ചരിത്രത്തിലൂന്നി ഒരു സാങ്കല്‍പ്പിക കഥ, കൊറിയയുടെ പോരാട്ടത്തെ ഓര്‍മിപ്പിച്ച് 'മിസ്റ്റർ സൺഷൈൻ'

By P R VandanaFirst Published Nov 11, 2022, 9:17 AM IST
Highlights

'മിസ്റ്റർ സൺഷൈൻ' എന്ന കെ  ഡ്രാമയുടെ റിവ്യു.

ചരിത്രസംഭവങ്ങളെ ആസ്‍പദമാക്കിയുള്ള സങ്കൽപസൃഷ്‍ടിയായ 'മിസ്റ്റർ സൺഷൈൻ' പ്രേക്ഷകപ്രീതി ആവോളം നേടിയ പരമ്പരയാണ്. 1900കളിൽ സ്വന്തം നിലനിൽപ്പിനും സ്വാതന്ത്ര്യത്തിനും വേണ്ടി കൊറിയ നടത്തിയ പോരാട്ടമാണ് കഥയുടെ പശ്ചാത്തലം. സമ്പന്ന കുടുംബത്തിലെ അടിമകളായ  മാതാപിതാക്കൾ കൊല്ലപ്പെട്ടതിന് പിന്നാലെ നാടുവിടേണ്ടി വന്ന ബാലനാണ് യൂ ജിൻ ചോയ്. ആദ്യമായി കൊറിയയിലെത്തുന്ന അമേരിക്കൻ സേനാകപ്പലിൽ ഒളിച്ചു കയറി അന്നാട്ടിലെത്തുന്ന അവൻ യൂജീൻ ചോയ് എന്ന പേരിൽ വളരുന്നു, അമേരിക്കൻ സൈനികനാവുന്നു. ഔദ്യോഗിക കർത്തവ്യ നിർവഹണത്തിന്റെ ഭാഗമായി യൂജിൻ ചോയ് വർഷങ്ങൾക്ക് ശേഷം വീണ്ടും ജന്മനാട്ടിലെത്തുന്നു. അന്നാട്ടിൽ എല്ലാവരും ബഹുമാനിക്കുന്ന ഗോ കുടുംബത്തിലെ ഏ ഷിൻ എന്ന പെൺകുട്ടിയുമായി ചോയ് അടുപ്പത്തിലാകുന്നു. അവളാകട്ടെ രഹസ്യപ്പോരാളികളുടെ കൂട്ടത്തിലുള്ള ആളാണ്. രാജ്യാഭിമാനത്തിനും സ്വാതന്ത്ര്യത്തിനും ആണ് അവൾ ഊന്നൽ കൊടുക്കുന്നത്.

അന്നാട്ടിലെ ശീലം അനുസരിച്ച് കുട്ടിക്കാലത്ത് തന്നെ അവളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അവിടത്തെ ഏറ്റവും സമ്പന്ന കുടുംബത്തിലെ അംഗമായ കിം ഹ്യു സോങ് ആണ് അവളുടെ പ്രതിശ്രുത വരൻ. തന്റെ കുടുംബം കാശിന്റെയും പാരമ്പര്യത്തിന്റെയും കരുത്തിൽ കാട്ടിക്കൂട്ടിയ ക്രൂരതകളിൽ മനസ്സു നൊന്തു കഴിയുന്ന ചെറുപ്പക്കാരനാണ് അയാൾ. അയാളുടെ കിം കുടുംബത്തിലെ അടിമകളായിരുന്നു ചോയിയുടെ മാതാപിതാക്കൾ. രണ്ടു പേരുടെയും കൂട്ടിമുട്ടലുകൾക്ക് ഭൂതകാലത്തിന്റെ ആ വേദനയും ചൊരുക്കുമുണ്ട്. മേൽജാതിക്കാരുടെ ക്രൂരത കാരണം നാടുവിടേണ്ടി വന്ന ഗു ഡോങ് മേക്ക് ഏ ഷിന്നിനോട് അടുപ്പമുണ്ട്. കുട്ടിയാകുമ്പോൾ തന്റെ ജീവൻ രക്ഷിച്ച നാൾ മുതൽ ഡോങ് മേ മനസ്സിൽ കൊണ്ടുനടക്കുന്ന ഇഷ്‍ടമാണത്. ലക്ഷ്യപ്രാപ്‍തിഒരു വിഷയമേ അല്ല അയാൾക്ക്. ഗ്ലോറി ഹോട്ടൽ നടത്തുന്ന കുഡോ ഹിന എന്ന വനിതക്ക് മനസ്സിൽ ഒട്ടേറെ രഹസ്യങ്ങളും വിവരങ്ങളും ഉണ്ട്. കുട്ടിയാകുമ്പോൾ ജപ്പാനിലെ കാശുകാരൻ വൃദ്ധന് കെട്ടിച്ചു കൊടുത്ത അച്ഛനോടുള്ള പക, രാജ്യത്തെ ഒറ്റു കൊടുത്തും കാശുണ്ടാക്കാൻ നോക്കുന്നയാളു കൂടിയാണ് ഹിനയുടെ അച്ഛൻ. കഥയുടെ ഒരു നിർണായക സന്ധിയിൽ ഇവർ എല്ലാവരും ഏ ഷിന്നിന്റെ പോരാട്ടത്തിൽ അവൾക്കൊപ്പം ചേരുന്നുണ്ട്. അവരവരുടേതായ എല്ലാം നഷ്‍ടപ്പെടുത്തിക്കൊണ്ട്. മാതൃരാജ്യത്തെ തന്നെയാണ് ഏ ഷിൻ പ്രതിനിധാനം ചെയ്യുന്നത്. ഓരോ രീതിയിൽ രാജ്യത്തിന് വേണ്ടി പോരാടുന്നവരാണ് കഥാപാത്രങ്ങൾ എല്ലാവരും.

ജപ്പാൻ അധിനിവേശം, മേഖലയിലെ അമേരിക്കൻ ഇടപെടലുകൾ എന്നിവക്കൊപ്പം കൊറിയയിലെ വർഗവിവേചനവും കഥയിൽ പ്രതിപാദിക്കപ്പെടുന്നു. ജോസൺ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന സ്വതന്ത്ര പോരാളികളുടെ കൂട്ടായ്‍മ, (Righteous Army സ്‍പാനിഷ് അമേരിക്കൻ യുദ്ധം, റഷ്യ ജപ്പാൻ യുദ്ധം, ഗോജോങ് ചക്രവർത്തിയുടെ പുറത്താകൽ. കൊറിയക്ക് മേൽ ജപ്പാന് നയതന്ത്രപരമായ നിയന്ത്രണം സമ്മാനിക്കാൻ ഇടയാക്കിയ 1905ലെ കരാർ, കരാറിന് പിന്നിൽ പ്രവർത്തിച്ച് സ്വന്തം നാടിനെ ജപ്പാന് വേണ്ടി ഒറ്റുകൊടുത്ത അഞ്ച് മന്ത്രിമാർ, ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം 1907ൽ കൊറിയൻ സേനയെ പിരിച്ചുവിട്ടതും അതിൽ പ്രതിഷേധിച്ച സൈനിക‌രും  ജപ്പാൻ പട്ടാളക്കാരുമായി 1907ൽ നടന്ന ഏറ്റുമുട്ടൽ. അമേരിക്കൻ പ്രസിഡന്റ് റൂസ്‍വെൽറ്റ്, യുദ്ധകാല പത്രപ്രവർത്തകനായ ഫ്രെഡറിക് ആർതർ മക്കെൻസി, കൊറിയയിൽ എത്തിയ ആദ്യ മിഷണറി പ്രവർത്തകൻ ഹൊറേസ് ന്യൂട്ടൻ അല്ലെൻ തുടങ്ങി നിരവധി ചരിത്രസംഭവങ്ങളും വ്യക്തികളും പരമ്പരയിൽ പരാമർശിക്കപ്പെടുകയും ചിത്രീകരിക്കപ്പെടുകയും ചെയ്‍തിട്ടുണ്ട്. കഴിഞ്ഞ കാല സംഭവങ്ങളുടെ ഓർമപ്പെടുത്തൽ എന്ന നിലയിൽ ചിലർ അഭിനന്ദിച്ചെങ്കിലും  വസ്‍തുതാപരമായ പിഴവുകളുടെയും കൃത്യതയുടെയും പേരിൽ വിമർശിക്കപ്പെട്ടിട്ടുമുണ്ട്. എന്തായാലും സംഘർഷഭരിതമായ ചരിത്രപ്രധാനമായ ഈ പശ്ചാത്തലത്തിലെ സാങ്കൽപിക കഥയാണ് 'മിസ്റ്റർ സൺഷൈൻ'.

നായകകഥാപാത്രങ്ങൾക്കൊപ്പം തലപ്പൊക്കമുള്ള പോരാട്ടവീര്യമുള്ള നായികമാരായിരുന്നു 'മിസ്റ്റർ സൺഷൈനി'ൽ. ആദ്യ ടെലിവിഷൻ പരമ്പരയിൽ ഏ ഷിൻ ആയി എത്തിയ കിം തേ രീ ആയാലും കുഡോ ഹീന ആയി തിളങ്ങിയ കിം മിൻ ജുങ് ആയാലും അവരവരുടെ കഥാപാത്രങ്ങൾ ഗംഭീരമാക്കുകയും ചെയ്‍തു. ലീ ബ്യൂങ് ഹുൻ, യൂ യോൺ സ്യോക്, ബ്യൂൺ യോ ഹാൻ എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളായി അവർക്കൊപ്പം ചേർന്നത്. ഡിസെൻഡന്റസ് ഓഫ് ദ സൺ, ഗാർഡിയൻ ദ ലോൺലി ആന്റ് ഗ്രേറ്റ് ഗോഡ് എന്നീ ഹിറ്റ് പരമ്പരകൾക്ക് ശേഷം രചയിതാവായ കിം യൂൺ സൂക്കും സംവിധായകൻ ലീ യൂങ് ബോക്കും ഒന്നു ചേർന്ന പരമ്പരയായിരുന്നു മിസ്റ്റർ സൺഷൈൻ. വലിയ സെറ്റുകളും നൂറുകണക്കിന് എക്സ്ട്രാ ആർട്ടിസ്റ്റുകൾ അണിനിരന്ന യുദ്ധരംഗങ്ങളും മികച്ച ക്യാമറയും പ്രൊഡക്ഷൻ ഡിസൈനും സംഗീതവും എല്ലാം 'മിസ്റ്റർ സൺഷൈൻ' ഒരു നല്ല കാഴ്‍ചാനുഭവം ആക്കുന്നു. നിരൂപകപ്രശംസയും പുരസ്‍കാരനിറവും പരമ്പര നേടിയ പ്രേക്ഷകപ്രീതിക്ക് തിളക്കമേറ്റുന്നു.

Read More: ഉദ്വേഗം നിറച്ച് 'ലിറ്റിൽ വിമൻ'- റിവ്യു

click me!