തെന്നിന്ത്യയില്‍ നിന്ന് ഒരേയൊരു താരം, അഞ്ച് സിനിമകള്‍; 2021 ആദ്യപകുതി ട്വിറ്ററില്‍ തരംഗം തീര്‍ത്ത ടാഗുകള്‍

By Web TeamFirst Published Aug 23, 2021, 6:09 PM IST
Highlights

മൂന്ന് അന്തര്‍ദേശീയ ഹാഷ്‍ടാഗുകളും ഈ വര്‍ഷം ആദ്യപകുതിയില്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു

പ്രമുഖ സമൂഹമാധ്യമമായ ട്വിറ്ററിനെ സംബന്ധിച്ച് ഓഗസ്റ്റ് 23 എന്നത് 'ഹാഷ്‍ടാഗ് ദിന'മാണ്. 2007ല്‍ ഇതേദിവസമാണ് ട്വിറ്റര്‍ ആദ്യമായി ഹാഷ്‍ടാഗ് അവതരിപ്പിച്ചത്. 14-ാമത് ഹാഷ്‍ടാഗ് ദിനത്തിന്‍റെ ഭാഗമായി 2021 ആദ്യ പകുതിയില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ്‍ടാഗുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്റര്‍ ഇന്ത്യ. എന്നാല്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ തെന്നിന്ത്യയ്ക്കാണ് ആധിപത്യം. ഇന്ത്യയിലെ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ട്രെന്‍ഡിംഗ് ടാഗുകളില്‍ ആറെണ്ണത്തിലും തെന്നിന്ത്യയില്‍ നിന്നുള്ള താരമോ സിനിമകളോ ആണ്. അജിത്ത് കുമാര്‍, വിജയ് ആരാധകര്‍ ട്വിറ്ററില്‍ പലപ്പോഴും നടത്താറുള്ള ഫാന്‍ ഫൈറ്റുകളുടെ സ്വാധീനം ഈ ലിസ്റ്റിലും കാണാനുണ്ട്. 

ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്ന ഒരേയൊരു തെന്നിന്ത്യന്‍ താരം അജിത്ത് കുമാര്‍ ആണ്. #ajithkumar എന്ന ഹാഷ്‍ടാഗ് നാലാം സ്ഥാനത്താണ്. അജിത്ത് കുമാറിന്‍റെ വരാനിരിക്കുന്ന ചിത്രം 'വലിമൈ' ആണ് 2021 ആദ്യ പകുതിയില്‍ ഇന്ത്യയില്‍ ഏറ്റവുമധികം തവണ ട്വീറ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ വിജയ് നായകനായ രണ്ട് ചിത്രങ്ങള്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. #master രണ്ടാമതും #thalapathy65 (ബീസ്റ്റ്) അഞ്ചാം സ്ഥാനത്തും. തെലുങ്ക് ചിത്രങ്ങളായ സര്‍ക്കാരു വാരി പാട്ട, വക്കീല്‍ സാബ് എന്നിവയാണ് ലിസ്റ്റില്‍ ഇടംനേടിയ മറ്റു രണ്ട് സിനിമകള്‍. 

It's so you know what that means! Here's the list of the most Tweeted hashtags in India in the first half of 2021 👀 pic.twitter.com/xuKApkk5cy

— Twitter India (@TwitterIndia)

അജിത്ത് കുമാറിനെ കൂടാതെ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്ന ഒരേയൊരു താരം ഹിന്ദി ടെലിവിഷന്‍ താരവും ബിഗ് ബോസ് 14 ടൈറ്റില്‍ വിജയിയുമായ റുബീന ഡിലൈക് ആണ്.  മൂന്ന് അന്തര്‍ദേശീയ ഹാഷ്‍ടാഗുകളും ഈ വര്‍ഷം ആദ്യപകുതിയില്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. പ്രമുഖ കൊറിയന്‍ പോപ്പ് ബോയ് ബാന്‍ഡ് ആയ 'ബിടിഎസ്' (#bts), 'ഐ ഹേര്‍ട്ട് റേഡിയോ മ്യൂസിക് അവാര്‍ഡ്‍സ് 2021' (#iheartawards), കൊവിഡ് 19 (#covid19) എന്നിവയാണ് അവ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!