40 എഡിറ്റിംഗ് റൂമുകള്‍; മുംബൈയില്‍ തങ്ങളുടെ ആദ്യ ലൈവ് ആക്ഷന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ യൂണിറ്റുമായി നെറ്റ്ഫ്ളിക്സ്

By Web TeamFirst Published Jun 4, 2021, 10:06 PM IST
Highlights

സ്വന്തം ഉടമസ്ഥതയിലുള്ള തങ്ങളുടെ ആദ്യത്തെ ലൈവ് ആക്ഷന്‍, ഫുള്‍ സര്‍വീസ് പോസ്റ്റ് പ്രൊഡക്ഷന്‍ യൂണിറ്റ് ആയിരിക്കും ഇതെന്ന് നെറ്റ്ഫ്ളിക്സ്

ലോകമെമ്പാടും സിനിമാമേഖല ഏറെക്കുറെ സ്‍തംഭിച്ചുനില്‍ക്കുന്ന കൊവിഡ് കാലത്ത് വിനോദവ്യവസായ മേഖലയില്‍ നേട്ടമുണ്ടാക്കിയത് ഓവര്‍ ദി ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമുകള്‍ ആണ്. ലോകമെങ്ങും സബ്സ്ക്രൈബേഴ്സ് കൂടിയതോടെ വൈവിധ്യമാര്‍ന്ന ഉള്ളടക്കം അവരുടെ മുന്നിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമങ്ങളിലാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളൊക്കെയും. പുതിയ കണ്ടന്‍റ് ക്രിയേഷനുവേണ്ടി വന്‍ മുതല്‍മുടക്കും ഒടിടി മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രധാന വിപണികളിലൊന്നായ ഇന്ത്യയെ മുന്നില്‍ കണ്ട് മുംബൈയില്‍ ആരംഭിക്കാനിരിക്കുന്ന വന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ യൂണിറ്റിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍നിര ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സ്.

സ്വന്തം ഉടമസ്ഥതയിലുള്ള തങ്ങളുടെ ആദ്യത്തെ ലൈവ് ആക്ഷന്‍, ഫുള്‍ സര്‍വീസ് പോസ്റ്റ് പ്രൊഡക്ഷന്‍ യൂണിറ്റ് ആയിരിക്കും ഇതെന്ന് നെറ്റ്ഫ്ളിക്സ് പ്രസ്താവനയില്‍ അറിയിച്ചു. ഷോ റണ്ണര്‍മാര്‍, സംവിധായകര്‍, എഡിറ്റര്‍മാര്‍, സൗണ്ട് ഡിസൈനര്‍മാര്‍ എന്നിവര്‍ക്ക് പ്രചോദനമേകുന്ന വര്‍ക്ക് സ്പേസ് ആണ് തങ്ങള്‍ വിഭാവനം ചെയ്യുന്നതെന്നും 40 ഓഫ്‍ലൈന്‍ എഡിറ്റിംഗ് റൂമുകള്‍ അവിടെയുണ്ടാവുമെന്നും നെറ്റ്ഫ്ളിക്സ് അറിയിക്കുന്നു. മുംബൈയിലെ പോസ്റ്റ് പ്രൊഡക്ഷന്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തനം 2022 ജൂണില്‍ ആരംഭിക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

 

'മൈറ്റി ലിറ്റില്‍ ഭീം' മുതല്‍ 'പാവ കഥൈകള്‍' വരെയുള്ള, ഇന്ത്യയ്ക്കുവേണ്ടിയുള്ള തങ്ങളുടെ ഒറിജിനല്‍ പ്രൊഡക്ഷനുകള്‍ക്ക് ലഭിച്ച മികച്ച പ്രതികരണം അടിവരയിടുന്ന നെറ്റ്ഫ്ളിക്സ് കഴിഞ്ഞ രണ്ട് വര്‍ഷത്തെ മുതല്‍മുടക്കിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. 2019, 20 വര്‍ഷങ്ങളിലായി ഇന്ത്യയിലെ പ്രാദേശിക പ്രോഗ്രാമിംഗിനായി 3000 കോടിയാണ് ചെലവഴിച്ചതെന്ന് അറിയിക്കുന്നു കമ്പനി. മാര്‍ച്ച് മാസത്തില്‍ വരാനിരിക്കുന്ന 41 ടൈറ്റിലുകള്‍ നെറ്റ്ഫ്ളിക്സ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ കൂടുതല്‍ സാങ്കേതിക വിദഗ്‍ധരെ ലഭ്യമാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച നെറ്റ്എഫ്എക്സി (NetFX)നെക്കുറിച്ചും നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയ കുറിപ്പില്‍ എടുത്തുപറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!