
മലയാളത്തില്‍ ഈ വര്‍ഷത്തെ റിലീസുകളില്‍ ഉള്ളടക്കവും അവതരണവും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു നാരായണീന്‍റെ മൂന്നാണ്മക്കള്‍. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരെ ടൈറ്റില്‍ റോളുകളില്‍ അവതരിപ്പിച്ച് ശരണ്‍ വേണുഗോപാൽ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ഫെബ്രുവരി 7 നാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച അഭിപ്രായം സ്വന്തമാക്കിയെങ്കിലും ചിത്രം ഒരു തിയറ്റര്‍ വിജയമായില്ല. പിന്നീട് പ്രൈം വീഡിയോയിലൂടെ ഒടിടി റിലീസ് ആയി എത്തിയപ്പോള്‍ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുകയും കൂടുതല്‍ ചര്‍ച്ച സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോഴിതാ യുട്യൂബ് റിലീസിലും കാര്യമായി കാണികളെ നേടിയിട്ടുണ്ട് ചിത്രം.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 5 നാണ് ചിത്രം യുട്യൂബില്‍ എത്തിയത്. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സ് ആണ് ഗുഡ്‍വില്‍ സിനിമാസ് എന്ന തങ്ങളുടെ ചാനലിലൂടെ ചിത്രം റിലീസ് ചെയ്തത്. ഒടിടിയില്‍ മുന്‍പ് എത്തിയിട്ടുള്ള ചിത്രമായിട്ടും മൂന്ന് ആഴ്ച കൊണ്ട് 10 ലക്ഷത്തിലധികം കാഴ്ചകളാണ് ചിത്രം നേടിയിട്ടുള്ളത്. മികച്ച കമന്‍റുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്. തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരു നാട്ടിൻപുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഢി നിറഞ്ഞതുമായ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ അന്യ ദേശത്തേക്ക് മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ഇളയമകനായി ചിത്രത്തിൽ എത്തുന്നത്. നിർമ്മാണം ജോബി ജോര്‍ജ്ജ് തടത്തിൽ, എക്സി. പ്രൊഡ്യൂസേഴ്സ് ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഛായാഗ്രഹണം അപ്പു പ്രഭാകർ, സംഗീതം രാഹുൽ രാജ്, ഗാനരചന റഫീഖ് അഹമ്മദ്, കെ എസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ് ജ്യോതിസ്വരൂപ് പാന്താ.