ഭ്രമയുഗത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്
നവാഗത സംവിധായകര്‍ക്കൊപ്പം ഏറ്റവുമധികം തവണ പ്രവര്‍ത്തിച്ചിട്ടുള്ള താരം ആരെന്ന ചോദ്യത്തിന് മലയാളികളെ സംബന്ധിച്ച് ഏറെയൊന്നും ആലോചിക്കേണ്ടതില്ല. മമ്മൂട്ടിയാണ് അത്. തന്നിലെ നടന് വെല്ലുവിളി സൃഷ്ടിക്കുന്ന, വളര്‍ച്ചയുണ്ടാക്കുന്ന കഥാപാത്രങ്ങള്‍ക്കായുള്ള അന്വേഷണം കരിയറിന്‍റെ തുടക്കം മുതല്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ആ ശ്രമങ്ങളുടെ ഫലമാണ് ഇന്ന് കാണുന്ന മമ്മൂട്ടി. 2022, 2023 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളിലൊരാള്‍ മമ്മൂട്ടിയാണ്. പുതുവര്‍ഷത്തിലും ഞെട്ടിക്കല്‍ തുടരുകയാണ് അദ്ദേഹം.
2024 പിറന്ന് വെറും 11 ദിവസങ്ങള്‍ക്കകം അദ്ദേഹത്തിന്‍റെ പുതിയ രണ്ട് വേഷപ്പകര്‍ച്ചകളാണ് മലയാളികള്‍ കണ്ടത്. ഒന്ന് ജയറാം നായകനായ അബ്രഹാം ഓസ്‍ലറിലെ അതിഥിവേഷവും മറ്റൊന്ന് വരാനിരിക്കുന്ന ഭ്രമയുഗത്തിലെ കഥാപാത്രവും. അബ്രഹാം ഓസ്‍ലര്‍ ഇന്നലെ തിയറ്ററുകളില്‍ എത്തിയെങ്കില്‍ ഭ്രമയുഗത്തിന്‍റെ കാഴ്ചയ്ക്കായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്. എന്നാല്‍ ചിത്രത്തിന്‍റെ ടീസറിലൂടെത്തന്നെ കാത്തിരിപ്പ് ഏറ്റിയിട്ടുണ്ട് മമ്മൂട്ടി. ഓസ്‍ലര്‍ തിയറ്ററിലെത്തിയ ഇന്നലെത്തന്നെ ആയിരുന്നു ഭ്രമയുഗത്തിന്‍റെ ടീസറും പുറത്തെത്തിയത്.

അബ്രഹാം ഓസ്‍ലറിന്‍റെ തിയറ്റര്‍ സ്വീകാര്യതയില്‍ ഒരു വലിയ ഘടകം മമ്മൂട്ടിയുടെ അതിഥിവേഷമാണ്. ഗസ്റ്റ് അപ്പിയറന്‍സ് ആണെങ്കിലും കഥയുടെ കേന്ദ്ര സ്ഥാനത്താണ് മമ്മൂട്ടി അവതരിപ്പിക്കുന്ന അലക്സാണ്ടര്‍ എന്ന കഥാപാത്രം. മമ്മൂട്ടിയുടെ ഇന്‍ട്രോ സീനില്‍ തിയറ്ററില്‍ നിറഞ്ഞുകേട്ട കൈയടികള്‍ ഈ താരത്തിന്‍റെ തെരഞ്ഞെടുപ്പുകള്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്ന അംഗീകാരമാണ്. മമ്മൂട്ടിയില്‍ നിന്ന് എന്തും പ്രതീക്ഷിക്കാമെന്ന ധാരണ ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കുണ്ട്.
ഭ്രമയുഗത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഭൂതകാലം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരില്‍ വലിയ പ്രതീക്ഷ സൃഷ്ടിച്ച രാഹുല്‍ സദാശിവനാണ് ചിത്രത്തിന്‍റെ സംവിധാനം. രാഹുല്‍ സദാശിവന്‍ തന്നെ തിരക്കഥയുമൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ സംഭാഷണരചന ടി ഡി രാമകൃഷ്ണനാണ്. ഇന്നലെ പുറത്തെത്തിയ ടീസറിലെ മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറിയും വോയ്സ് മോഡുലേഷനുമൊക്കെ സിനിമാപ്രേമികള്‍ക്കിടയില്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം ഹൊറര്‍ ത്രില്ലര്‍ ആണ്.

നവാഗതനായ ഡിനൊ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക, മിഥുന്‍ മാനുവല്‍ തോമസിന്‍റെ തന്നെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ എന്നിവയാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം തിയറ്ററുകളിലെത്താനിരിക്കുന്ന മലയാളം ചിത്രങ്ങള്‍. തെലുങ്കില്‍ ജീവ നായകനാവുന്ന യാത്ര 2 ലും മമ്മൂട്ടിക്ക് ഒരു പ്രധാന വേഷമുണ്ട്.
ALSO READ : ഓസ്‍ലര്‍; റിലീസിന് ശേഷം ജയറാമിന് പ്രേക്ഷകരോട് പറയാനുള്ളത്
