'രാക്ഷസരാജാവി'ന്‍റെ ആദ്യ പേര് 'രാക്ഷസരാമന്‍' എന്നായിരുന്നു; 'ഈശോ' എന്ന പേര് നാദിര്‍ഷ മാറ്റുമെന്ന് വിനയന്‍

Published : Aug 05, 2021, 02:48 PM ISTUpdated : Aug 05, 2021, 02:54 PM IST
'രാക്ഷസരാജാവി'ന്‍റെ ആദ്യ പേര് 'രാക്ഷസരാമന്‍' എന്നായിരുന്നു; 'ഈശോ' എന്ന പേര് നാദിര്‍ഷ മാറ്റുമെന്ന് വിനയന്‍

Synopsis

"പുറമെ രാക്ഷസനെപ്പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോൾ ശ്രീരാമനേപ്പോലെ നൻമയുള്ളവനായ രാമനാഥൻ എന്നു പേരുള്ള ഒരു നായകന്‍റെ കഥയായതു കൊണ്ടാണ് രാക്ഷസരാമൻ എന്ന പേര് ഞാൻ ഇട്ടത്"

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഈശോ'. ചിത്രത്തിന്‍റെ പേര് വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പേരിന് ദൈവപുത്രനായ ജീസസുമായി യാതൊരു ബന്ധവുമില്ലെന്നും കേവലം ഒരു കഥാപാത്രത്തിന്‍റെ പേര് മാത്രമാണെന്നും നാദിര്‍ഷ പ്രതികരിച്ചിരുന്നു. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ പേര് മാറ്റാനില്ലെന്നും എന്നാല്‍ 'നോട്ട് ഫ്രം ദി ബൈബിള്‍' എന്ന ടാഗ് ലൈന്‍ പേരിനൊപ്പം ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ ഈശോ എന്ന പേര് മാറ്റാന്‍ നാദിര്‍ഷ തയ്യാറാണെന്ന് അറിയിക്കുകയാണ് സംവിധായകന്‍ വിനയന്‍. ചിത്രത്തിന്‍റെ പുതിയ മോഷന്‍ പോസ്റ്റര്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ തനിക്കും ഇതേക്കുറിച്ച് നിരവധി മെസേജുകള്‍ ലഭിച്ചിരുന്നുവെന്നും അക്കാര്യം നാദിര്‍ഷയോട് പറയാനായി വിളിച്ചപ്പോഴാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞതെന്നും സോഷ്യല്‍ മീഡിയയിലൂടെ വിനയന്‍ പറയുന്നു.

വിനയന്‍ പറയുന്നു

വിവാദങ്ങൾ ഒഴിവാക്കുക, നാദിർഷാ 'ഈശോ' എന്ന പേര് മാറ്റാൻ തയ്യാറാണ്. 'ഈശോ' എന്ന പേര് പുതിയ സിനിമയ്ക്ക് ഇട്ടപ്പോൾ അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ നാദിർഷയ്ക് ആ പേര് മാറ്റാൻ കഴിയില്ലേ? ഇന്നു രാവിലെ ശ്രീ നാദിർഷയോട് ഫോൺ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു. ആ ചിത്രത്തിന്‍റെ പോസ്റ്റർ ഇന്നലെ ഷെയർ ചെയ്തതിനു ശേഷം എനിക്കു വന്ന മെസേജുകളുടെയും ഫോൺ കോളുകളുടെയും ഉള്ളടക്കം നാദിർഷയുമായി ഞാൻ പങ്കുവച്ചു. 2001ൽ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാൻ പറയുകയുണ്ടായി. അന്ന് ശ്രീ മമ്മൂട്ടി നായകനായി അഭിനയിച്ച 'രാക്ഷസരാജാവ്' എന്ന ചിത്രത്തിന്‍റെ പേര് 'രാക്ഷസരാമൻ' എന്നാണ് ആദ്യം ഇട്ടിരുന്നത്. പുറമെ രാക്ഷസനെപ്പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോൾ ശ്രീരാമനേപ്പോലെ നൻമയുള്ളവനായ രാമനാഥൻ എന്നു പേരുള്ള ഒരു നായകന്‍റെ കഥയായതു കൊണ്ടാണ് രാക്ഷസരാമൻ എന്ന പേര് ഞാൻ ഇട്ടത്. പക്ഷേ പ്രത്യക്ഷത്തിൽ രാക്ഷസരാമൻ എന്നു കേൾക്കുമ്പോൾ ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാൻ ഞങ്ങൾ തയ്യാറായത്. 

 

സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവന്‍റെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കൈയ്യടി നേടേണ്ട  കാര്യം സിനിമക്കാർക്കുണ്ടന്നു ഞാൻ കരുതുന്നില്ല. അല്ലാതെ തന്നെ ധാരാളം വിഷയങ്ങൾ അധസ്ഥിതന്‍റെയും പാർശ്വവൽക്കരിക്കപ്പെട്ടവന്റേതുമായി വേണമെങ്കിൽ പറയാൻ ഉണ്ടല്ലോ? ഇതിലൊന്നും സ്പർശിക്കാതെ തന്നെയും സിനിമാക്കഥകൾ ഇന്‍ററസ്റ്റിംഗ് ആക്കാം. ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കിൽ അതു മാറ്റിക്കൂടേ നാദിർഷാ എന്ന എന്‍റെ ചോദ്യത്തിന് 'സാറിന്‍റെ ഈ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു, പേരു മാറ്റാം' എന്നു പറഞ്ഞ പ്രിയ സഹോദരൻ നാദിർഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പുതിയ പേരിനായി നമുക്കു കാത്തിരിക്കാം. പ്രശ്നങ്ങൾ എല്ലാം ഇവിടെ തീരട്ടെ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പറഞ്ഞറിയിക്കാനാകാത്ത നഷ്ടം'; തൊണ്ടയിടറി പാർവതി തിരുവോത്ത്
മമ്മൂട്ടി - ഖാലിദ് റഹ്മാൻ - ഷെരീഫ് മുഹമ്മദ് ടീം ഒന്നിക്കുന്നു; ക്യൂബ്സ് എന്റർടൈൻമെന്റിന്റെ പുതിയ സിനിമയുടെ അനൗൺസ്മെന്റ് ആഘോഷമാക്കി പ്രേക്ഷകലോകം