'ഇങ്ങനെയൊക്കെ പറയാമോ, സ്വന്തം പിതാവല്ലേ'; വൈറല്‍ ആയി 'അഡ്വ. മുകുന്ദനുണ്ണി'യുടെ പോസ്റ്റ്

By Web TeamFirst Published Oct 23, 2022, 10:17 AM IST
Highlights

2021 ഒക്റ്റോബറില്‍ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചതു തന്നെ വേറിട്ട രീതിയിലായിരുന്നു

ഒടിടി പ്ലാറ്റ്ഫോമുകള്‍ കാഴ്ചയുടെ വൈവിധ്യം തീര്‍ക്കുന്ന കാലത്ത് സിനിമാവ്യവസായം നേരിടുന്ന ഒരു പ്രതിസന്ധിയുണ്ട്. ആഗോള കണ്ടന്‍റുകള്‍ ഒരു വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന മൊബൈല്‍, ടെലിവിഷന്‍ സ്ക്രീനുകളുടെ മുന്നില്‍നിന്ന് സിനിമാസ്വാദകരെ തിയറ്ററുകളിലേക്ക് എത്തിക്കുക എന്നതാണ് അത്. അതിനായി സോഷ്യല്‍ മീഡിയയെ ആശ്രയിച്ച് വൈവിധ്യമാര്‍ന്ന പ്രൊമോഷന്‍ ക്യാംപെയ്നുകളും പല ചിത്രങ്ങളുടെ അണിയറക്കാരും നടത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ വേറിട്ട ഒരു പ്രചരണ രീതി കൊണ്ട് ശ്രദ്ധ നേടുകയാണ് വിനീത് ശ്രീനിവാസന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രം.

അഡ്വ. മുകുന്ദന്‍ ഉണ്ണിയെന്ന, വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേരില്‍ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങുകയാണ് അണിയറക്കാര്‍ ചെയ്‍തത്. അതിലെ ഏതാനും ചില പോസ്റ്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച സൃഷ്ടിച്ചിരിക്കുകയാണ് അവര്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് മുകുന്ദന്‍ ഉണ്ണി എന്ന കഥാപാത്രത്തിന്‍റെ ഒരു ബാല്യകാല ചിത്രമാണ്. ഒരു വലിയ സൈക്കിള്‍ ഇരിക്കുന്ന മുകുന്ദനുണ്ണിയാണ് ചിത്രത്തില്‍. തൊട്ടരികില്‍ ചേര്‍ത്തുപിടിച്ച് അച്ഛന്‍ നില്‍പ്പുണ്ട്. ചിത്രത്തിന് കൊടുക്ക ക്യാപ്ഷനാണ് പോസ്റ്റിനെ വൈറല്‍ ആക്കിയത്. 

ALSO READ : 'എത്രയോ നല്ല എന്‍റര്‍ടെയ്‍നര്‍'; മോണ്‍സ്റ്ററിനെ പ്രശംസിച്ച് ഒമര്‍ ലുലു

"ആദ്യത്തെ സൈക്കിളിൽ ചത്തുപോയ അച്ഛനോടൊപ്പം. My first cycle and my dead father.." എന്നാണ് ചിത്രത്തിന്‍റെ അടിക്കുറിപ്പ്. ഇത് ഒരു സിനിമാ കഥാപാത്രത്തിന്‍റെ പേരിലുള്ള ഫേസ്ബുക്ക് പേജ് ആണെന്നറിയാതെ നിരവധി പേരാണ് ഭാഷാപ്രയോഗത്തിലെ ഔചിത്യമില്ലായ്‍മയെ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. ചത്തു എന്ന് മനുഷ്യരുടെ കാര്യത്തില്‍ പറയാറില്ലെന്നും പട്ടിയും പൂച്ചയുമല്ലല്ലോ സ്വന്തം പിതാവല്ലേ മരിച്ചതെന്നുമൊക്കെ കമന്‍റുകള്‍ പ്രവഹിക്കുന്നുണ്ട്. പുതിയ കമന്‍റുകളും സംവാദവുമൊക്കെ കാണാനെത്തുന്ന നിരവധിപേരും ചേര്‍ന്നാണ് ഈ പോസ്റ്റിനെ വൈറല്‍ ആക്കിയിരിക്കുന്നത്.

 

3700ല്‍ ഏറെ റിയാക്ഷനുകളും ആയിരത്തിലേറെ കമന്‍റുകളുമാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. മറ്റൊരു കുടുംബചിത്രവും മുകുന്ദനുണ്ണി പങ്കുവച്ചിട്ടുണ്ട്. പെങ്ങളുടെ കല്യാണത്തിന് അമ്മയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണിത്. സമാനരീതിയിലുള്ളതാണ് ഇതിന്‍റെയും ക്യാപ്ഷന്‍. "കുഞ്ഞുപെങ്ങളുടെ കല്യാണം. ഓർമ്മകൾ. വലതുവശത്തുനിൽക്കുന്നത് എന്‍റെയമ്മ. ഇന്നവശേഷിക്കുന്നതും അമ്മ മാത്രം", എന്നാണ് അത്.

 

2021 ഒക്റ്റോബറില്‍ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചതു തന്നെ വേറിട്ട രീതിയിലായിരുന്നു. വിനീത് ശ്രീനിവാസന്‍ വീട്ടുതടങ്കലില്‍ എന്ന് തലക്കെട്ടുള്ള ഒരു പത്രറിപ്പോര്‍ട്ടിന്‍റെ മാതൃകയിലായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകനൊപ്പം വിമൽ ​ഗോപാലകൃഷ്‍ണനും ചേര്‍ന്നാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൽ, സുരാജ് വെഞ്ഞാറുംമൂട്, ആർഷ ചാന്ദിനി ബൈജു, സുധികോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. നവംബർ 11ന് ചിത്രം തിയറ്ററുകളിൽ എത്തും.

click me!