മുകേഷിന് ഇനി 'ശക്തിമാനാ'വാം; മുകേഷ് ഖന്ന എതിര്‍പ്പ് പിന്‍വലിച്ചു

By Web TeamFirst Published Sep 30, 2019, 11:18 PM IST
Highlights

മുകേഷിന് 'ശക്തിമാന്റെ' വേഷത്തില്‍ ധമാക്കയിലെ രംഗങ്ങളില്‍ എത്താം.
 

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ധമാക്ക'യില്‍ 'ശക്തിമാന്‍' വേഷപ്പകര്‍ച്ചയിലുള്ള നടന്‍ മുകേഷിന്റെ ചിത്രം നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. എന്നാല്‍ ഇത് വാര്‍ത്താപ്രാധാന്യം നേടിയതിന് പിന്നാലെ മുന്‍പ് ദൂരദര്‍ശനിലെ ഹിറ്റ് പരമ്പരയായിരുന്ന 'ശക്തിമാനി'ലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ് ഖന്ന രംഗത്തെത്തിയിരുന്നു. ഫെഫ്ക യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്കായിരുന്നു മുകേഷ് ഖന്ന പരാതി അയച്ചത്. 'ശക്തിമാന്‍' സീരിയലിന്റെ പ്രധാന നടനും നിര്‍മ്മാതാവുമായ തനിക്കാണ് ആ വേഷത്തിന്റെ കോപ്പിറൈറ്റ് എന്നും അനുവാദമില്ലാതെയാണ് ആ കഥാപാത്രത്തെ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നുമായിരുന്നു പരാതിയില്‍. എന്നാല്‍ ശക്തിമാന്‍ ഗെറ്റപ്പില്‍ മുകേഷിന്റേത് മുഴുനീള വേഷമല്ലെന്ന് ഒമര്‍ ലുലു നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴിതാ മുകേഷ് ഖന്നയുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം എതിര്‍പ്പ് പിന്‍വലിച്ചതായും ഒമര്‍ ലുലു അറിയിക്കുന്നു.

'ശക്തിമാന്‍' റഫറന്‍സ് തന്റെ സിനിമയില്‍ ഉപയോഗിക്കാന്‍ അദ്ദേഹം അനുവാദം നല്‍കിയെന്നും അതിന് നന്ദിയുണ്ടെന്നും ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തങ്ങളുടെ അപേക്ഷ പരിഗണിച്ചതില്‍ ഏറെ കടപ്പാടുണ്ടെന്നും.

അതേസമയം 'ഒരു അഡാറ് ലവി'ന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ധമാക്ക'യുടെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. പട്ടായയിലായിരുന്നു സിനിമയുടെ അവസാനഘട്ട ഷെഡ്യൂള്‍. നിക്കി ഗല്‍റാണി നായികയാവുന്ന ചിത്രത്തില്‍ അരുണ്‍ ആണ് നായകന്‍. മുകേഷ്, ഇന്നസെന്റ്, ഉര്‍വ്വശി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ ആണ് നിര്‍മ്മാണം. നവംബര്‍ 15ന് ചിത്രം തീയേറ്ററുകളിലെത്തും.

click me!