
തിരുപ്പതി ദര്‍ശനത്തിനിടെ ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വിഘ്‌നേഷും(Vignesh Shivan) നയന്‍താരയും(Nayanthara). ഇരുവർക്കും ക്ഷേത്ര അധികൃതർ ലീഗൽ നോട്ടീസ് അയക്കാൻ തീരുമാനിച്ചതിന് പിന്നാലൊണ് ഖേദ പ്രകടനവുമായി താരങ്ങൾ രംഗത്തെത്തിയത്.
ക്ഷേത്ര അധികൃതര്‍ക്ക് അയച്ച കത്തിലൂടെയാണ് ഇരുവരും ക്ഷമാപണം നടത്തിയത്. തങ്ങള്‍ സ്‌നേഹിക്കുന്ന ദൈവത്തോട് അനാദരവ് കാണിക്കാന്‍ ഉദ്യേശിച്ചിരുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നതായും കത്തില്‍ പറയുന്നു. ധൃതിയില്‍ ചിത്രം പകര്‍ത്താനായി ക്ഷേത്രത്തിലേക്ക് കയറുന്നതിനിടെ ചെരുപ്പ് ശ്രദ്ധിച്ചില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് മുമ്പുള്ള മുപ്പത് ദിവസത്തിനുള്ളില്‍ അഞ്ച് പ്രാവശ്യം ദര്‍ശനം നടത്തിയിരുന്നതായും കത്തില്‍ വ്യക്തമാക്കുന്നു.
ക്ഷേത്ര പരിസരത്ത് ചെരുപ്പിട്ട് കയറി; നയൻസ്-വിഘ്‍നേശ് തിരുപ്പതി യാത്ര വിവാദത്തിൽ
പത്താം തിയതി ആയിരുന്നു വിഘ്‍നേഷ് ശിവനും നയൻതാരയും തിരുപ്പതിയിൽ ദർശനം നടത്തിയത്. ഇതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോയിൽ ക്ഷേത്ര മതിൽക്കെട്ടിനകത്ത് നയൻതാര ചെരുപ്പ് ധരിച്ച് നടക്കുന്നത് കാണാമായിരുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. ക്ഷേത്ര പരിസരത്ത് ചെരിപ്പിട്ട് നടക്കാൻ പാടില്ലെന്ന് തിരുപ്പതി ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ നരസിംഹ കിഷോർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. നടി ചെരിപ്പിട്ട് നടക്കുന്നത് കണ്ടയുടനെ സുരക്ഷാ ജീവനക്കാർ അത് വിലക്കിയിരുന്നുവെന്നും ക്ഷേത്രത്തിനകത്ത് അവർ ചിത്രങ്ങളെടുത്തെന്നും അതും വിലക്കിയെന്നും കിഷോർ പറയുന്നു.
മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വിവാഹം. വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.