'ഇങ്ക്വിലാബുമായി ശബരിമലയ്ക്ക്'; ലാല്‍ജോസിന്റെ 'നാല്‍പത്തിയൊന്ന്' ഫസ്റ്റ് ലുക്ക്

By Web TeamFirst Published Oct 12, 2019, 11:12 PM IST
Highlights

ലാല്‍ജോസിന്റെ കരിയറിലെ 25-ാം ചിത്രം. കമ്യൂണിസ്റ്റ് അനുഭാവികളായ രണ്ടുപേരുടെ ശബരിമല തീര്‍ഥാടനമാണ് ചിത്രത്തിന്റെ കഥാപരിസരം.
 

ബിജു മേനോനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നാല്‍പത്തിയൊന്നി'ന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ബിജു മേനോന്‍ അവതരിപ്പിക്കുന്ന ഇടതുപക്ഷാനുഭാവിയായ കഥാപാത്രം ഇരുമുടിക്കെട്ടേന്തി ശബരിമലയ്ക്ക് പോകുന്നതിന്റെ ചിത്രമാണ് പോസ്റ്ററില്‍. വലതുതോളില്‍ ഇരുമുടിക്കെട്ട് ഏന്തിയിരിക്കുന്ന നായകന്‍ മുദ്രാവാക്യത്തിനായി ഇടതുമുഷ്ടി ചുരുട്ടി പിടിച്ചിട്ടുമുണ്ട്.

ലാല്‍ജോസിന്റെ കരിയറിലെ 25-ാം ചിത്രമാണ് 'നാല്‍പത്തിയൊന്ന്'. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയ സാമൂഹ്യ-രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമെന്നാണ് അണിയറക്കാര്‍ സിനിമയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കമ്യൂണിസ്റ്റ് അനുഭാവികളായ രണ്ടുപേരുടെ ശബരിമല തീര്‍ഥാടനമാണ് ചിത്രത്തിന്റെ കഥാപരിസരം. 

പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം എസ് കുമാര്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഗീതം ബിജിബാല്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഘുരാമ വര്‍മ്മ. ജി പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വിതരണം എല്‍ജെ ഫിലിംസ്. നവംബറില്‍ തീയേറ്ററുകളിലെത്തും. 

click me!