
3 ഇഡിയറ്റ്സ് എന്ന സിനിമയില്‍ താന്‍ അവതരിപ്പിച്ച ഫുന്‍സുഖ് വാങ്ക്ഡു എന്ന കഥാപാത്രം ആക്റ്റിവിസ്റ്റ് സോഹം വാങ്ചുക്കിന്‍റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന ദീര്‍ഘനാളായുള്ള പ്രേക്ഷകധാരണ തിരുത്തി ആമിര്‍ ഖാന്‍. തനിക്കോ ചിത്രത്തിന്‍റെ രചയിതാക്കള്‍ക്കോ 3 ഇഡിയറ്റ്സ് എടുക്കുന്ന സമയത്ത് സോനം വാങ്ചുക്കിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ലണ്ടന്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലെ ചോദ്യോത്തര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമയം രണ്ട് ആഴ്ച പിന്നിട്ടിരിക്കുകയാണ്. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലായിരുന്നു 3 ഇഡിയറ്റ്സ് സംബന്ധിച്ച ചോദ്യം ആമിര്‍ ഖാനെ തേടിയെത്തിയത്.
“സോനം വാങ്ചുക്കിന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് 3 ഇഡിയറ്റ്സ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഒരു തെറ്റിദ്ധാരണ പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ട്. അത് ശരിയല്ല. സിനിമ എഴുതുന്ന സമയത്ത് അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല, എനിക്ക് വ്യക്തിപരമായും അദ്ദേഹത്തെ അറിയുമായിരുന്നില്ല”, ആമിര്‍ ഖാന്‍റെ വാക്കുകള്‍. അതേസമയം സോനം വാങ്ചുക്ക് നടത്തുന്ന പ്രതീഷേധത്തെക്കുറിച്ചും ആമിര്‍ ഖാന്‍ പറഞ്ഞു. “സോനം വാങ്ചുക്ക് ചെയ്യുന്ന കാര്യങ്ങളൊക്കെ ശരിയായ ദിശയില്‍ ഉള്ളതാണ്. അദ്ദേഹം ഇപ്പോള്‍ നിരാഹാര സമരത്തിലാണ് ഉള്ളത്. അത് അദ്ദേഹം അവസാനിപ്പിക്കണമെന്ന് ഒരുപാട് പേര്‍ കരുതുന്നുണ്ട്. അദ്ദേഹത്തിന്‍റെ ആരോഗ്യം ക്ഷയിക്കുന്നത് കാരണമാണ് അത്”, ആമിര്‍ ഖാന്‍ പറഞ്ഞു.
3 ഇഡിയറ്റ്സില്‍ ചതുര്‍ രാമലിംഗം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഒമി വൈദ്യ കഴിഞ്ഞ ദിവസം ഒരു വീഡിയോ പോസ്റ്റ് ചെയ്തത് വൈറല്‍ ആയിരുന്നു. സോനം വാങ്ചുക്കിന്‍റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ളതായിരുന്നു അത്. എന്നാല്‍ 3 ഇഡിയറ്റ്സിലെ ആമിര്‍ ഖാന്‍ കഥാപാത്രം വാങ്ചുക്കിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണെന്നും ഒമി വൈദ്യ പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഒമി വൈദ്യ പറഞ്ഞത് തെറ്റാണെന്നും ആമിര്‍ പറഞ്ഞു. ഈ വീഡിയോ ആണ് ഇക്കാര്യം വേദിയില്‍ വിശദീകരിക്കാന്‍ ആമിറിനെ നിര്‍ബന്ധിതനാക്കിയത്.
നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധത്തിന് ഐകൃദാർഢ്യം അറിയിച്ചാണ് ലഡാക്ക് സ്വദേശിയായ സോനം വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്. സമരം 19 ദിവസം പിന്നിടുമ്പോൾ വാങ്ചുക്കിന്റെ ശരീരഭാരം ഒൻപത് കിലോയിലധികം കുറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ