Khushboo Sundar Reacts To Vijay And Trisha's Affair Rumours. ഭാര്യയുടെ വിവാഹമോചന ഹർജിക്ക് പിന്നാലെ വിജയും തൃഷയും ഒരുമിച്ചെത്തിയതിനെക്കുറിച്ചുള്ള വിവാദങ്ങൾ അനാവശ്യമാണെന്ന് നടി ഖുശ്ബു. 

ഭാര്യ സംഗീതയുടെ വിവാഹമോചന ഹർജിയ്ക്ക് പിന്നാലെ തെന്നിന്ത്യൻ സൂപ്പർതാരവും ടിവികെ നേതാവുമായ വിജയ് തൃഷയോടൊപ്പം പൊതുചടങ്ങിൽ ഒരുമിച്ചെത്തിയത് വലിയ വിവാദമായിരുന്നു. സംഗീത വിവാഹമോചന ഹർജിയിൽ ആരോപിച്ച പ്രമുഖ നടി തൃഷ തന്നെയാണെന്ന് തരത്തിലുള്ള ചർച്ചകളും ഇതിനുപിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം നടന്നിരുന്നു. ഇപ്പോഴിതാ വിജയ്‍യും തൃഷയും ചടങ്ങിൽ ഒരുമിച്ചെത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയാണ് നടിയും ബിജെപി നേതാവുമായ ഖുശ്‌ബു.

ഇത്തരം വിവാദങ്ങൾ അനാവശ്യമായ ഒന്നാണെന്നും, അതെല്ലാം വിജയ്‍യുടെയും തൃഷയുടെയും വ്യക്തിപരമായ ജീവിതമാണെന്നും, അത് ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ മാത്രം നമുക്ക് അതേപ്പറ്റി ചർച്ച ചെയ്യാമെന്നും ഖുശ്‌ബു പറയുന്നു. ഇത്തരത്തിലുള്ള വിവാദങ്ങൾ വിജയ്‌യുടെ ജനപ്രീതിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും നമ്മളെപ്പോലെ വിജയ്‍യും ഒരു സാധാരണക്കാരനാണെന്നും ഖുശ്‌ബു കൂട്ടിച്ചേർത്തു.

"ഈ സംഭവത്തിൽ ആളുകൾക്ക് എന്തെങ്കിലും ചെയ്യാനുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതവരുടെ വ്യക്തിപരമായ ജീവിതമാണ്. അവരുടെ വ്യക്തിപരമായ ജീവിതം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ, നമുക്ക് അതേപ്പറ്റി ചർച്ച ചെയ്യാം. അവരുടെ വ്യക്തിപരമായ ജീവിതത്തിന് ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. എന്തിനാണ് ആളുകൾ ഇതിനെ ഒരു വലിയ വിഷയമാക്കുന്നത്? അവർക്ക് അവരുടെ സ്വന്തം ജീവിതം കാണും. ആളുകളെ ഒരു തരത്തിലും ഇതൊന്നും ബാധിക്കുന്നില്ല." ഖുശ്‌ബു പറയുന്നു.

'ജനപ്രീതിയെ ബാധിക്കുമെന്ന് വിശ്വസിക്കുന്നില്ല'

"ഇത്തരം വിവാദങ്ങൾ വിജയ്‌യുടെ ജനപ്രീതിയെ ബാധിക്കുമെന്ന് ഞാനൊരിക്കലും വിശ്വസിക്കുന്നില്ല. ഈ വിഷയം ആരുടെയും വ്യക്തിപരമായ ജീവിതത്തെ ബാധിക്കുമെന്നും ഞാൻ കരുതുന്നില്ല. അദ്ദേഹം ഒരു മനുഷ്യനാണ്. അദ്ദേഹം ഒരു നേതാവാണോ അല്ലയോ എന്നത് പ്രശ്നമല്ല. നമ്മെപ്പോലെ ഒരു സാധാരണക്കാരനാണ്. ജനങ്ങളുടെ വ്യക്തിപരമായ ജീവിതവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുപറയുകയാണെങ്കിൽ എപ്പോൾ എവിടെ വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്കറിയാം." ഖുശ്‌ബു കൂട്ടിച്ചേർത്തു. വാർത്ത ഏജൻസി ഐഎഎൻസിനോട് പ്രതികരിക്കുകയായിരുന്നു ഖുശ്‌ബു.