തിയറ്ററില്‍ നിന്ന് റിലീസ് സിനിമകള്‍ പകര്‍ത്തുന്ന തമിഴ്നാട് സംഘം കേരളത്തില്‍ പിടിയില്‍

Published : Jul 27, 2024, 12:03 PM IST
തിയറ്ററില്‍ നിന്ന് റിലീസ് സിനിമകള്‍ പകര്‍ത്തുന്ന തമിഴ്നാട് സംഘം കേരളത്തില്‍ പിടിയില്‍

Synopsis

അനുയോജ്യമായ സീറ്റിം​ഗ് പൊസിഷന്‍ നോക്കി ഓണ്‍ലൈന്‍ ആയി ടിക്കറ്റ് ബുക്ക് ചെയ്താണ് ഇവര്‍ തിയറ്ററില്‍ എത്തുക

തിയറ്ററിൽ നിന്ന് സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് സംഘം കേരളത്തില്‍ പിടിയില്‍. മധുരയില്‍ നിന്നുള്ളവരാണ് പിടിയിലായത്. തിരുവനന്തപുരം ഏരീസ്പ്ലെക്സ് തിയറ്ററില്‍ നിന്ന് ധനുഷ് നായകനായ തമിഴ് ചിത്രം രായന്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടയിലാണ് ഇവരെ പൊലീസ് പിടികൂടിയത്. സിനിമ പകര്‍ത്തിയ മധുര സ്വദേശി സ്റ്റീഫനെ കാക്കനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

അനുയോജ്യമായ സീറ്റിം​ഗ് പൊസിഷന്‍ നോക്കി ഓണ്‍ലൈന്‍ ആയി ടിക്കറ്റ് ബുക്ക് ചെയ്താണ് ഇവര്‍ തിയറ്ററില്‍ എത്തുക. പിന്നീട് ട്രൈപോഡ് അടക്കം ഉപയോ​ഗിച്ചാണ് സിനിമ മൊബൈലില്‍ പകര്‍ത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ഏറെനാളായി നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ​ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രം സമാന രീതിയില്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സുപ്രിയ മേനോന്‍ കാക്കനാട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ വ്യക്തി ഈ ചിത്രവും തിയറ്ററില്‍ നിന്ന് പകര്‍ത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 

ചോദ്യം ചെയ്യുന്നതിനായി ഇവരെ കാക്കനാട് സൈബർ സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. സ്റ്റീഫനൊപ്പമുള്ള രണ്ടാമന്‍ പ്രതിയാണോ എന്ന കാര്യത്തില്‍ നിശ്ചയമില്ല. സ്റ്റീഫനൊപ്പം അറിയാതെ വന്നതാണെന്നാണ് ഇയാള്‍ പറയുന്നത്. വിശദമായ ചോദ്യംചെയ്യലിന് ശേഷമേ ഇതിന്‍റെ വാസ്തവം അറിയാനാവൂ. 

ALSO READ : സന്തോഷ് നാരായണന്‍ മാജിക്; 'കല്‍ക്കി 2898 എഡി' ഒറിജിനല്‍ സൗണ്ട് ട്രാക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'