
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എം എസ് ധോണി(MS Dhoni) തമിഴ് സിനിമ നിർമ്മിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. രജനികാന്തിനൊപ്പം സഹകരിച്ചിട്ടുള്ള സഞ്ജയ് എന്നൊരു വ്യക്തിയായിരിക്കു സംവിധായകനായി എത്തുകയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ആ വാർത്ത വ്യാജമാണെന്ന് പറയുകയാണ് ധോണിയുടെ നിർമ്മാണ കമ്പനിയായ ധോണി എന്റർടെയ്ൻമെന്റ്സ്.
'ധോണി എന്റർടെയ്ൻമെന്റ്സ് സഞ്ജയ് എന്നൊരു വ്യക്തിയുമായി യാതൊരു പ്രോജക്റ്റും ചെയ്യുന്നില്ല. അത്തരമൊരു വാർത്ത തീർത്തും വ്യാജമാണ്. എന്നാൽ വളരെ രസകരമായ പല പ്രോജക്റ്റുകൾ ഞങ്ങൾ ഒരുക്കുന്നുണ്ട്',എന്നാണ് പത്രക്കുറിപ്പിലൂടെ നിർമ്മാണ കമ്പനി അറിയിച്ചത്.നയൻതാര ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും വാർത്തകളുണ്ടായിരുന്നു.
അതേസമയം, നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ജൂൺ 9ന് തിരുപ്പതിയിൽ വച്ച് നടക്കുമെന്ന റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്. മാലിദ്വീപിൽ വച്ച് സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ, ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുവരും വിവാഹിതരാകുന്നത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. പിന്നിട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.
'കാതുവാക്കിലെ രണ്ടു കാതല്‍' എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'കാതുവാക്കുള രണ്ടു കാതൽ'. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ്ചിത്രത്തിൽ അഭിനയിക്കുന്നത്.
'അവഞ്ചേഴ്‌സിന് പ്രചോദനം മഹാഭാരതവും വേദങ്ങളും'; കങ്കണ
പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുള്ള ബോളിവുഡ് താരമാണ് കങ്കണ റണൗത്ത് (Kangana Ranaut ). സമൂഹത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളിലും തന്റേതായ നിലപാട് തുറന്ന് പറയാൻ താരം മടികാണിക്കാറുമില്ല. ഇപ്പോഴിതാ വ്യത്യസ്തമായൊരു അഭിപ്രായത്തിന്റെ പേർ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് കങ്കണ. മാർവൽ നിർമിച്ച സൂപ്പർ ഹീറോ ചിത്രം അവഞ്ചേഴ്‌സിന് പ്രചോദനം മഹാഭാരതവും വേദങ്ങളുമാണെന്നാണ് താരം പറയുന്നത്.
ഇ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ പ്രസ്താവന. സൂപ്പർ ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഇന്ത്യൻ പുരാണങ്ങളെയാണോ ഹോളിവുഡ് സൂപ്പർ ഹീറോകളെയാണോ മാതൃകയാക്കുകയെന്നായിരുന്നു ചോദ്യം.
'ഇന്ത്യൻ പുരാണങ്ങളെയാണ് ഞാൻ സമീപിക്കുക. പാശ്ചാത്യർ നമ്മുടെ പുരാണങ്ങളെ അവരുടെ ചിത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കാറുണ്ട്. അയൺമാനെ തന്നെയെടുക്കാം. അദ്ദേഹം മഹാഭാരത്തിലെ കർണനേപ്പോലെ കവചധാരിയാണ്. ഗദയേന്തി നിൽക്കുന്ന ഹനുമാനുമായി ചുറ്റികയേന്തി നിൽക്കുന്ന തോറിനെ ഉപമിക്കാം. അവഞ്ചർ സിനിമ തന്നെ മഹാഭാരതത്തിൽ നിന്ന് പ്രചോദനം കൊണ്ടതായിരിക്കാം. ദൃശ്യവീക്ഷണം വ്യത്യസ്തമാണെങ്കിലും ഈ സൂപ്പർഹീറോ കഥകളുടെ ഉത്ഭവം നമ്മുടെ വേദങ്ങളിൽ പ്രചോദനം നേടിയവയാണ്', എന്നാണ് കങ്കണ പറഞ്ഞത്.
അതേസമയം, ധക്കഡ് എന്ന ചിത്രമാണ് കങ്കണയുടേതായി റിലീസ് കാത്തിരിക്കുന്ന സിനിമ. റസ്നീഷ് ഘായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ധക്കഡ്. ഈ മാസം 20ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ഏജന്റ് അഗ്നി എന്ന കഥാപാത്രമായിട്ടാണ് കങ്കണ വേഷമിട്ടിരിക്കുന്നത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.