Amma Election : 'അമ്മ' തെരഞ്ഞെടുപ്പ്; തകർച്ച നേരിട്ട് ഔദ്യോ​ഗിക പാനൽ, മത്സരിച്ചവരിൽ മൂന്ന് പേർ തോറ്റു

By Web TeamFirst Published Dec 19, 2021, 6:04 PM IST
Highlights

ട്രഷററായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി ജയസൂര്യക്കും എതിരാളികളില്ല.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ(Amma Election) തെരഞ്ഞെടുപ്പ് നടന്നത്. മണിയൻപിള്ള രാജുവും വിജയ് ബാബുവും ലാലും അട്ടിമറി വിജയം നേടിയപ്പോൾ, ഔദ്യോ​ഗിക പാനലിൽ നിന്നും മത്സരിച്ച മൂന്ന് പേർക്ക് പരാജയം നേരിടേണ്ടി വന്നു. ഹണി റോസ്, നിവിന്‍ പോളി, ആശാ ശരത്ത് എന്നിവരാണ് പരാജയപ്പെട്ടത്. നിവിന്‍ പോളിക്ക് 158 വോട്ടും ഹണി റോസിന് 145 വോട്ടുമാണ് ലഭിച്ചത്. ആശാ ശരത്തിന് 153 വോട്ടുകളും ലഭിച്ചു.

ഔദ്യോഗിക പാനലിൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയൻപിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു ഫലം വന്നപ്പോൾ മണിയൻപിള്ള രാജു അട്ടിമറി വിജയം നേടി.ഒദ്യോഗിക പാനലിൻ്റെ ഭാഗമായി മത്സരിച്ചആശാ ശരത്ത് പരാജയപ്പെടുക ആയിരുന്നു. നിലവിലെ പ്രസിഡന്റായ മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷററായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി ജയസൂര്യക്കും എതിരാളികളില്ല.

11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ നിന്നും ബാബുരാജ്, ലെന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ഹണി റോസ് എന്നിവരാണ് മത്സരിച്ചത്. ഇവർക്കെതിരെ വിജയ് ബാബു,ലാൽ, നാസർ ലത്തീഫ് എന്നിവർ മത്സരിക്കാൻ രംഗത്ത് എത്തി. ഫലം വന്നപ്പോൾ ഔദ്യോഗിക പാനലിലെ ഒൻപത് പേർ വിജയിച്ചു. 

click me!