കമല്‍ഹാസനു വേണ്ടി വെച്ചിരുന്ന വേഷം, ഒടുവില്‍ ഭരതന്റെ നായകനായത് നെടുമുടി വേണു

By Web TeamFirst Published Oct 11, 2021, 4:06 PM IST
Highlights

ഭരതൻ സംവിധാനം ചെയ്‍ത ചിത്രത്തില്‍ ആദ്യമായി നെടുമുടി വേണു നായകനായ കഥ.

നാടകമായിരുന്നു ആദ്യ തട്ടകം. നാടകകാലത്ത് വരുമാനമാര്‍ഗവും മാധ്യമപ്രവര്‍ത്തനവും. നാടകങ്ങളിലുടെ പ്രതിഭ തെളിഞ്ഞു. കാവാലത്തിന്റെ നാടകത്തിലെ കൂട്ടുകെട്ട് തന്നെയാണ് നെടുമുടി വേണുവിനെ (Nedumudi Venu) വെള്ളിത്തിരയിലേക്ക് എത്തിക്കുന്നതും. തമ്പ് എന്ന ആദ്യ ചിത്രം അവനവൻ കടമ്പ എന്ന നാടകത്തിലും നെടുമുടി വേണുവിനെ നയിച്ച അരവിന്ദനായിരുന്നു. നെടുമുടി വേണുവിന്റെ രണ്ടാമത്തെ ചിത്രമായ ആരവത്തിലേക്ക് എത്തുന്നതും പക്ഷേ വളരെ അവിചാരിതമായിട്ടുമായിരുന്നു.

കലാകൗമുദിയിലെ മാധ്യമപ്രവര്‍ത്തന കാലത്തായിരുന്നു സംവിധായകൻ ഭരതനെ നെടുമുടി വേണു പരിചയപ്പെടുന്നത്. തന്റെ മാധ്യമപ്രവര്‍ത്തന ജോലി കഴിഞ്ഞ് നെടുമുടി വേണു  ഭരതന്റെ മുറിയില്‍ ചെന്ന് സംസാരിക്കുക പതിവായിരുന്നു. പ്രയാണം എന്ന ഒരു സിനിമ മാത്രമാണ് ഭരതൻ അന്ന് ചെയ്‍തിരിക്കുന്നത്. കാവാലത്തിന്റെ നാടകങ്ങളില്‍ അഭിനയിക്കുന്ന ആളാണ് നെടുമുടി വേണുവെന്നൊന്നും ഭരതന് അറിയില്ലായിരുന്നു. പത്മരാജനാണ് നെടുമുടി വേണു അഭിനയിക്കുന്ന ആളാണെന്ന് ഭരതനോട് പറയുന്നത്. ആരവം എന്ന ഒരു സിനിമ എടുക്കുന്ന കാര്യം ഭരതൻ ഒരിക്കല്‍ സംസാരിച്ചുകൊണ്ടിരിക്കേ നെടുമുടി വേണുവിനോട് പറഞ്ഞു. കമല്‍ഹാസനെ ആണ് ആരവമെന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി കണ്ടുവെച്ചിരുന്നത്. കുറേക്കാലം കഴിഞ്ഞ് ഭരതൻ ചോദിക്കുകയായിരുന്നു, ആ വേഷം വേണുവിന് ചെയ്യാമോയെന്ന്? തനിക്ക് അത് വലിയ ആവേശം ഒന്നും തോന്നിപ്പിച്ചില്ല എന്നാണ് നെടുമുടി വേണു പിന്നീട് പറഞ്ഞത്. എന്നാല്‍ മലയാള ചലച്ചിത്ര ലോകത്തിന്റെ ആരവങ്ങളിലേക്ക് എത്തിക്കുകയായിരുന്നു നെടുമുടി വേണു ഭരതനിലൂടെ.

പിന്നീടും നെടുമുടി വേണു തന്റെ മാധ്യമപ്രവര്‍ത്തന ജോലി തുടര്‍ന്നിരുന്നു. പതിനഞ്ചോളം സിനിമകള്‍ ചെയ്‍ത ശേഷമാണ് സിനിമയാണ് തന്റെ ഉപജീവനമാര്‍ഗമെന്ന് തിരിച്ചറിഞ്ഞത് എന്ന് നെടുമുടി വേണു അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നാടകത്തില്‍  നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയ നെടുമുടി വേണു അഭിനയത്തിന്റെ കൊടിമുടി കയറുന്ന കാഴ്‍ചയാണ് പിന്നീട് കണ്ടത്. തനത് ശൈലിയില്‍ മലയാള സിനിമയില്‍ തലയെടുപ്പോടെ നിന്നു നെടുമുടി വേണു.

ആരവത്തില്‍ കേന്ദ്ര കഥാപാത്രമാകാൻ ഭരതൻ കണ്ടുവെച്ച കമല്‍ഹാസൻ വരെ നെടുമുടി വേണുവിന്റെ അഭിനയപ്രതിഭ തലകുലുക്കി സമ്മതിച്ചു. കമല്‍ഹാസൻ നെടുമുടിയോട് പറഞ്ഞത് ഇങ്ങനെയാണ്, തമിഴിലോട്ട് വരൂ ഞാൻ താങ്കളുടെ പിഎ ആകാം. മലയാളത്തിന്റെ മാത്രമല്ല തമിഴ് ചിത്രങ്ങളിലൂടെയും പ്രേക്ഷക മനം കവരാൻ നെടുമുടി വേണുവിന് കഴിയുകയും ചെയ്‍തു. കമല്‍ഹാസൻ നായകനായി അഭിനയിച്ച ചിത്രമായ ഇന്ത്യനില്‍ അടക്കം നെടുമുടി വേണു വേഷമിട്ടു.

click me!