
കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് ലോകസിനിമ വീണ്ടും ഡോൾബി തിയറ്റിൽ ഒന്നിക്കുകയാണ്(Oscars 2022). ഒരു ഇടവേളക്ക് ശേഷം 94-ാമത് ഓസ്കർ അവാർഡ് ദാനചടങ്ങ് ഡോൾബി തിയേറ്ററിൽ നടക്കുക പഴയ മോടിയോടെ. ഒരേസമയം വിവിധ വേദികളിലായി നടന്ന 93-ാമത് പതിപ്പിൽ നിന്ന് 94ലേക്ക് എത്തുമ്പോൾ പുതുമകളേറെ.
പരിപാടിയുടെ ദൈർഘ്യവും വിരസതയും ഒഴിവാക്കാനും റേറ്റിംഗ് തിരിച്ചുപിടിക്കാനും അവാർഡ് വിതരണം വെട്ടിച്ചുരുക്കിയതാണ് പ്രധാന പരിഷ്കാരം. 23ൽ 8 പുരസ്കാരങ്ങൾ ലൈവ് തുടങ്ങും മുൻപ് കൈമാറി റെക്കോർഡ് ചെയ്ത് കാണിക്കും. എഡിറ്റിംഗ്, സൗണ്ട്,ഒറിജിനൽ സ്കോർ, മേക്കപ്പ്, പ്രൊഡക്ഷൻഡിസൈൻ, ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം, ആനിമേഷൻ ഷോർട്ട് ഫിലിം, ഷോർട്ട് ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളിലെ പുരസ്കാരങ്ങളാണ് ചടങ്ങിന് മുൻപ് വിതരണം ചെയ്യുന്നത്. അക്കാദമിയുടെ തീരുമാനത്തെ സ്പിൽബർഗ് അടക്കമുള്ള പ്രമുഖർ ചോദ്യം ചെയ്തുകഴിഞ്ഞു. നീക്കം വിവേചനവും വിവേകശൂന്യവും നീതികേടും ആണെന്നാണ് പരക്കെയുള്ള വിമർശനം.
കൊവിഡ് പ്രോട്ടോക്കോൾ മുറുകെ പിടിച്ചായിരുന്നു കഴിഞ്ഞ അവാർഡ്ദാന ചടങ്ങ്. ഇക്കുറിയും നിയന്ത്രണങ്ങളുണ്ട്.
അതിഥികൾക്കെല്ലാം വാക്സിനേഷൻ സർട്ടിഫിക്കറ്റും ആർടിപിസിആർ പരിശോധനയും നിർബന്ധമായും വേണം. പക്ഷേ മാസ്ക് വേണ്ട.
ഇത്തവണം അവാർഡ് മാനദണ്ഡങ്ങളിലെ ചില മാറ്റങ്ങളും ശ്രദ്ധേയമാണ്. തീയറ്ററുകളിൽ വരാതെ നേരിട്ട് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത സിനിമകളെയും ഇത്തവണ പുരസ്കാരത്തിന് പരിഗണിച്ചിട്ടുണ്ട്. മൂന്ന് വർഷം അവതാരകരില്ലാതെ ചടങ്ങ് നടത്തിയ സംഘാടകർ ഇക്കുറി മൂന്ന് സ്ത്രീകളെ ആ ദൗത്യം ഏൽപ്പിച്ചു. ഹാസ്യം നന്നായി വഴങ്ങുന്ന വാൻഡ സൈക്സും, എമി ഷൂമറും, റെജിന ഹാളും സദസ്സിനെ നന്നായി രസിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
മത്സരചിത്രത്തിലേക്ക്...
ആകെ 23 വിഭാഗങ്ങളിലാണ് അവാർഡുകൾ. ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയത് ഒരു വനിത ഒരുക്കിയ ചിത്രം. ജെയ്ൻ കാംപ്യൺ സംവിധാനം ചെയ്ത ദ പവർ ഓഫ് ദ ഡോഗ്. മനുഷ്യവികാരങ്ങളെ തീവ്രമായി ആവിഷ്കരിക്കുന്ന സിനിമ നേടിയത് 12 നാമനിർദ്ദേശങ്ങളാണ്. തൊട്ടുപിന്നിൽ 10 നോമിനേഷനുകളുമായി സയൻസ് ഫിക്ഷൻ ചിത്രം ഡ്യൂണും ഉണ്ട്. ദ പവർ ഓഫ് ദ ഡോഗും ഡ്യൂണും അടക്കം മികച്ച സിനിമയ്ക്കുള്ള ഓസ്കറിനായി മത്സരിക്കുന്നത് 10 ചിത്രങ്ങളാണ്.
ബെൽഫാസ്റ്റ്, കോഡ, ഡോണ്ട് ലുക്ക് അപ്പ്, ഡ്രൈവ് മൈ കാർ, കിംഗ്റി ച്ചാർഡ്, ലിക്കറിസ് പിസ , നൈറ്റ്മെയർ എലൈ വെസ്റ്റ് സൈഡ്സ്റ്റോറി. ശക്തമായ മത്സരം ദ പവർ ഓഫ് ദ ഡോഗും കോഡയും തമ്മിൽ. ബധിര കുടുംബത്തിന്റെ ഹൃദയ സ്പർശിയായ കഥ പറയുന്ന കോഡ പ്രേക്ഷകർക്ക് മുന്നിലെത്തിയത് ആപ്പിളിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ. നടീനടൻമാരുടെ വിഭാഗത്തിൽ പ്രതിഭകളുടെ പോരാട്ടം ആണ് ഇക്കുറി എന്ന് പറയാം.
വീനസ്, സെറീന സഹോദരിമാരെ ടെന്നീസ്കോർട്ടിലെ രാജ്ഞിമാരാക്കിയ അച്ഛൻ റിച്ചാർഡ് വില്യംസായുള്ള
പ്രകടനം വിൽ സ്മിത്തിനെ മികച്ച നടനാക്കുമെന്ന് ഭൂരിഭാഗം പ്രവചനങ്ങളും. ഡെൻസൽ വാഷിങ്ടൺ ,ബെനഡിക്ട് കംബർബാച്ച്, ആൻഡ്രൂ ഗാർഫീൽഡ്, ഹാവിയർ ബാർദം എന്നിവരും പട്ടികയിൽ. ദ ഐസ് ഓഫ് ടമി ഫെയിലെ
അഭിനയം കൊണ്ട് ജെസിക്ക ചാസ്റ്റെയ്ൻ നടിമാരിൽ മുന്നിട്ട് നിൽക്കുന്നു. വെല്ലുവിളി ഉയർത്തി ഒളീവിയ കോൾമാൻ, പെനിലോപ്പെ ക്രൂസ്, നിക്കോൾ കിഡ്മാൻ, ക്രിസ്റ്റൺ സ്റ്റിവാർട്ട് എന്നിവർ ഒപ്പമുണ്ട്.
സംവിധായകരുടെ പോരാട്ടവും കടുപ്പമാണ്. തുടർച്ചയായി രണ്ടാം വർഷവും ഒരു വനിതയുടെ കയ്യിലേക്ക് ഓസ്കർ
എത്തുമോ എന്നതാണ് ആകാംക്ഷ. ചൈനീസ് സംവിധായിക ക്ലോയി ഷാവോ ആയിരുന്നു പോയ വർഷത്തെ വിജയി.
ഇക്കുറി എല്ലാ സാധ്യതകളും വിരൽ ചൂണ്ടുന്നത് ദ പവർ ഓഫ് ദ ഡോഗ് സംവിധായിക ജെയ്ൻ കാംപിയണിലേക്ക്. സ്റ്റീവൻ സ്പിൽ ബർഗ് അടക്കമുള്ളവരുമായാണ് ന്യൂസിലന്റ് സംവിധായികയുടെ ഏറ്റുമുട്ടൽ.
നാല് നോമിനേഷനുകൾ നേടിയ ജാപ്പനീസ് ചിത്രം ഡ്രൈവ് മൈ കാർ ഓസ്കർ വേദിയിൽ ഏഷ്യൻ കരുത്ത് കാട്ടുമോ എന്നതും ആകാംക്ഷ ഉയർത്തുന്നു. ഈ ഓസ്കറിലെ ഇന്ത്യൻ പ്രതീക്ഷകളും എടുത്തുപറയേണ്ടതാണ്. ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ ഇടം നേടിയ റൈറ്റിംഗ് വിത്ത്ഫയറിന്റെ അണിയറയിലുള്ളത് ദില്ലി മലയാളിയായ റിന്റു തോമസും ഭർത്താവ് സുസ്മിത് ഘോഷും. ദളിത് വനിതകൾ നടത്തുന്ന ഖബർ ലഹാരിയ എന്ന ഹിന്ദി പത്രത്തെ കുറിച്ചാണ് ഈ ഡോക്യുമെന്ററി. ഇതിനകം നിരവധി അന്താരാഷ്ട്ര ബഹുമതികൾ നേടിയിട്ടുള്ള റൈറ്റിംഗ് വിത്ത് ഫയർ വഴി ഒരിക്കൽ കൂടി ഓസ്കർ ഇന്ത്യയിലേക്ക് എത്തുമോ എന്നതാണ് ആകാംക്ഷയുണർത്തുന്നത്. കാത്തിരിക്കാം.. ഓസ്കർ തിരശ്ശീല ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം.