
ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ചിത്രം 2025-ല്‍ കോളിവുഡ് ഏറ്റവും പ്രതീക്ഷിക്കപ്പെടുന്ന റിലീസുകളിൽ ഒന്നാണ്. ഈ ആക്ഷൻ ത്രില്ലറിൽ ബോളിവുഡ് താരം ആമിർ ഖാനും തെലുങ്ക് താരം നാഗാർജുനയും പ്രധാന വേഷങ്ങളിൽ എത്തുന്നു.
അടുത്തിടെ 'മിഡ്-ഡേ'യ്ക്ക് നൽകിയ അഭിമുഖത്തിൽ നാഗാർജുന, തന്റെയും ആമിർ ഖാന്റെയും കഥാപാത്രങ്ങളെക്കുറിച്ച് ചില സൂചന നടത്തിയിരിക്കുകയാണ്, ഇത് ആരാധകർക്കിടയിൽ കൂലിയുടെ ഹൈപ്പ് ഒന്നുകൂടി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
'കൂലി'യിൽ ആമിർ ഖാൻ 'ദാഹാ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൺ പിക്ചേഴ്സ് ജൂലൈ 3-ന് പുറത്തിറക്കിയ ഒരു മോണോക്രോം ഫസ്റ്റ്ലുക്കില്‍ വെസ്റ്റും ജീൻസും ധരിച്ച് പൈപ്പ് വലിക്കുന്ന ഒരു ഗംഭീര ലുക്കിലാണ് ആമിർ പ്രത്യക്ഷപ്പെട്ടത്. ഈ ലുക്ക് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.
ആമിർ ഖാനുമായി കൂലിയില്‍ തനിക്ക് ഒരു രംഗവും ഇല്ലെന്നാണ് നാഗാര്‍ജുന പറയുന്നത്. "ഞങ്ങൾക്ക് ഒരുമിച്ച് രംഗങ്ങൾ ഇല്ല. ഞങ്ങളുടെ കഥാപാത്രങ്ങൾ ചിത്രത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിലാണ് എത്തുന്നത്. പക്ഷേ, ആമിറിന്‍റെ പ്രകടനം ഞാൻ പിന്നീട് കണ്ടു. അത് അതിഗംഭീരമാണ്. ഒരു പുതിയ ആമിർ ഖാനെ നിങ്ങൾ കാണും, അത് നിന്നെ ഞെട്ടിക്കും" അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം ആമിർ ഖാന്റെ വേഷം 15 മിനിറ്റ് ദൈർഘ്യമുള്ള റോളാണെന്നും, ക്ലൈമാക്സിലാണ് എത്തുക എന്നും വിവരമുണ്ട്. രാജസ്ഥാനിലാണ് ഈ രംഗം ചിത്രീകരിച്ചതെന്നും ഈ രംഗം ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കുമെന്നാണ് വിവരം.
375 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന 'കൂലി', ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നാണ്. രജനീകാന്ത്, ആമിർ ഖാൻ, നാഗാർജുന എന്നിവർക്കൊപ്പം ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ്, റെബ മോണിക്ക ജോൺ, ജൂനിയർ എംജിആർ, മോനിഷ ബ്ലെസ്സി, കാളി വെങ്കട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. പൂജ ഹെഗ്‌ഡെ ഒരു പ്രത്യേക ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നു.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ചിത്രം, സ്വർണക്കടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ആക്ഷൻ ത്രില്ലറാണ്. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമല്ലാത്ത ഒരു സ്റ്റാൻഡ്-എലോൺ ചിത്രമാണ് 'കൂലി'.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ