
'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ആദ്യചിത്രത്തിലെ കഥാപാത്രത്തിലൂടെ മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് ഇടയാക്കിയ നടനാണ് നസ്ലെൻ കെ. ഗഫൂർ. പിന്നീട് ഹോം, കേശു ഈ വീടിൻ്റെ നാഥൻ, സൂപ്പർ ശരണ്യ, ജോ ആൻഡ് ജോ, നെയ്മര്‍ തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയത്തിലൂടെ നസ്ലെന്‍ കൂടുതല്‍ കൂടുതല്‍ പ്രിയങ്കരന്‍ ആകുക ആയിരുന്നു. താരത്തിന്‍റെ തന്മയത്വത്തോടെയുള്ള അഭിനയം തന്നെ ആയിരുന്നു അതിന് കാരണം. ഒടുവില്‍ മെയിന്‍ നടനായി പ്രേമലു എന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട നസ്ലെന്‍, മലയാള സിനിമയിലെ പുതിയ താരോദയമായി മാറുക ആയിരുന്നു. ബോക്സ് ഓഫീസില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവരുടെ സിനിമകള്‍ക്ക് ഒപ്പം മത്സരിച്ചു. അവര്‍ മെനഞ്ഞെടുത്ത റെക്കോര്‍ഡുകള്‍ തകര്‍ത്തു.
എന്നാല്‍ കോടി ക്ലബ്ബില്‍ ഇടംനേടിയത് മാത്രമായിരുന്നില്ല നസ്ലെന്‍ എന്ന യുവ താരത്തിന്‍റെ നേട്ടം. മോഹന്‍ലാലിന് ശേഷം സോളോയായി 100കോടി ക്ലബ്ബില്‍ കയറുന്ന നടന്‍ എന്ന ഖ്യാതിയും നസ്ലെന് തന്നെ സ്വന്തം. നിലവില്‍ ആഗോള കളക്ഷനില്‍ മുന്നിലുള്ള 2018 മര്‍ട്ടിസ്റ്റാര്‍ ചിത്രമാണ്. രണ്ടാമതുള്ള മഞ്ഞുമ്മല്‍ ബോയ്സും മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ്.
2024 ഫെബ്രുവരി 9നാണ് ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു തിയറ്ററുകളില്‍ എത്തിയത്. വലിയ ഹൈപ്പൊന്നും ഇല്ലാതെ എത്തിയ ഈ കൊച്ചുചിത്രം ആദ്യ ദിനം മുതല്‍ കെട്ടിപ്പടുത്തത് സര്‍പ്രൈസ് ഹിറ്റെന്ന നേട്ടം ആയിരുന്നു. ബോക്സ് ഓഫീസില്‍ ആദ്യദിനം 90 ലക്ഷം നേടിയ പ്രേമലു പിന്നിടുള്ള ദിവസങ്ങളില്‍ കോടികള്‍ നേടി. ഒടുവില്‍ 50 കോടി തൊട്ട ചിത്രം ആഗോളതലത്തില്‍ 100കോടിയും സ്വന്തമാക്കി. കേരളത്തില്‍ മാത്രം 52 കോടിയോളം രൂപ പ്രേമലു നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. നിലവില്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം തെലുങ്കിലും ഭേദപ്പെട്ട കളക്ഷന്‍ നേടുകയാണ്. രാജമൗലി അടക്കമുള്ള പ്രമുഖര്‍ സിനിമയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..