
അമ്മയോടുള്ള തന്‍റെ വൈകാരികമായ അടുപ്പത്തെക്കുറിച്ച് പലപ്പോഴും മനസ് തുറന്നിട്ടുണ്ട് മോഹന്‍ലാല്‍ (Mohanlal). ഇപ്പോഴിതാ മാതൃദിനാശംസകള്‍ക്കൊപ്പം അമ്മയ്ക്കൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. വി കെ പ്രശാന്ത് എംഎല്‍എ, എം എൻ കാരശേരി തുടങ്ങിയവരൊക്കെ ആശംസകള്‍ അറിയിച്ച് പോസ്റ്റിന് കമന്‍റ് ചെയ്‍തിട്ടുണ്ട്.
ഒരു അഭിനേതാവ് എന്ന നിലയില്‍ മകനെ താന്‍ കാണുന്ന രീതിയെക്കുറിച്ച് ശാന്തകുമാരി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. മകന്‍ ചിരിക്കുന്ന, ചിരിപ്പിക്കുന്ന ചിത്രങ്ങളോടാണ് തന്‍റെ പ്രിയം എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. ദു:ഖപര്യവസായിയായ ചിത്രങ്ങളും അടിപിടിയുള്ള ചിത്രങ്ങളുമൊന്നും കാണാറില്ല. കിരീടം, ചെങ്കോല്‍, താളവട്ടം എന്നിവയൊക്കെ അങ്ങനെ തന്നെ.
അതേസമയം മോഹന്‍ലാലിന്‍റെ അടുത്ത ചിത്രം 12ത്ത് മാനിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ദൃശ്യം 2 നു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന 12ത്ത് മാന്‍ ഡയറക്ട് ഒടിടി റിലീസ് ആയി മെയ് 20ന് ആണ് എത്തുക. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് റിലീസിംഗ് പ്ലാറ്റ്ഫോം. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആദ്യ വാരമാണ് ആരംഭിച്ചത്. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രവുമാണ് ട്വല്‍ത്ത് മാന്‍. ടൈറ്റില്‍ റോളിലാണ് മോഹന്‍ലാല്‍ എത്തുക. നവാഗതനായ കെ ആര്‍ കൃഷ്‍ണകുമാര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. ഇടുക്കിയിലെ കുളമാവ് ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.
ഷാജി കൈലാസിന്‍റെ സംവിധാനത്തിലെത്തുന്ന എലോണ്‍, വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ എന്നിവയാണ് മോഹന്‍ലാലിന്‍റേതായി 12ത്ത് മാനിനു ശേഷം പുറത്തത്താനിരിക്കുന്ന മറ്റു രണ്ട് ചിത്രങ്ങള്‍. ഒടിടിക്കു വേണ്ടി ചെയ്യുന്ന സിനിമകളെന്നാണ് ഈ ചിത്രങ്ങളെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നതെങ്കിലും ഒടിടിയോ തിയറ്ററോ എന്ന് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് മരക്കാര്‍ പ്രൊമോഷന്‍ സമയത്ത് മോഹന്‍ലാല്‍ പറഞ്ഞത്. അതേസമയം ആറാട്ട് ആയിരുന്നു മോഹന്‍ലാലിന്‍റെ അവസാനമെത്തിയ തിയറ്റര്‍ റിലീസ്. ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ നായകനായെത്തിയ കോമഡി ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ആയിരുന്നു ഈ ചിത്രം. തിയറ്റര്‍ റിലീസിനു പിന്നാലെ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്.