
'മൂത്തോനി'ലെ നിവിന്‍ പോളിയുടെ പ്രകടനത്തെ പ്രശംസിച്ച് പ്രമുഖ ബോളിവുഡ് സംവിധായകന്‍ ഇംതിയാസ് അലി. ഒരു ലൈവ് സംവാദത്തിനിടെ മലയാളസിനിമയെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവെക്കവെയാണ് ഇംതിയാസ് മൂത്തോനെക്കുറിച്ചും നിവിന്‍ പോളിയെക്കുറിച്ചും പറഞ്ഞത്.
"പരീക്ഷണം നടത്തുന്നതിലും അഭിനയത്തിലുമൊക്കെ മലയാളത്തിന് തനതായ രീതികളുണ്ട്. പുതിയ ചില അഭിനേതാക്കള്‍ വളരെ സെന്‍സിറ്റീവ് ആണ്. മൂത്തോനില്‍ ഞാന്‍ നിവിന്‍ പോളിയെ കണ്ടു. ഹൃദയം തകര്‍ക്കുന്ന സിനിമ. നിവിന്‍ ഗംഭീരമായിട്ടുണ്ട്. ഇംപ്രസ് ചെയ്യാനേ ശ്രമിക്കുന്നില്ല അദ്ദേഹം. ഒരു നായകന് ലഭിക്കുന്ന എന്തൊരു വേഷമാണത്.. അദ്ദേഹം വളരെ നന്നായിരുന്നു", ഇംതിയാസ് പറയുന്നു.
നിവിന്‍ തന്‍റെ കരിയറില്‍ അതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു മൂത്തോനിലെ 'അക്ബര്‍'. വലിയ പ്രേക്ഷകപ്രതികരണവും നേടിയെടുത്തിരുന്നു ചിത്രത്തിലെ നിവിന്‍റെ പ്രകടനം. ടൊറന്‍റോ ചലച്ചിത്ര മേളയിലായിരുന്നു ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ പ്രീമിയര്‍ പ്രദര്‍ശനം. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയത് അനുരാഗ് കശ്യപ് ആയിരുന്നു.