
ഒടിടി പ്ലാറ്റ്‌ഫോമുകളിലെ രാജാവായ നെറ്റ്ഫ്ലിക്സ് ചലച്ചിത്ര നിർമ്മാണ രംഗത്ത് വലിയൊരു മാറ്റത്തിന് തിരികൊളുത്തിയിരിക്കുകയാണ്. വിഖ്യാത ഹോളിവുഡ് നടനും സംവിധായകനുമായ ബെൻ ആഫ്ലെക്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ 'ഇന്റർപോസിറ്റീവ്' (InterPositive) നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ഹോളിവുഡിനെയും ആഗോള സിനിമ വിപണിയെയും ഒരുപോലെ അമ്പരപ്പിക്കുന്ന ഈ നീക്കത്തിലൂടെ, ചലച്ചിത്ര നിർമ്മാണത്തിലെ സാങ്കേതിക വശങ്ങളിൽ വൻ കുതിച്ചുചാട്ടമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതോടെ, ഇന്റർപോസിറ്റീവിലെ എൻജിനീയർമാരും ഗവേഷകരും ക്രിയേറ്റീവ് വിദഗ്ധരും ഉൾപ്പെടുന്ന 16 അംഗ സംഘം ഇനി നെറ്റ്ഫ്ലിക്സിന്റെ ഭാഗമാകും. ഇതിനുപുറമെ, ബെൻ ആഫ്ലെക് നെറ്റ്ഫ്ലിക്സിന്റെ സീനിയർ അഡൈ്വസറായി പ്രവർത്തിക്കുമെന്നും കരാറിൽ വ്യക്തമാക്കുന്നു.
ലോകത്തിന് അത്ര പരിചിതമല്ലാത്ത ഒന്നായിരുന്നു ഇന്റർപോസിറ്റീവ് എന്ന സ്റ്റാർട്ടപ്പ്. 2022-ൽ ബെൻ ആഫ്ലെക് രഹസ്യമായി തുടക്കം കുറിച്ച ഈ സംരംഭം, ചലച്ചിത്ര നിർമ്മാണത്തിലെ 'പോസ്റ്റ് പ്രൊഡക്ഷൻ' ഘട്ടങ്ങളെ എളുപ്പമാക്കാനാണ് ലക്ഷ്യമിടുന്നത്. സാധാരണയായി സങ്കീർണ്ണവും ചിലവേറിയതുമായ എഡിറ്റിംഗ് ജോലികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ലഘൂകരിക്കുകയാണ് ഈ ടൂൾ ചെയ്യുന്നത്.
സിനിമ സെറ്റുകളിൽ ചിത്രീകരിക്കുന്ന റോ ഫുട്ടേജുകൾ മെച്ചപ്പെടുത്താനും ക്രിയേറ്റീവായ മാറ്റങ്ങൾ വരുത്താനും ഇന്റർപോസിറ്റീവ് സഹായിക്കും. ഷോട്ടുകൾ പുനഃക്രമീകരിക്കുക, പശ്ചാത്തലങ്ങളിൽ മാറ്റങ്ങൾ വരുത്തുക, വെളിച്ചവും നിറവും ക്രമീകരിക്കുക തുടങ്ങിയവ സെക്കൻഡുകൾക്കുള്ളിൽ ചെയ്യാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. സിനിമയിലെ വലിയൊരു വെല്ലുവിളിയായ വിഷ്വൽ എററുകൾ പരിഹരിക്കാനും ഇത് ഫലപ്രദമാണ്. ഉദാഹരണത്തിന്, ആക്ഷൻ രംഗങ്ങളിൽ ഉപയോഗിക്കുന്ന സ്റ്റണ്ട് വയറുകൾ നീക്കം ചെയ്യാനും മിസ്സിംഗ് പശ്ചാത്തല ഘടകങ്ങൾ കൂട്ടിച്ചേർക്കാനും ഇതിന് കഴിയുമെന്നാണ് റിപ്പോർട്ട്.
എഐ മനുഷ്യന്റെ ജോലി ഇല്ലാതാക്കുമോ എന്ന ആശങ്ക നിലനിൽക്കുന്ന കാലത്ത്, ഇന്റർപോസിറ്റീവിന്റെ സമീപനം വ്യത്യസ്തമാണ്. ഇതൊരു ക്രിയേറ്റീവ് ടൂൾ മാത്രമാണെന്നും അല്ലാതെ എഴുത്തുകാരെയോ സംവിധായകരെയോ നടന്മാരെയോ മാറ്റിസ്ഥാപിക്കാനുള്ള ഒന്നല്ലെന്നും ബെൻ ആഫ്ലെക് വ്യക്തമാക്കുന്നു. ഈ സോഫ്റ്റ്‌വെയർ സ്വയം കഥ എഴുതുകയോ വീഡിയോകൾ നിർമ്മിക്കുകയോ ചെയ്യില്ല. പകരം, സംവിധായകൻ പകർത്തിയ ദൃശ്യങ്ങളെ അദ്ദേഹത്തിന്റെ ഭാവനയ്ക്കനുസരിച്ച് മിനുക്കിയെടുക്കാൻ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. 'ഒരു സെറ്റിൽ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കുന്ന ഒരു വർക്ക്ഫ്ലോ ആണ് എനിക്ക് പടുത്തുയർത്തേണ്ടിയിരുന്നത്,' ആഫ്ലെക് പറയുന്നു. ഇതിനായി ഒരു നിയന്ത്രിത സൗണ്ട് സ്റ്റേജിൽ സ്വന്തമായി ഡാറ്റാസെറ്റുകൾ നിർമ്മിച്ചാണ് ഇന്റർപോസിറ്റീവ് വികസിപ്പിച്ചെടുത്തത്.
വാർണർ ബ്രദേഴ്‌സ് ഡിസ്കവറി ഏറ്റെടുക്കാനുള്ള 72 ബില്യൺ ഡോളറിന്റെ വമ്പൻ കരാറിൽ നിന്ന് നെറ്റ്ഫ്ലിക്സ് അടുത്തിടെ പിന്മാറിയിരുന്നു. അതിനുപിന്നാലെയാണ് ബെൻ ആഫ്ലെക്കിന്റെ സ്റ്റാർട്ടപ്പിനെ സ്വന്തമാക്കിയത്. മറ്റ് വലിയ കമ്പനികളെ വാങ്ങുന്നതിനേക്കാൾ ലാഭകരവും ഭാവിയിലേക്ക് മുതൽക്കൂട്ടാകുന്നതും സ്വന്തം സാങ്കേതികവിദ്യ വികസിപ്പിക്കുന്നതാണെന്ന് നെറ്റ്ഫ്ലിക്സ് തിരിച്ചറിയുന്നു.
നെറ്റ്ഫ്ലിക്സ് ചീഫ് കണ്ടന്റ് ഓഫീസർ ബേല ബജാരിയയുടെ വാക്കുകളിൽ, 'ഇന്റർപോസിറ്റീവ് നൽകുന്ന സാങ്കേതികവിദ്യ ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ കാഴ്ചപ്പാടുകൾ സംരക്ഷിക്കാൻ കൂടുതൽ നിയന്ത്രണവും സുരക്ഷയും നൽകും.' കലയെയും സാങ്കേതികവിദ്യയെയും കൂട്ടിയിണക്കുന്ന ഹോളിവുഡിലെ നീണ്ട പാരമ്പര്യത്തിന്റെ തുടർച്ചയായാണ് ഇതിനെ നെറ്റ്ഫ്ലിക്സ് കാണുന്നത്.
നെറ്റ്ഫ്ലിക്സിന്റെ ഈ പുതിയ ചുവടുവെപ്പ് മറ്റ് പ്രൊഡക്ഷൻ ഹൗസുകളെയും മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കും. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലെ സമയം ലാഭിക്കുന്നതിലൂടെ സിനിമകൾ വേഗത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കും. സിനിമയിലെ സർഗാത്മകത നഷ്ടപ്പെടാതെ തന്നെ സാങ്കേതിക വിദ്യയെ എങ്ങനെ കൂടെക്കൂട്ടാം എന്നതിന്റെ ഉത്തമ ഉദാഹരണമായിരിക്കും ഇന്റർപോസിറ്റീവ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ