എംപിയുടെ ചുമതല നിർവഹിക്കാൻ സമയമില്ല; പകരക്കാരനെ വച്ച് വിവാദത്തിലായി ബോളിവുഡ് നടൻ

By Web TeamFirst Published Jul 2, 2019, 5:41 PM IST
Highlights

തിരക്കുള്ളതിനാല്‍ തന്റെ അസാന്നിധ്യത്തില്‍ യോഗങ്ങളില്‍ പങ്കെടുക്കാനും മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാനുമാണ് പ്രതിനിധിയെ വച്ചതെന്നാണ് സണ്ണി ഡിയോളിന്റെ വിശദീകരണം. 

ഗുര്‍ദാസ്പൂര്‍: എംപിയായി പ്രവര്‍ത്തിക്കാൻ പകരക്കാരനെ വച്ച് വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ് ബോളിവുഡ് നടൻ സണ്ണി ഡിയോൾ. തിരക്കുള്ളതിനാല്‍ തന്റെ അസാന്നിധ്യത്തില്‍ യോഗങ്ങളില്‍ പങ്കെടുക്കാനും മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാനുമാണ് പ്രതിനിധിയെ വച്ചതെന്നാണ് സണ്ണി ഡിയോളിന്റെ വിശദീകരണം. ബിജെപി ടിക്കറ്റില്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്ന് വിജയിച്ച എംപിയാണ് സണ്ണി ഡിയോള്‍.

എഴുത്തുകാരനായ ഗുര്‍പ്രീത് സിങ് പല്‍ഹേരിയെയാണ് തന്റെ പ്രതിനിധിയായി സണ്ണി നിയോഗിച്ചത്. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്നായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സണ്ണി ഡിയോൾ പറഞ്ഞത്. എന്നാൽ, എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ ലോക്സഭയിൽ ആദ്യ ദിവസം എത്തിയ സണ്ണി ഡിയോളിനെ പിന്നീട് കണ്ടിട്ടില്ല.

ചലച്ചിത്രതാരം വിനോദ് ഖന്ന നാല് തവണ ജയിച്ച ഗുരുദാസ് മണ്ഡലം കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നഷ്ടമായിരുന്നു.  ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലം തിരിച്ച് പിടിക്കാനായെങ്കിലും സണ്ണി ഡിയോളിന്‍റെ തീരുമാനം ബിജെപിക്ക് തലവേദനയാകുകയാണ്. പാര്‍ലമെന്‍റ് അംഗത്തിന് പകരക്കാരൻ വെക്കാൻ ജനപ്രാതിനിധ്യ നിയമത്തിൽ വ്യവസ്ഥയില്ല. പാര്‍ലമെന്‍റിലോ, പാര്‍ലമെന്‍ററി കാര്യ സമിതികളിലോ സണ്ണി ഡിയോളിന്‍റെ സ്ഥാനത്ത് മറ്റാര്‍ക്കും പങ്കെടുക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് താരത്തിന്റെ വിവാദ തീരുമാനം. അതേസമയം, സണ്ണി ഡിയോളിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് രം​ഗത്തെത്തി.


 

click me!