
സുബീഷ് സുധിയെ നായകനാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്ത് 2024 മാര്‍ച്ചില്‍ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഒരു സര്‍ക്കാര്‍ ഉത്പന്നം. ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്നായിരുന്നു ചിത്രത്തിന്‍റെ ആദ്യത്തെ പേര്. ചിത്രത്തിലെ ഭാരതം ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുകയായിരുന്നു. റിവ്യൂവേഴ്സ് മികച്ച അഭിപ്രായം പറഞ്ഞ ചിത്രത്തിന് പക്ഷേ തിയറ്ററുകളില്‍ രക്ഷപെടാനായില്ല. സുബീഷ് സുധിയും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ സാമ്പത്തിക പരാജയം തന്നെ തകര്‍ത്തിരിക്കുകയാണെന്ന് പറയുകയാണ് സുബീഷ് സുധി. വീട് ജപ്തിയിലാണെന്നും കടക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഫോണില്‍ വിളിക്കുന്നതെന്നും രണ്ട് തവണ ആത്മഹത്യയ്ക്ക് പോലും താന്‍ ശ്രമിച്ചെന്നും സുബീഷ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സുബീഷിന്‍റെ വെളിപ്പെടുത്തല്‍.
വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഒരു ജൂനിയർ ആർടിസ്റ്റ് ആയി വന്ന ഞാൻ 80 ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പടത്തിൽ നായകനായി. ഞാനും എന്റെ സുഹൃത്തുകളും ചേർന്നാണ് നിർമ്മിച്ചത്. 2024 മാർച്ച് 8 പ്രേമലുവും മഞ്ഞുമ്മൽ ബോയിസും തിയേറ്റർ നിറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു. പിന്നെ നോമ്പ് മാസവും എക്സാമും ആയിരുന്നു. പ്രതികൂല കാലാവസ്ഥയിലും പടം കണ്ടവർ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാ റിവ്യൂവേഴ്സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ 5 ൽ 4 സ്റ്റാർ തന്നു. എന്റെ ഭാഗ്യകേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.
സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രശ്നങ്ങൾ ആയിരുന്നു. ഒരു ഭാരത സർക്കാർ ഉത്പന്നം സിനിമയുടെ പേരിൽ നിന്ന് ഭാരതം സെൻസർ ബോർഡ് കട്ട് ചെയ്തു. റിലീസിന് 2 ദിവസം മുന്നേ തിരക്കഥകൃത്ത് നിസാംക്ക മരണപെട്ടു. പിന്നെ ഈ സിനിമ വിൽക്കാൻ ബോംബയിൽ പോയി അവിടെ കുറെ ഏജന്റ്മാർ പൈസ വാങ്ങി പറ്റിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല. ഞാൻ നേരായ വഴിയിൽ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വിട്ടാൻ ഒരുപാടു ശ്രമിച്ചു. അതും നടക്കാതെ പോയി ഞാൻ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. എന്റെ വീട് ജപ്തിയിൽ ആണ്. സിനിമയ്ക്കു വേണ്ടി ഫണ്ട് തന്നവർ എനിക്കെതിരെ കേസ് കൊടുത്തു. അത് വാറന്‍റ് ആയി. എന്നെ എപ്പോൾ വേണമെങ്കിലും ജയിലിൽ ഇടുന്ന അവസ്ഥയിൽ ആണ്. ഇപ്പോൾ എന്റെ ഫോണിലേക്ക് പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്റെ ഫോൺ പോലും എടുക്കാതായി. ഒരു ദിവസം 40 ഓളം കാളുകൾ ആണ് വരുന്നത്, കടക്കാരുടേത്.
പിടിച്ചു നില്‍ക്കാനാവാതെ 2 തവണ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചു. എന്നെ ദൈവത്തിനു പോലും വേണ്ട. സൂയിസൈഡ് അറ്റെംപിറ്റിന് മുന്നേ ഞാൻ രണ്ടു മൂന്ന് സുഹൃത്തുക്കൾക്ക് മെസ്സേജ് അയച്ചിരുന്നു. അവരിൽ ആരോ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ അറിയിക്കുകയും എന്നെ അവിടെ നിന്ന് വിളിപ്പിക്കുകയും ചെയ്തു. അശ്വതി മാഡം എന്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല, ജീവിതത്തിൽ ധൈര്യമായി മുന്നോട്ടുപോകൂ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. ഈ നല്ല സിനിമ തിയറ്ററിൽ എത്തിക്കാൻ ശ്രമിച്ച സതീഷേട്ടനും വർക്കിച്ചനും സാമ്പത്തിക ബാധ്യതയിൽ ആണ്. എന്റെ പടത്തിന്റെ പ്രൊഡ്യൂസർമാറും സമാന അവസ്ഥയിൽ ആണ്. ഒരു അടിപോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്. എന്തു ചെയ്യണമെന്നറിയില്ല, ആരെങ്കിലും സഹായിക്കുമോ എന്നറിയില്ല, പക്ഷേ പ്രതീക്ഷയുണ്ട്. അതിജീവനത്തിന്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ