
കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‍കൂള്‍ പതിവുപോലെ തുറന്നിരുന്നില്ല. ഇന്നിതാ വീണ്ടും സ്‍കൂള്‍ കാലമെത്തിയിരിക്കുകയാണ്. പ്രവേശനോത്സവ ദിവസമായ ഇന്നത്തെ ഫോട്ടോ പങ്കുവെച്ച് എല്ലാവരും ആഘോഷകമാക്കുകയാണ്. മകൻ സായിയെ സ്‍കൂളില്‍ എത്തിച്ച ഫോട്ടോയാണ് നവ്യാ നായര്‍ പങ്കുവെച്ചിരിക്കുന്നത് (Navya Nair).
കലൂര്‍ ഗ്രീറ്റ്‍സ് പബ്ലിക് സ്‍കൂളിലെ വിദ്യാര്‍ഥിയാണ് സായി. സായിയുടെ പ്രിയപ്പെട്ട അധ്യാപികയായ ബെലിന്ദയ്‍ക്കൊപ്പമുള്ള ഫോട്ടോയും നവ്യാ നായര്‍ പങ്കുവെച്ചിട്ടുണ്ട്. എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും നവ്യാ നായര്‍ ആശംസിച്ചു. നവ്യാ നായരുടെ മകൻ സായ്‍യിക്കും ഒട്ടേറെ പേരാണ് ആശംസകള്‍ നേരുന്നത്.
'ഒരുത്തീ' എന്ന സിനിമയാണ് നവ്യാ നായരുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വി കെ പ്രകാശ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. രാധാമണി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നവ്യാ നായര്‍ അഭിനയിച്ചത്. ഒരിടവേളയ്‍ക്ക് ശേഷം നവ്യാ നായര്‍ വൻ തിരിച്ചുവരാവായിരുന്നു 'ഒരുത്തീ'യിലൂടെ നടത്തിയത്.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു നവ്യാ നായര്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നത്. ഒരുത്തീക്ക് മുമ്പ് നവ്യാ നായര്‍ ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലായിരുന്നു. 2012ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്‍തത്. 'ദൃശ്യ'ത്തിന്റെ കന്നഡ പതിപ്പില്‍ ഒന്നും രണ്ടും ഭാഗങ്ങളില്‍ നവ്യാ നായര്‍ അഭിനയിച്ചിരുന്നു.
നീതിക്കായി 'ഒരുത്തീ', തിരിച്ചുവരവിലും വിസ്‍മയിപ്പിച്ച് നവ്യാ നായര്‍- റിവ്യു
നവ്യാ നായരുടെ മടങ്ങിവരവായിരുന്നു 'ഒരുത്തീ' ചിത്രം പ്രഖ്യാപിക്കപ്പെട്ടപ്പോഴത്തെ പ്രധാന ആകര്‍ഷണം. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ മലയാളി പ്രേക്ഷകര്‍ എങ്ങനെയായിരിക്കും തന്നെ സ്വീകരിക്കുക എന്നറിയാനായിരിക്കും നവ്യാ നായര്‍ കാത്തിരുന്നിണ്ടാകുക. നവ്യ നായര്‍ തിരിച്ചുവരവില്‍ എങ്ങനെയെന്ന് അറിയാൻ പ്രേക്ഷകരും 'ഒരുത്തീ'ക്കായി കാത്തിരുന്നു. കൊവിഡ് അടക്കമുള്ള പ്രതിബന്ധങ്ങളെ അതീജിവിച്ച് ഒടുവില്‍ 'ഒരുത്തീ' എത്തിയപ്പോള്‍ പ്രതീക്ഷകള്‍ ഒന്നും പാഴായില്ല എന്നതു തന്നെയാണ് തിയറ്റര്‍ അനുഭവം.
ഇരുത്തംവന്ന പ്രകടനമാണ് ചിത്രത്തില്‍ നവ്യാ നായരുടേത്. കൊച്ചിക്കാരിയായ കഥാപാത്രമായുള്ള വേറിട്ട പ്രകടനത്താല്‍ നവ്യാ നായര്‍ തന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയിരിക്കുന്നു. കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാൻസ്‍പോര്‍ട്ടിന്റെ ബോട്ടില്‍ ടിക്കറ്റ് കളക്ടര്‍ ആയി ജോലി നോക്കുന്ന 'രാധാമണി'യാണ് നവ്യാ നായരുടെ കഥാപാത്രം. ഇടത്തരം കുടുംബം എന്ന് പറയാവുന്ന പശ്ചാത്തലമുള്ള 'രാധാമണി' നവ്യാ നായരുടെ രൂപം സ്വീകരിച്ചപ്പോള്‍ കേരളത്തിലെ മറ്റനേകം സ്‍ത്രീകള്‍ക്ക് നിഷ്‍പ്രയാസം സ്വകീയാനുഭവമായി തോന്നുന്ന തരത്തിലുള്ളതാണ്. വളരെ റിയലിസ്റ്റിക്കായ ഒരു പ്രകടനമാണ് ചിത്രത്തില്‍ നവ്യാ നായരുടേത്. തിരിച്ചുവരവില്‍ സ്വീകരിച്ച കഥാപാത്രത്തിന്റെ പ്രത്യേകത കൊണ്ടുതന്നെ 10 വര്‍ഷം മാറിനിന്ന നടി നവ്യാ നായരാണ് 'രാധാമണി' എന്ന ബോധം ചിത്രം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകമനസില്‍ രൂപപ്പെടുന്നതേയില്ല. അത്രത്തോളം 'രാധാമണി'യെന്ന കഥാപാത്രമായി ഉള്‍ച്ചേരുകയും ചെയ്‍തിരിക്കുന്നു നവ്യാ നായര്‍ 'ഒരുത്തീ'യില്‍.
'രാധാമണി'യെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിത്തന്നെയാണ് സംവിധായകൻ 'ഒരുത്തീ'യെ അവതരിപ്പിക്കുന്നത്. ഗ്രാഫിക്സ് ആര്‍ടിസ്റ്റ് ആയിരുന്നെങ്കിലും ജോലി നഷ്‍ടപ്പെട്ട് ഗള്‍ഫില്‍ പെയിന്റിംഗ് ജോലികള്‍ക്ക് അടക്കം പോകുന്ന 'ശ്രീകുമാറാ'ണ് രാധാമണിയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന്റെ അമ്മയ്‍ക്കും തന്റെ രണ്ട് മക്കള്‍ക്കുമൊപ്പമാണ് രാധാമണിയുടെ ജീവിതം. ഇടത്തരം കുടുംബങ്ങളുടെ ജീവിക്കാനുള്ള തത്രപാച്ചിലുകള്‍ ആണ് 'രാധാമണി'യിലൂടെ സംവിധായകൻ ആദ്യ രംഗങ്ങളില്‍ പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ മകള്‍ ആശുപത്രിയിലാകുകയും തുടര്‍ന്ന് ചികിത്സാച്ചിലവുകള്‍ക്കായി പണം കണ്ടെത്താൻ 'രാധാമണി' ശ്രമിക്കുന്നു. താനും ഭര്‍ത്താവും ചതിക്കപ്പെട്ടുവെന്ന യാഥാര്‍ഥ്യം രാധാമണി ആ ഘട്ടത്തിലാണ് മനസ്സിലാക്കുന്നത്. തുടര്‍ന്ന് നടക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നയിക്കുകയും അതില്‍നിന്നൊക്കെ എങ്ങനെയാണ് 'രാധാമണി'ക്ക് കരകയറാനാകുക എന്നതുമാണ് സിനിമ ആകാംക്ഷപൂര്‍വം കാണാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.
'രാധാമണി'യുടെ ജീവിതത്തിന് സമാന്തരമായി 'എസ് ഐ ആന്റണി'യുടെ സംഘര്‍ഷഭരിതമായ പൊലീസ് ഉദ്യോഗസ്ഥ ജീവിതവും സംവിധായകൻ ചേര്‍ത്തുവെച്ചിരിക്കുന്നു. പരുക്കനെങ്കിലും നീതിക്കായിട്ടാണ് താൻ നിലകൊള്ളേണ്ടത് എന്ന ഉത്തമബോധ്യമുള്ള കഥാപാത്രമാണ് 'എസ് ഐ ആന്റണി'. വര്‍ത്തമാന രാഷ്‍ട്രീയ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന പൊലീസുകാരുടെ പ്രതീകമാണ് 'എസ് ഐ ആന്റണി'. വളരെ റിയലിസ്റ്റിക്കായിട്ടു തന്നെ 'ആന്റണി'യായി സിനിമയിലുളളത് വിനായകനാണ്. 'എസ് ഐ ആന്റണി'യുടെ സംഘര്‍ഷഭരിതമായ ജീവിതം വിനായകനില്‍ ഭദ്രമാണ്. സമീപകാലത്ത് കണ്ടുവന്ന റിസോര്‍ട്ട് രാഷ്‍ട്രീയത്തിന്റെ വ്യക്തമായ ഓര്‍മപ്പെടുത്തലുകളും 'ഒരുത്തീ'യിലുണ്ട്.
കേവലമൊരു സാരോപദേശ സിനിമ ആയി ഒതുങ്ങുന്നതല്ല 'ഒരുത്തീ'. സമര്‍ഥമായ ആഖ്യാനമാണ് സിനിമയെ വിരസമാകാതെ കലാപരമായി പ്രേക്ഷകനോട് ആശയം സംവദിക്കാൻ പ്രാപ്‍തമാക്കുന്നത്. നിസഹായവസ്ഥയില്‍ നിന്ന് ഒരാള്‍ തീയായി പടരുന്നതിലേക്കുള്ള മാറ്റം വെറുതെയങ്ങനെ പറഞ്ഞുവയ്‍ക്കുകയല്ല 'ഒരുത്തീ'യില്‍ സംവിധായകൻ വി കെ പ്രകാശ് ചെയ്‍തിരിക്കുന്നത്. അനുഭവിപ്പിക്കുകയാണ്. കാമ്പുള്ള തിരക്കഥയാണ് ചിത്രത്തിന്റെ വിശ്വാസ്യതയ്‍ക്ക ഉള്‍ക്കരുത്താകുന്നത്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സുരേഷ് ബാബുവാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീത സംവിധാനവും സിനിമയുടെ മൊത്തം കഥാഗതിയോട് ചേര്‍ന്നുപോകുന്നു. ലിജോ പോളിന്റെ കട്ടുകള്‍ സമയത്തിന്റെ പരിമിതികളില്‍ നിന്ന് കഥ പറയാൻ സംവിധായകന് വലിയ സഹായകമായിരിക്കുന്നു. ജിംഷി ഖാലിദിന്റെ ഛായാഗ്രാഹണവും ചിത്രത്തിന്റെ ആഖ്യാനത്തോട് നീതിപുലര്‍ത്തുന്നതാണ്. കെപിഎസി ലളിത, സന്തോഷ് കീഴാറ്റൂര്‍, സൈജു കുറുപ്പ്, മുകുന്ദൻ മേനോൻ, അരുണ്‍ നാരായണൻ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനവും ചിത്രത്തിന്റെ സ്വഭാവത്തോട് ചേര്‍ന്നുനില്‍ക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ