'വണ്‍ സിനിമയിലേതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്', കുറിപ്പുമായി നടി നേഹ റോസ്

By Web TeamFirst Published Mar 29, 2021, 7:13 PM IST
Highlights


വണ്‍ എന്ന സിനിമയില്‍ നേഹ റോസ് ഒരു കഥാപാത്രം ചെയ്‍തിരുന്നു.

വണ്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ വെളളിത്തിരയിലെത്തിയിരിക്കുകയാണ് നേഹ റോസ്. നിരവധി പരസ്യചിത്രങ്ങളിലൂടെ കലാരംഗത്ത് എത്തിയതാണ് നേഹ റോസ്. വണില്‍ അഭിനയിക്കുന്ന കാര്യം നേഹ റോസ് തന്നെയായിരുന്നു അറിയിച്ചത്. സിനിമയില്‍ സലിം കുമാറിനൊപ്പമുള്ള രംഗത്ത് അഭിനയിച്ചതിന്റെ സന്തോഷം പറയുന്ന നേഹ റോസ് സിനിമയിലെ തന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട ഒരു അനുഭവത്തെ കുറിച്ച് എഴുതിയ കുറിപ്പാണ് ഇപോള്‍ ചര്‍ച്ച. നേഹ റോസ് തന്നെയാണ് കുറിപ്പ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.  വണ്‍ സിനിമയിലെ പോലെ ഒരനുഭവം തനിക്കുമുണ്ടായിട്ടുണ്ടെന്നാണ് നേഹ റോസ് സൂചിപ്പിക്കുന്നത്.

നേഹ റോസിന്റെ കുറിപ്പ്

വൺ എന്ന മലയാളസിനിമയിൽ സലിം കുമാര്‍ ചേട്ടന് ഒപ്പം ആ ഒരു സീൻ അഭിനയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. സിനിമയുടെ തുടക്കത്തിൽ തന്നെ സ്ക്രീനിൽ നിറഞ്ഞു നിൽക്കാനും സാധിച്ചു.

മുൻപ് പനമ്പള്ളി നഗറിലെ ആര്‍ഡിഎസ് ഫ്ലാറ്റിൽ ആയിരുന്നപ്പോൾ, ഇതുപോലെ ഒരു അനുഭവം ഞാൻ ഫെയ്‍സ് ചെയ്‍തതാണ്. ഞാൻ മാത്രമായിരിക്കില്ല നിങ്ങളോരോരുത്തരും ഫെയ്‍സ് ചെയ്‍തതാണ് എന്ന് എനിക്കുറപ്പുണ്ട്.

അന്ന് ആഡ് ഷൂട്ട് കഴിഞ്ഞ തിരിച്ചെത്തിയപ്പോൾ ലേറ്റ് ആയി. നല്ല മഴയും കാറ്റും. റൂം എത്തിയിട്ട് ഫുഡ് ഓർഡർ ചെയ്യാം എന്ന് കരുതി. ഫുഡ് അടുത്തു എവിടെയെങ്കിലും പോയി കഴിച്ചാലോ എന്നു വിചാരിച്ചപ്പോൾ,  യൂബര്‍ ഒന്നും ബുക്ക് ആകുന്നില്ല. അന്ന് യൂബര്‍ ഈറ്റ്‍സ് ആയിരുന്നു ശരണം. ഓര്‍ഡര്‍ ചെയ്‍തു കാത്തിരുന്നു, നല്ല മഴയും പിന്നെ കറണ്ടും ഒന്നുമില്ലാതെ ആകെ വട്ടായി ഇരിക്കയായിരുന്നു.  ഡെലിവറി ഏജന്റിനെ വിളിക്കുമ്പോൾ ഇപ്പൊ എത്താം, റോഡിൽ ട്രാഫിക് ആണ്, വെള്ളമാണ് എന്ന മറുപടിയും. ഒരുപാട് സമയം കാത്തിരുന്നു. അന്ന് സത്യത്തിൽ ആ ഡെലിവറി ഏജന്റിനെ നല്ലത് പറയണമെന്ന് എന്റെ മനസ്സിൽ ഉറപ്പിച്ചിരുന്നു. അന്ന് ഒന്നരമണിക്കൂറിൽ കൂടുതൽ മണിക്കൂറോളം എടുത്തു ഭക്ഷണം എത്താൻ.

എന്താ ചേട്ടാ ലേറ്റ് ആയത് എന്ന് ചോദിച്ചു. വെള്ളമാണ് ട്രാഫിക് ആണ് എന്നുള്ള മറുപടി വീണ്ടും ആവർത്തിച്ചു. ആ സെക്കൻഡിൽ എനിക്ക് ദേഷ്യവും വിശപ്പും ഒക്കെ സഹിക്കാനാവാതെ രണ്ട് പറയണമെന്ന് തന്നെ വീണ്ടും വിചാരിച്ചു. ഭക്ഷണം തന്നു കഴിഞ്ഞു ആ ചേട്ടന്റെ മുഖത്ത് ഒന്നൂടെ നോക്കിയപ്പോൾ എന്തോ ഒന്നും പറയാൻ തോന്നിയില്ല. ആ ചേട്ടൻ എനിക്കുള്ള ഭക്ഷണം എത്തിച്ചത് എന്തുമാത്രം കഷ്‍ടപ്പെട്ടിട്ടാണ് എന്നൊരു തോന്നൽ. ഒരു പക്ഷേ ഈ മഴയത്ത്, ട്രാഫിക്കിൽ,അയാൾ വിശന്നിരിക്കുക ആയിരുന്നിരിക്കും എനിക്കു ഭക്ഷണം തന്നപ്പോൾ എന്ന് തോന്നി. പിന്നീട് കണ്ടത് അയാൾ നടന്നകലുന്നത്. നിങ്ങൾ ഭക്ഷണം കഴിച്ചിരുന്നോ എന്ന് ചോദിക്കാൻ സമയം കിട്ടുന്നതിനു മുമ്പ്.

ഓണ്‍ലൈൻ ഭക്ഷണം ഡെലിവറി ചെയ്യുന്നവർ, വെയിലത്തും മഴയത്തും, കൂടി ബൈക്കിൽ ദൂരം താണ്ടിയാണ് നമുക്കുള്ള ഭക്ഷണം എത്തിക്കുന്നത്. അതിൽ ഭൂരിഭാഗം ആളുകളും സത്യസന്ധമായി ജോലി ചെയ്യുന്നവരുമാണ്.  ട്രാഫിക് പ്രശ്‍നങ്ങൾ മൂലവും, കാലാവസ്ഥ കാരണവും പലപ്പോഴും ഭക്ഷണം ലേറ്റ് ആകാറുണ്ട്. പിന്നീട് കാരണം ചോദിച്ചു അവരോട് തട്ടി കയറുക. നമ്മുടെ പക്ഷത്തുനിന്ന് നോക്കുമ്പോൾ ഒരു പക്ഷേ ശരിയായിരിക്കാം പക്ഷേ അപ്പോൾ നമ്മൾ ചിന്തിക്കേണ്ടത്, നമ്മുടെ വയർ നിറയ്ക്കാൻ വേണ്ടി ഉള്ള ഭക്ഷണം ആണ് ഇവർ കൊണ്ടുവരുന്നത്.

അത് അവരുടെ ജോലിയാണ് എന്ന് പറഞ്ഞു വാദിക്കുന്നവർ ഇപ്പോൾ ഉണ്ടാവും, എന്നാലും നമ്മൾ ഒന്ന് ചിന്തിക്കുക, നമ്മുടെ വയർ നിറയ്ക്കാനും നമ്മുടെ ഒരുനേരത്തെ വിശപ്പ് അകറ്റുന്നതും അവരാണ്.
ഇനിമുതൽ ശ്രദ്ധിക്കുക.

click me!