'നൻപകല്‍ നേരത്ത് മയക്കം' തമിഴകത്തേക്കെത്തിക്കുന്നത് ഡ്രീം വാരിയര്‍ പിക്ചേഴ്‍സ്, അത്ഭുതപ്പെടുത്താൻ മമ്മൂട്ടി

By Web TeamFirst Published Jan 24, 2023, 10:37 AM IST
Highlights

തമിഴകത്തും അത്ഭുതപ്പെടുത്താൻ മമ്മൂട്ടി എത്തുന്നു.

'നൻപകല്‍ നേരത്ത് മയക്കം' എന്ന സിനിമയിലൂടെ നിറഞ്ഞാടുകയാണ് മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ ഗംഭീരമായ ഒരു ചിത്രമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ട ചിത്രത്തിന് തിയറ്ററുകളിലും വരവേല്‍പ് ലഭിക്കുന്നതില്‍ മമ്മൂട്ടി നന്ദി അറിയിച്ച് രംഗത്ത് എത്തിയിരുന്നു. 'നൻപകല്‍ നേരത്ത് മയക്കം' എന്ന സിനിമ തമിഴിലേക്കും റിലീസ് ചെയ്യുന്നതിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

'നൻപകല്‍ നേരത്ത് മയക്കം' എന്ന സിനിമ തമിഴില്‍ ജനുവരി 26ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തമിഴകത്തെ പ്രമുഖ നിര്‍മാണ കമ്പനിയായ ഡ്രീം വാരിയര്‍ പിക്ചേഴ്‍സ് അയല്‍ സംസ്ഥാനത്തേയ്‍ക്ക് മമ്മൂട്ടി ചിത്രത്തെ എത്തിക്കുന്നത്.  തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. തമിഴ് ഭാഷയും ഗ്രാമങ്ങളും ഇടകലരുന്ന ചിത്രമായതിനാല്‍ അവിടെയും വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമായ 'നൻപകല്‍ നേരത്ത് മയക്കം' കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ദുല്‍ഖറിന്റെ  വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്‍തത്. മമ്മൂട്ടിക്ക് പുറമേ അശോകൻ, രമ്യാ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതൻ ജയലാല്‍, അശ്വത് അശോക്‍കുമാര്‍, സഞ്‍ജന ദിപു തുടങ്ങിയവരും വേഷമിട്ട ചിത്രം ആഘോഷപൂര്‍വമായിരുന്നു സ്വീകരിക്കപ്പെട്ടിരുന്നത്. എസ് ഹരീഷിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.

ലിജോ ജോസിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രം മോഹൻലാല്‍ നായകനായി ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്. 'ചെമ്പോത്ത് സൈമണ്‍' എന്ന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുക എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം.  'മലൈക്കോട്ടൈ വാലിബൻ' എന്നാണ് മോഹൻലാല്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

Read More: അമ്പരപ്പിക്കുന്ന വിജയം, ചിരഞ്‍ജീവി തിയറ്ററുകളില്‍ സ്വന്തമാക്കിയത് വമ്പൻ നേട്ടം

click me!