഓര്‍മാക്സ് ലിസ്റ്റില്‍ നിന്നുള്ള പ്രധാന വ്യത്യാസം അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ലിസ്റ്റില്‍ നിന്ന് പുറത്തുപോയി എന്നതാണ്. പകരം എത്തിയിരിക്കുന്നത് പൃഥ്വിരാജ് സുകുമാരന്‍ ആണ്. മറ്റ് നാല് പേരും പഴയ ലിസ്റ്റില്‍ ഉള്ളവര്‍ തന്നെയാണെങ്കിലും സ്ഥാനങ്ങളില്‍ ചെറിയ മാറ്റമുണ്ട്.
മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ടൊവിനോ നാലാം സ്ഥാനത്തേക്കും നാലാം സ്ഥാനത്തുണ്ടായിരുന്ന ഫഹദ് ഫാസില്‍ മൂന്നാം സ്ഥാനത്തേക്കും എത്തി. ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍ മാറ്റമൊന്നുമില്ല. ഒന്നാമത് മോഹന്‍ലാലും രണ്ടാമത് മമ്മൂട്ടിയും. ഓര്‍മാക്സ് പോപ്പുലര്‍ ലിസ്റ്റുകളില്‍ ഏറിയ പങ്കും മോഹന്‍ലാല്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുള്ളത്. 2023 നവംബര്‍ മാസത്തെ ലിസ്റ്റില്‍ മാത്രം മറിച്ച് സംഭവിച്ചിരുന്നു. നവംബറിലെ ലിസ്റ്റില്‍ മമ്മൂട്ടി ഒന്നാമതും മോഹന്‍ലാല്‍ രണ്ടാമതും ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം