'മാസ് ആണ്, എന്നാല്‍ ഹൃദയത്തെ സ്‍പര്‍ശിക്കും': 'ദസറ'യെക്കുറിച്ച് നാനി

By Web TeamFirst Published Mar 29, 2023, 5:39 PM IST
Highlights

കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നാനിയുടെ നായിക

പ്രേക്ഷകരുടെ ഹൃദയത്തെ സ്‍പര്‍ശിക്കുന്ന ആദ്യ മാസ് ചിത്രമാണ് ദസറയെന്ന് തെലുങ്ക് താരം നാനി. തന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നായ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ഒരു നടനെന്ന നിലയിൽ എന്റെ എല്ലാ സിനിമകളിലും ഞാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കാരണം ഞാൻ ഒരിക്കലും പ്രേക്ഷകരെ നിസ്സാരരായി കാണുന്നില്ല. ഏത് പ്രോജക്റ്റ് ഏറ്റെടുക്കുമ്പോഴും ഞാന്‍ അവരുടെ സ്ഥാനത്തേക്ക് എന്നെത്തന്നെ നിര്‍ത്താറുണ്ട്, നാനി പറയുന്നു

"ഞാൻ എന്തെങ്കിലും സത്യസന്ധതയോടെ ചെയ്യുകയും എന്റെ നൂറ് ശതമാനം നൽകുകയും ചെയ്താൽ ഫലം പോസിറ്റീവ് ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," നാനി പറയുന്നു. ദസറയെ ഹൃദയസ്പർശിയായ ഒരു മാസ് സിനിമ എന്ന് വിളിച്ചതിന്റെ കാരണവും അദ്ദേഹം പങ്കുവച്ചു- “നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്ന ആദ്യത്തെ മാസ് ചിത്രം ആയിരിക്കും ഇത്. നമ്മൾ ഇതിനെ ഹൃദയസ്പർശിയായ മാസ് ഫിലിം എന്ന് വിളിക്കണം. വളരെ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഒരു കോമ്പിനേഷൻ. നിങ്ങൾ ഒരു മാസ് സീൻ കാണുകയും വിസിൽ അടിക്കുകയും ചെയ്യുമ്പോഴെല്ലാം അതേ സ്ഥലത്ത് നിങ്ങളുടെ കണ്ണുകളിലും ഒരു തിളക്കമുണ്ട്. ഈ കോമ്പിനേഷനെ നമ്മൾ പൊതുവെ മിസ് ചെയ്യുന്നു, അതുകൊണ്ടാണ് ഇതിനെ മാസ് ഫിലിം എന്ന് വിളിക്കുന്നത്, നാനി പറയുന്നു.

കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നാനിയുടെ നായിക. വളരെ മികച്ച കഥാപാത്രമായിരിക്കും കീർത്തിയുടേതും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാളത്തിൽ നിന്നും ഷൈൻ ടോം ചാക്കോയും വളരെ പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നുണ്ട്. നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമാണ് ദസറ. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. ഇതിനോടകം തന്നെ പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾക്കും ആദ്യ ഗാനത്തിനും ടീസറിനുമെല്ലാം മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്.

പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്. സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ വേറിട്ട ഗെറ്റപ്പ് മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം കൂടിയാണിത്. സമുദ്രക്കനി, സായ് കുമാർ, സെറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. ചിത്രം മാർച്ച് 30 ന് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. കേരളത്തിൽ ഇ ഫോർ എന്റർടെയ്ന്മെന്റ്സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

ALSO READ : കെജിഎഫിന് ശേഷം പുതിയ ചിത്രം; യാഷ് 19 ന്‍റെ പ്രഖ്യാപനം ഉടന്‍: വന്‍ സര്‍പ്രൈസ് നടക്കുമോ?

click me!