
ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ നടൻ വിനായകൻ(Vinayakan) നടത്തിയ മീ ടു പരാമർശം ഏറെ വിവദങ്ങൾക്ക് വഴിവച്ചിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി രഗത്തെത്തിയത്. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും വിനായകന്റെ പരാമർശത്തിൽ നിശബ്ദത പാലിച്ചതിനെതിരെയും വിമർശനങ്ങൾ ഉയരുന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നവ്യ.
വിനായകൻ പറഞ്ഞതു തെറ്റായിപ്പോയെന്ന് നവ്യ നായർ പറയുന്നു. വിനായകന്റെ പരാമർശത്തിൽ തനിക്ക് ബുദ്ധിമുട്ട് തോന്നിയെന്നും എന്നാൽ ആ സമയത്ത് പ്രതികരിക്കാൻ സാധിച്ചില്ലെന്നും നവ്യ പറഞ്ഞു. അവിടെ ഒരു പുരുഷൻ പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നതന്നും അന്ന് ഉണ്ടായ മുഴുവൻ സംഭവത്തിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും നടി വ്യക്തമാക്കി.
ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ ആയിരുന്നു വിനായകന്റെ സ്ത്രീ വിരുദ്ധ പരാമർശം. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ', എന്നായിരുന്നു വിനായകൻ പറഞ്ഞത്. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നടൻ വിനായകൻ കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തിയിരുന്നു.
"നമസ്കാരം, ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏🏿]വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു" എന്നായിരുന്നു വിനായകൻ കുറിച്ചത്. ക്ഷമാപണം നടത്തിയതിൽ പ്രതികരണവുമായി ഡോ. എസ്. ശാരദക്കുട്ടിയും രംഗത്തെത്തിയിരുന്നു.
Read Also: വിനായകന്‍റെ പരാമര്‍ശങ്ങളോട് അപ്പോള്‍ എന്ത് കൊണ്ട് പ്രതികരിച്ചില്ല; വ്യക്തമാക്കി നവ്യ നായര്‍
മികച്ച ഒരഭിനേതാവ് നല്ല ഒരു കഥാപാത്രത്തെ മനോഹരമായി , ഗംഭീരമായി അവതരിപ്പിച്ചതിന്റെ സന്തോഷം പങ്കു വെച്ച് അദ്ദേഹത്തെ അഭിനന്ദിച്ചതിന്റെ പിറ്റേന്ന് തന്നെ ചില പരസ്യ നിലപാടുകളുടെ പേരിൽ ശക്തമായി എതിർക്കേണ്ടി വന്നപ്പോൾ വിഷമം തോന്നി. വിനായകനെ കുറിച്ചാണ്. തെറ്റുപറ്റിയതായി തിരിച്ചറിയുമ്പോൾ, ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാൻ കഴിയുമ്പോൾ മനുഷ്യർ കൂടുതൽ വലുതാവുകയാണ്. വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നതും അദ്ദേഹം കൂടുതൽ തിളങ്ങുന്നതും കാണുവാൻ തന്നെയാണാഗ്രഹിക്കുന്നതെന്നായിരുന്നു ശാരദക്കുട്ടി കുറിച്ചത്.
വിനായകന്‍റെ പ്രസ്താവന സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിവാദത്തിനാണ് തുടക്കമിട്ടത്.സിനിമ സാമൂഹ്യ രാഷ്ട്രീയ മേഖലകളിലുള്ളവർ നടനെതിരെ രംഗത്തെത്തി. വിഷയത്തിൽ ഇത് വരെ പ്രതികരിക്കാത്ത ഡബ്യൂസിസി നിലപാടിനെ ചോദ്യം ചെയ്താണ് നടൻ ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.സ്ത്രീകളെ പറ്റിയുള്ള വിനായകന്‍റെ കാഴ്ചപ്പാട് വികലമായി എന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും വിമർശിച്ചു. വനിത കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമാണ് ശക്തമാവുകയാണ്.