
ആയിരത്തിലധികം സിനിമകൾ, അവയിലെ പതിനായിരത്തോളം പാട്ടുകൾ. ഒരു ഇളയരാജ ഗാനം കേള്‍ക്കാതെ ഒരു തമിഴ് ഗ്രാമവും ഉണരുന്നില്ല, അതില്ലാതെ തമിഴകത്തിന്‍റെ ഒരു ദിനവും അവസാനിക്കുന്നില്ല. സിനിമയില്‍ നിന്ന് അവര്‍ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയതാണ് ആ ഇമ്പം. നാല് ദേശീയ അവാര്‍ഡുകളും പദ്മ പുരസ്കാരങ്ങളും എണ്ണമറ്റ മറ്റ് അംഗീകരങ്ങളുമൊക്കെ നേടിയ അദ്ദേഹത്തെ ഇസൈജ്ഞാനി എന്ന് അവര്‍ വിളിക്കുന്നതിന്‍റെ കാരണം തന്‍റെ ഈണങ്ങളിലൂടെ അവരെ അഭൌമമായ ഒന്നിലേക്ക് എടുത്തുയര്‍ത്തിയതിനാലാണ്. ഓരോ കേള്‍വിയിലും ആ അനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനാലാണ്. ആര്‍ ജ്ഞാനദേശികന്‍ എന്ന ഇളയരാജയ്ക്ക് 80-ാം പിറന്നാള്‍ മധുരമാണ് ഇന്ന്.
തേനിയിലെ ഗ്രാമത്തിൽ ജനിച്ച ജ്ഞാനദേശികന്‍ നാട്ടുകാർക്ക് രാസയ്യ ആയിരുന്നു. ചെറുപ്പം മുതൽ പാട്ടിനെ സ്നേഹിച്ച രാസയ്യയെ സംഗീതഗുരു ധനരാജ് മാസ്റ്റർ രാജയെന്ന് വിളിച്ചു. സഹോദരൻ വരദരാജന്റെ സംഗീതട്രൂപ്പിൽ വർഷങ്ങളോളം തുടർന്ന രാജ പിന്നീട് ഇളയരാജയായി. നിർമ്മാതാവ് പഞ്ചു അരുണാചലമാണ് ആദ്യമായി സിനിമയില്‍ അവതരിപ്പിച്ചത്. അന്നക്കിളി എന്ന ചിത്രത്തിലൂടെ 33-ാം വയസ്സിൽ വെള്ളിത്തിരയിൽ കാൽവെക്കുമ്പോള്‍ പുതിയൊരു ചരിത്രം കൂടി പിറക്കുകയായിരുന്നു. എം എസ് വിശ്വനാഥന്‍ അടങ്ങുന്ന മുൻഗാമികളിൽ നിന്നും വ്യത്യസ്തനായി സ്വന്തം നാടിന്റെ ഗന്ധവും താളവും പാട്ടിലേക്ക് പകർത്തി പുതിയ സംഗീതസംസ്കാരത്തിന് തുടക്കമിട്ടു ഇളയരാജ. നാടൻ സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി കോർത്തിണക്കിയ രാജ സ്റ്റൈൽ തമിഴകത്തിന് പുറത്തേക്കും ഭാഷാതീതമായി സഞ്ചരിച്ചു. മലയാളക്കരയിലും അത് ഹിറ്റ് മഴ പെയ്യിച്ചു.
സംഗീത രംഗത്തെ സൂപ്പര്‍സ്റ്റാര്‍ ആണ് ഇളയരാജ. ഒരു സമയത്ത് വർഷം 40 സിനിമകൾ വരെ അദ്ദേഹത്തിന്‍റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങി. ടൈറ്റിലിൽ ഇളയരാജ എന്ന് പേര് തെളിയുമ്പോള്‍ സൂപ്പർ സ്റ്റാറുകൾക്ക് കിട്ടിയ അതേ കയ്യടിയാണ് ഇന്നും മുഴങ്ങിക്കേൾക്കുന്നത്.
പാട്ടുകള്‍ മാത്രമല്ല, പശ്ചാത്തല സംഗീതത്തിലും ഇളയരാജയ്ക്ക് എതിരാളികളുണ്ടായില്ല. സംഗീതം ജീവിതം തന്നെയാണ് അദ്ദേഹത്തിന്. സിനിമാസംഗീതത്തിന് പുറത്ത് അദ്ദേഹം നടത്തിയ ചില ശ്രമങ്ങളും സംഗീതപ്രേമികളുടെ വലിയ പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്. 13 ദിവസം കൊണ്ട് ഒരുക്കി ലണ്ടനില്‍ അവതരിപ്പിച്ച സിംഫണിയാണ് അതിലൊന്ന്. ലോക റെക്കോർഡ് ആയിരുന്നു അത്. ദളപതിയിലെ പാട്ടിന് ബിബിസി നൽകിയ അംഗീകാരവും ആഗോളവേദിയിൽ ഇളയരാജയെ ഇന്ത്യൻ സംഗീതത്തിന്റെ മുഖമാക്കി.
തലമുറകള്‍ കടന്നുപോകുമ്പോഴും ആസ്വാദകരെ രസിപ്പിക്കാന്‍ സാധിക്കുന്നൊരു മാജിക്ക് ഇളയരാജ സംഗീതത്തിനുണ്ട്. ജീവിതസായാഹ്നത്തിലും വിശ്രമമില്ലാതെ സംഗീതയാത്രകൾക്കൊപ്പം രാജ്യസഭാ എം പി എന്ന പുതിയ റോളിലും പ്രവര്‍ത്തിക്കുകയാണ് അദ്ദേഹമിപ്പോള്‍. സ്വന്തം ഈണങ്ങളില്‍ ഒരുകാലത്തും വിട്ടുവീഴ്ച കാട്ടാത്ത ആളാണ് അദ്ദേഹം. രാഷ്ട്രീയ, സാമൂഹ്യ കാഴ്ചപ്പാടുകളിലും ആ കാർക്കശ്യം തുടർന്നപ്പോൾ വിവാദങ്ങളും കൂടപിറപ്പായി. പക്ഷേ അന്നും ഇന്നും ആ വിമർശനങ്ങൾക്ക് കാതുകൊടുക്കാതെ, സ്വന്തം സഞ്ചാരവഴിയിലൂടെ സ്വച്ഛന്ദം ഒഴുകുകയാണ് അദ്ദേഹം ഒരു ഇളയരാജ ഈണം പോലെ തന്നെ. ആകാശവും സമുദ്രവും പോലെ വിശാലമാണ് സംഗീതം. ഞാൻ അവിടെ ചെറിയൊരു ഉറുമ്പ് മാത്രം. സംഗീതത്തിലെ മറ്റ് പല മഹാരഥന്മാരെയുംപോലെ ഇളയരാജയും കലയ്ക്ക് മുന്നില്‍ വിനയാന്വിതനാണ്. അദ്ദേഹം ചെയ്യാനിരിക്കുന്ന ഈണങ്ങള്‍ക്കായി കാതോര്‍ത്തിരിപ്പാണ് സംഗീതലോകം.
WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ