
കഴിഞ്ഞ വര്‍ഷത്തെ മലയാളം റിലീസുകളില്‍ ഏറ്റവും പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ഒന്നായിരുന്നു ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ നേര്. ഒരിടവേളയ്ക്ക് ശേഷം താരമെന്നതിലുപരി മോഹന്‍ലാലിലെ അഭിനേതാവ് തിയറ്ററുകളില്‍ കൈയടി നേടിയ ചിത്രമായിരുന്നു ഇത്. അതിന്‍റെ പ്രതിഫലനം ബോക്സ് ഓഫീസിലും ദൃശ്യമായി. ആദ്യ വാരാന്ത്യം കേരളമൊട്ടുക്കും ഹൗസ്‍ഫുള്‍ ബോര്‍ഡുകള്‍ തൂക്കിയ ചിത്രം റിലീസ് ചെയ്യപ്പെട്ട വിദേശ സെന്‍ററുകളിലും മികച്ച പ്രതികരണവും കളക്ഷനുമാണ് നേടിയത്.
2023 ലെ മലയാളം റിലീസുകളില്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയ കളക്ഷനില്‍ 2018 നും ആര്‍ഡിഎക്സിനുമിപ്പുറത്ത് മൂന്നാം സ്ഥാനത്താണ് നേര്. എക്കാലത്തെയും മലയാളം ചിത്രങ്ങളുടെ കേരള ബോക്സ് ഓഫീസ് നോക്കുമ്പോള്‍ ഏറ്റവും നന്നായി കളക്റ്റ് ചെയ്ത അഞ്ച് ചിത്രങ്ങളുടെ ലിസ്റ്റിലും നേര് ഉണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ നാലാം വാരത്തിലെ തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. സമീപകാലത്ത് നാലാം വാരത്തില്‍ ഏറ്റവുമധികം സ്ക്രീന്‍ കൗണ്ട് ലഭിച്ചിരിക്കുന്ന ചിത്രമായിരിക്കുകയാണ് നേര്. കേരളത്തിലെ 159 സ്ക്രീനുകളില്‍ നാലാം വാരത്തിലും നേര് പ്രദര്‍ശിപ്പിക്കുന്നുണ്ട്.
കേരളത്തില്‍ നിന്ന് മാത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 80 കോടിക്ക് മുകളിലും നേടിയിട്ടുണ്ട്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്. വിജയമോഹന്‍ എന്ന അഭിഭാഷകനെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് മോഹന്‍ലാല്‍ ബിഗ് സ്ക്രീനില്‍ അഭിഭാഷകനായി എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം