
വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹം തെന്നിന്ത്യയുടെയാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹ ശേഷം വിഘ്‍നേശ് ശിവനും നയൻതാരയും തിരുപ്പതിയില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ്.
തിരുപ്പതിയില്‍ വിവാഹം കഴിക്കണമെന്നായിരുന്നു വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും ആഗ്രഹം. എന്നാല്‍ എല്ലാവര്‍ക്കും എത്തിച്ചേരാനുള്ള അസൗകര്യങ്ങളെ തുടര്‍ന്ന് വിവാഹം തിരുപ്പതിയില്‍ വേണ്ടെന്നു വയ്‍ക്കുകയായിരുന്നു. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം നടന്നത്. എന്തായാലും വിവാഹ കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഇരുവരും തിരുപ്പതിയില്‍ ദര്‍ശനത്തിന് എത്തിയിരിക്കുകയാണ്.
വിഘ്‍നേശ് ശിവൻ കഴിഞ്ഞ ദിവസം വിവാഹ ഫോട്ടോ പുറത്തുവിട്ടിരുന്നു. ദൈവത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്താല്‍ എന്ന് എഴുതിയാണ് വിവാഹം കഴിഞ്ഞ കാര്യം ഫോട്ടോ പുറത്തുവിട്ട് വിഘ്‍നേശ് ശിവൻ അറിയിച്ചത്. ഷാരൂഖ് ഖാൻ, രജനികാന്ത് തുടങ്ങിയ താരങ്ങള്‍ നയൻതാരയുടെ വിവാഹത്തിന് എത്തിയിരുന്നു. കനത്ത സുരക്ഷയിലായിരുന്നു വിവാഹ വേദിയും പരിസരവും.
വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. താരവിവാഹങ്ങളുടെ ഒടിടി അവകാശം വില്‍പ്പനയാവുന്ന ട്രെന്‍ഡ് ഇന്ത്യയില്‍ ബോളിവുഡില്‍ നിന്ന് ആരംഭിച്ചതാണ്. കത്രീന കൈഫ്- വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍- അലിയ ഭട്ട് വിവാഹങ്ങളൊക്കെ നേടിയ ഒടിടി സംപ്രേഷണാവകാശ തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
'നാനും റൗഡിതാൻ' എന്ന സിനിമയുടെ സെറ്റിൽ വച്ച് തുടങ്ങിയ പ്രണയം, ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നതോടെയാണ് ആരാധകരും ഏറ്റെടുത്തത്. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര 2021 സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത്.
Read More : വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹ ഫോട്ടോ പുറത്ത്