
നാല് ചിത്രങ്ങള്‍ കൊണ്ട് തമിഴ് സിനിമയില്‍ സ്വന്തമായ ഇടം കണ്ടെത്തിയ സംവിധായകനാണ് നെല്‍സണ്‍ ദിലീപ്‍കുമാര്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ മൂന്നാമത്തെ ചിത്രം ബീസ്റ്റ്, വിജയ് എന്ന സൂപ്പര്‍താരം നായകനായി എത്തിയിട്ടും വേണ്ട വിജയം നേടിയില്ല. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പരിഹാസങ്ങളും ബീസ്റ്റിന് ശേഷം അദ്ദേഹത്തിന് നേരിടേണ്ടതായി വന്നിരുന്നു. ബീസ്റ്റ് റിലീസിന് ശേഷം വിജയ്‍ക്കും നെല്‍സണുമിടയിലുള്ള ബന്ധം മോശമായെന്ന തരത്തിലും പ്രചരണങ്ങള്‍ നടന്നിരുന്നു. ഇപ്പോഴിതാ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ജയിലര്‍ വന്‍ പ്രദര്‍ശന വിജയം നേടുമ്പോള്‍ വിജയ്‍യുമായുള്ള തന്‍റെ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് നെല്‍സണ്‍. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ബീസ്റ്റിന് ശേഷം വിജയ്‍യുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് എപ്പോഴും സംസാരിക്കാറുണ്ടെന്ന് നെല്‍സന്‍റെ മറുപടി- "നമ്മള്‍ ഒരു സിനിമ എടുത്തു. ചിലര്‍ക്ക് ഇഷ്ടപ്പെട്ടു, ചിലര്‍ക്ക് ഇഷ്ടമായില്ല. നമ്മള്‍ നന്നായി പരിശ്രമിക്കുക എന്നതിലാണ് കാര്യം. അടുത്ത തവണ ചെയ്യുമ്പോള്‍ നമുക്ക് മറ്റൊരു രീതിയില്‍ ചെയ്യാം. അത് ആളുകള്‍ക്ക് ഇഷ്ടപ്പെടുമോ എന്ന് നോക്കാം, അതായിരുന്നു അദ്ദേഹത്തിന്‍റെ മനോഭാവം", നെല്‍സണ്‍ പറയുന്നു.
"ഒരിക്കല്‍ ഞാന്‍ തന്നെ അദ്ദേഹത്തോട് ചോദിച്ചു, എന്നോട് ദേഷ്യമുണ്ടോ എന്ന്. ദേഷ്യം എന്തിന് എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഒന്നും പറഞ്ഞില്ല. പക്ഷേ പിന്നീട് പറഞ്ഞു- അപ്പോള്‍ എനിക്കും നിനക്കുമിടയിലുള്ള ബന്ധം ഒരു സിനിമയുടേതാണ് അല്ലേ? നീ അങ്ങനെ ചോദിച്ചപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. അത് വേറെ, ഇത് വേറെ. കുറച്ച് മുന്‍പ് പോലും അദ്ദേഹത്തിന്‍റെ മെസേജ് ഉണ്ടായിരുന്നു. ജയിലറിന്‍റെ ആദ്യ പോസിറ്റീവ് റിവ്യൂ വന്നപ്പോഴും അദ്ദേഹത്തിന്‍റെ മെസേജ് വന്നു, അഭിനന്ദനങ്ങള്‍, സൂപ്പര്‍ ഹാപ്പി ഫോര്‍ യൂ എന്നായിരുന്നു അത്", നെല്‍സണ്‍ പറയുന്നു.
"പുറത്തുള്ളവര്‍ കരുതുന്നത് പോലെയല്ല ഞങ്ങള്‍ക്കിടയിലുള്ള അടുപ്പം. പലരും പറയുന്നത് കേട്ട് പ്രതികരിക്കാനൊന്നും പോവേണ്ടെന്നാണ് എന്‍റെ പക്ഷം. അവരുടെ എന്‍റര്‍ടെയ്ന്‍മെന്‍റ് ആയിരിക്കും അത്. അതവര്‍ ചെയ്യട്ടെ", നെല്‍സണ്‍ പറഞ്ഞവസാനിപ്പിക്കുന്നു. അതേസമയം രജനികാന്ത് നായകനായെത്തിയ ജയിലറില്‍ അതിഥിതാരങ്ങളായി മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരും എത്തുന്നുണ്ട്. കേരളത്തിലും വന്‍ ഹിറ്റ് ആണ് ചിത്രം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ