പകർപ്പവകാശ തർക്കം; നയൻതാരയുടെ ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു

By Web TeamFirst Published Jun 12, 2019, 9:08 AM IST
Highlights

ചിത്രത്തിന്റെ പേരിനെച്ചൊല്ലിയുള്ള പകർപ്പാവകാശ തർക്കത്തെ തുടർന്നാണ് കോടതി നടപടി. അന്തരിച്ച തമിഴ് എഴുത്തുകാരൻ സുജാത രം​ഗരാജന്റെ നോവലിന്റെ പേരാണ് കൊലൈയുതിർ കാലം.

ചെന്നൈ: നയൻതാര പ്രധാനവേഷത്തിലെത്തുന്ന തമിഴ് ത്രില്ലർ ചിത്രം 'കൊലൈയുതിർ കാലം' റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി താൽകാലികമായി തടഞ്ഞു. ചിത്രത്തിന്റെ പേരിനെച്ചൊല്ലിയുള്ള പകർപ്പാവകാശ തർക്കത്തെ തുടർന്നാണ് കോടതി നടപടി. അന്തരിച്ച തമിഴ് എഴുത്തുകാരൻ സുജാത രം​ഗരാജന്റെ നോവലിന്റെ പേരാണ് കൊലൈയുതിർ കാലം. നോവലിന്റെ ഇതിവൃത്തം ആസ്പദമാക്കിയാണ് ചിത്രവും ഒരുക്കിയിട്ടുള്ളത്.  

കൊലൈയുതിർ കാലത്തിന്റെ പകർപ്പവകാശം വാങ്ങിയ തന്റെ അനുമതി കൂടാതെ പേര് ഉപയോ​ഗിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ ബാലജി കുമാർ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ജസ്റ്റിസ് കൃഷ്ണരാസ്വാമി റിലീസ് തടഞ്ഞത്. സുജാത രം​ഗരാജന്റെ ഭാര്യയിൽനിന്ന് 10 ലക്ഷം രൂപയ്ക്കാണ് താൻ പകർപ്പവാകശം വാങ്ങിയതെന്ന് ബാലജി കുമാർ പറയുന്നു.  

ചക്രി ടോലേടി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് കോടതി ഉത്തരവ്. 21-ന് വീണ്ടും കേസ് പരി​ഗണിക്കുമ്പോൾ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ നിർമ്മാതാക്കളോട് കോടതി നിർദ്ദേശിച്ചു. കമലഹാസൻ–മോഹൻലാൽ ചിത്രം ‘ഉന്നൈ പോൽ ഒരുവൻ’, അജിത്തിന്റെ ‘ബില്ല 2’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ചക്രി ടോലേട്ടി.

ഭൂമികാ ചൗള, രോഹിണി, പ്രതാപ് പോത്തൻ എന്നിവരും കൊലൈയുതിർ കാലത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അച്ചു രാജാമണിയാണ് സംഗീത സംവിധായകൻ. മാർച്ച് 23-ന് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു. 

 
 

click me!