പ്രവാസിയുടെ ഓണം ഓര്‍മ്മകള്‍, പൂമണമുള്ള പാട്ടും ദൃശ്യങ്ങളുമായി ഒരു മനോഹര സംഗീത വീഡിയോ

By Web TeamFirst Published Sep 5, 2022, 8:32 PM IST
Highlights

പ്രവാസിയായ ഒരാളുടെ ഉള്ളിലെ ദീപ്തമായ ഓണ സ്മൃതികളാണ് ഈ ആല്‍ബത്തിലാകെ

മണലാരണ്യത്തിലൂടെയുള്ള തന്റെ യാത്രയില്‍ നറുമണംപരത്തുന്ന ചിങ്ങത്തിലെ കുളിര്‍കാറ്റിന്റെ ഓര്‍മ്മ വന്ന് തഴുകുമ്പോള്‍, ഏതൊരു പ്രവാസിക്കും ജന്‍മദേശത്തേക്കുള്ള പ്രയാണത്തെക്കുറിച്ചുള്ള വെമ്പലായിരിക്കും. നാടിന്റെ ഓര്‍മ്മകള്‍. ചിങ്ങത്തിലെ പ്രഭാതം. പൂമണമുള്ള കാറ്റ്. നാടാകെ പൂവിട്ടുതുടങ്ങുന്ന നേരം. പൂക്കളുടെ ഉല്‍സവത്തിനായി നാടാകെ ഉണരുന്ന കാലം. വീട്, വീട്ടുകാര്‍, കൂട്ടുകാര്‍, അയല്‍ക്കാര്‍, ഓണത്തിനു മാത്രം തരാനാവുന്ന ഓര്‍മ്മകള്‍. 

 

 

അത്തരം ഓര്‍മ്മകളെ തിരികെ വിളിക്കുകയാണ്  കണ്ണൂര്‍ പള്ളിക്കുന്നിലെ പ്രവാസിയായ മുക്കാട്ടില്‍ ശ്രീക്കുട്ടന്‍ ഒരുക്കിയ 'ഓണനാളില്‍' എന്ന സംഗീത വീഡിയോ. പ്രവാസിയായ ഒരാളുടെ ഉള്ളിലെ ദീപ്തമായ ഓണ സ്മൃതികളാണ് ഈ ആല്‍ബത്തിലാകെ. നാട്ടിലേക്കുള്ള യാത്ര. വീട്ടിലും നാട്ടിലുമായുള്ള ഓണം കറക്കം. ഓണക്കാഴ്ചകള്‍. വീട്ടിലേക്കുള്ള ഒരു ഫോണ്‍കോളില്‍ തുടങ്ങുന്നു ദൃശ്യങ്ങള്‍. പിന്നീടത് നാട്ടിലേക്കുള്ള വരവിന്റെ ദൃശ്യങ്ങളായി മാറുന്നു. ചുറ്റും ഓണപ്പൊലിമ വന്നു നിറയുന്നു. ഓണത്തിന്റെ സന്തോഷങ്ങളിലൂടെയുള്ള നടത്തങ്ങള്‍ വന്നുപൊതിയുന്നു. വരികളായും ദൃശ്യങ്ങളായും ഓണപ്പൊലിമ തൊടുന്നു.

പ്രവാസത്തിന്റെ മരുഭൂമിയിലെ പൊള്ളുന്ന നേരങ്ങളില്‍ തപിച്ചു നടക്കുമ്പോള്‍ നാടിന്റെ ഓര്‍മ്മകള്‍ വന്നു തൊടുന്ന ഒരാളെയാണ് ഈ ഗാനം ദൃശ്യവല്‍കരിക്കുന്നത്.  തിരുവാതിരക്കളിയുടെയും, ഓണപ്പാട്ടുകളുടെയും അലകള്‍. ഉത്രാടപാച്ചിലിന്റെ കഥകള്‍. പൂ പറിക്കാന്‍ പോവുന്ന ബാല്യകാല സ്മൃതികള്‍. പച്ചപ്പിന്റെ നാട്ടുവഴികള്‍. തളിരണിഞ്ഞ, മൊട്ടക്കുന്നുകള്‍. പൂക്കളും പൊലിമയും നിറഞ്ഞ ഓണപാട്ടുകളോടൊപ്പം ഓണസദ്യ ഉണ്ണുവാനുള്ള വെമ്പലോടെ,  മാവേലിതമ്പുരാനെ വരവേല്‍ക്കാനുള്ള ആഗ്രഹത്തോടെയുള്ള വരവുപോക്കുകള്‍. പ്രവാസികള്‍ക്കു മാത്രം മനസ്സിലാവുന്ന ഗൃഹാതുരതയുടെ വരികളും ദൃശ്യങ്ങളും. 

രൂപേഷ് മുക്കാട്ടിലും ദില്‍ന രാജുമാണ് ഈ ഗാനം ആലപിച്ചത്. സംഗീതവും വരികളും ദില്‍ന രാജ്. ഓര്‍ക്കസ്ട്രഷന്‍: രഘുരാജ് ചാലോട്. മിക്‌സിംഗ്: ബിനേഷ് കരുണ്‍ കണ്ണൂര്‍. ക്യാമറയും എഡിറ്റിംഗും സംവിധാനവും ബിജിന്‍ ബെഞ്ചമിന്‍. മേക്കപ്പ്: വിന്‍ഷ രൂപേഷ്്. 
 

click me!