ഏട്ടനെപ്പോലെ നിവിനും, ഇതല്ലേ പ്രേക്ഷകർ കാത്തിരുക്കുന്ന നിവിൻ പോളി| Nivin Pauly 2025

Published : May 03, 2025, 01:32 PM IST
ഏട്ടനെപ്പോലെ നിവിനും, ഇതല്ലേ പ്രേക്ഷകർ കാത്തിരുക്കുന്ന നിവിൻ പോളി| Nivin Pauly 2025

Synopsis

എല്ലാ പ്രായക്കാരെയും തിയേറ്ററുകളിലേയ്ക്ക് ആകർഷിക്കുന്ന മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങൾ പോലെ കുടുംബമായും സുഹൃത്തുക്കൾ ചേർന്നും പ്രേക്ഷകർ തിയേറ്ററുകളിലേയ്ക്ക് ഒഴുകിയിരുന്നത് കഴിഞ്ഞ കാലത്ത് നിവിൻ പോളി ചിത്രങ്ങൾ കാണാനായിരുന്നു.

രണ്ടേ രണ്ട് ചിത്രങ്ങൾ.. മലയാളം ബോക്സ് ഓഫീസിൻ്റെ ഫുൾ പൊട്ടെൻഷ്യൽ കാണിച്ച് മോഹൻലാൽ തിരിച്ചെത്തിക്കഴിഞ്ഞു. അടുത്തടുത്തെത്തിയ എമ്പുരാനും തരുൺ മൂർത്തിയുടെ തുടരും എന്ന സിനിമയും. രണ്ട് വ്യത്യസ്ത അവതാറിൽ മോഹൻലാലിനെ അവതരിപ്പിച്ച വ്യത്യസ്തങ്ങളായ രണ്ട് സിനിമകൾ. തരുൺ പറഞ്ഞ മോഹൻലാലിൻ്റെ സ്ലീപ്പർ സെൽ പ്രേക്ഷകർ കൂടി ഉണർന്ന് കഴിഞ്ഞു.. മലയാളികൾ ഇനി കാത്തിരിക്കുന്ന തിരിച്ചുവരവ് നിവിൻ പോളിയുടെതാണ്. 

എല്ലാ പ്രായക്കാരെയും തിയേറ്ററുകളിലേയ്ക്ക് ആകർഷിക്കുന്ന മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങൾ പോലെ കുടുംബമായും സുഹൃത്തുക്കൾ ചേർന്നും പ്രേക്ഷകർ തിയേറ്ററുകളിലേയ്ക്ക് ഒഴുകിയിരുന്നത് കഴിഞ്ഞ കാലത്ത് നിവിൻ പോളി ചിത്രങ്ങൾ കാണാനായിരുന്നു. മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയുടെ ഓഡിഷനിൽ വന്ന ആലുവക്കാരൻ പയ്യനിൽ തുടങ്ങി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ കഥാപാത്രങ്ങൾ. തട്ടത്തിൻ മറയത്തിലെ വിനോദും 1983യിലെ രമേശനും പ്രേമത്തിലെ ജോർജുമൊക്കെ ഒരു സാധാരണക്കാരൻ്റെ ജീവിതത്തിൽ നിന്ന് നേരെ പകർത്തിവച്ചതു പോലെയായിരുന്നു. അതുകൊണ്ട് തന്നെയാണ് കുടുംബ പ്രേക്ഷകർക്കിടയിൽ അയാൾ പെട്ടെന്ന് സ്വീകാര്യനായതും.

ഒരുകുട്ടം ചെറുപ്പക്കാരെ അണിനിരത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലവാർടി ആർട്സ് ക്ലബ് റിലീസ് ചെയ്തത് 2010ൽ. അഞ്ചുപേരുള്ള ഗാങ്ങിലെ അല്പം പരുക്കനായ പ്രകാശൻ എന്ന ചെറുപ്പക്കാരനെ ആദ്യ സിനിമയുടെ പരുങ്ങലുകൾ ഏതുമില്ലാതെയാണ് നിവിൻ മികച്ചതാക്കിയത്. 2011ൽ കുഞ്ചാക്കോ ബോബൻ ആസിഫ് അലി എന്നീ മുൻനിര താരങ്ങളെ അണിനിരത്തി രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കിൽ ഗസ്റ്റ് വേഷമായിരുന്നു അയാൾക്ക്. പ്രത്യേകിച്ച് സ്കോർ ചെയ്യാനുള്ള സീനോ നല്ല ഡയലോഗോ ഇല്ലാതിരുന്നിട്ട് പോലും നിവിൻ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഇവരെയെല്ലാം പിന്നിലാക്കിയുള്ള വളർച്ചയായിരുന്നു അയാളുടേത്.

2012ൽ വിനീത് രണ്ടാമതും സംവിധായകനായ തട്ടത്തിൻ മറയത്ത് അനൗൺസ് ചെയ്യപ്പെട്ടു. ഒരു സിനിമ മുമ്പ് സംവിധാനം ചെയ്തെങ്കിലും ഗായകനെന്ന നിലയിൽ തന്നെയാണ് തട്ടത്തിൻ മറയത്ത് ഇറങ്ങുംവരെ വിനീതിനെ പ്രേക്ഷകർ കണ്ടതും സ്നേഹിച്ചിരുന്നതും. നിവിനാകട്ടെ ചെറിയ വേഷങ്ങൾ ചെയ്യുന്ന നടനും. എന്നാൽ ചിത്രത്തിൻ്റെ ട്രെയ്‌ലർ എത്തിയതോടെ കഥായാകെ മാറി. 2012 ജൂലൈ 6ന് തട്ടത്തിൻ മറയത്ത് റിലീസ് ചെയ്തു. ആദ്യ ഷോകൾക്ക് പിന്നാലെ കേരളത്തിൽ തട്ടം തരംഗമായി. സിനിമയിലെ ഗാനങ്ങളും ഡയലോഗുകളും ഒപ്പം നിവിൻ പോളിയും പ്രേക്ഷകരുടെ മനസിൽ സ്ഥാനം പിടിച്ചു.

2014ൽ ബാംഗ്ലൂർ ഡേയ്സ്, 1983 എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംസ്ഥാന പുരസ്കാരം. ബാംഗ്ലൂർ ഡേയ്സിലെ കുട്ടനെയും 1983യിലെ ക്രിക്കറ്റ് പ്രേമിയായ രമേശനെയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. അതേ സമയം വന്ന ഓം ശാന്തി ഓശാന, നേരം, മിലി, വിക്രമാദിത്യൻ, ഒരു വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങളിലെ നിവിൻ പോളി കഥാപാത്രങ്ങളും കേരളത്തിലെ ഭൂരിഭാഗം വരുന്ന ഇടനിലക്കാരായ ചെറുപ്പക്കാരുടെ പ്രതിനിധികളായിരുന്നു.. 

2015ൽ പ്രേമം വന്നു. ജോർജിൻ്റെ കൗമാര യൗവ്വന പ്രണയങ്ങളും, മൂന്ന് കാലഘട്ടങ്ങളിലെ രൂപഭാവങ്ങളും നിവിൻ നിസാരമായി കൈകാര്യം ചെയ്തു. അതുവരെ അമ്പത് കോടി റെക്കോഡിട്ടിരുന്ന മോഹൻലാൽ ചിത്രം ദൃശ്യത്തിൻ്റെ റെക്കോഡിന്മേൽ അറുപത് കോടി കളക്റ്റ് ചെയ്ത് നിവിൻ ചെക്ക് വച്ചു. പ്രേമം ട്രെൻ്റ് സെറ്ററായി. മോഹൻലാലിന് ശേഷം കോമഡി ചെയ്ത് ഫലിപ്പിക്കാനും പ്രേക്ഷകരെ എൻ്റർടെയ്ൻ ചെയ്യാനും അയാളോളം പോന്നൊരു നടൻ മലയാളത്തിൽ ഇല്ലെന്നുവന്നു.. 

എന്നാൽ 2016ൽ ബാക്ക് ടു ബാക്ക് ഹിറ്റുകൾ കൊടുത്തതിന് ശേഷം നിവിൻ പോളിയുടെ കരിയറിൽ പ്രകടമായ ഒരു ഗ്രോത്ത് ഉണ്ടായില്ല. ജേക്കബിൻ്റെ സ്വർഗരാജ്യവും ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയും വരെ എത്തിയപ്പോൾ, വ്യത്യസ്തമായ ബോൾഡ് ആയ തെരഞ്ഞെടുപ്പുകൾ നിവിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന പരാതി പ്രേക്ഷകരിൽ നിന്നുമുയർന്നു. ഈ വിമർശനങ്ങളെ തച്ചുടച്ചാണ് 2019ൽ ഗീതു മോഹൻദാസിൻ്റെ മൂത്തോനിലുടെ നിവിൻ്റെ രണ്ടാമത്തെ സംസ്ഥാന പുരസ്കാരം. മൂത്തോനിലെ നിവിന്റെ അഭിനയം ഏറെ പ്രശംസകളും അംഗീകാരവും പിടിച്ചുപറ്റിയെങ്കിലും ഒരു കൊമേർഷ്യൽ സിനിമ അല്ലാത്തത് കൊണ്ടുതന്നെ അതൊന്നും ആഘോഷിക്കപ്പെട്ടില്ല. കായംകുളം കൊച്ചുണ്ണി സാമ്പത്തിക വിജയമുണ്ടാക്കിയെങ്കിലും വലിയ പ്രതീക്ഷയോടെ വന്ന റിച്ചി, മഹാവീര്യർ, പടവെട്ട് പോലെ ബിഗ് ബജറ്റ് ചിത്രങ്ങൾ അമ്പേ പരാജയങ്ങളായിരുന്നു. 

സാറ്റാർഡേ നൈറ്റും തുറമുഖവും രാമചന്ദ്ര ബോസ് ആൻഡ് കോയും തുടർപരാജയങ്ങളായി. ബോഡി ഷെയിമിങ്ങും പരിഹാസങ്ങളും കൊണ്ട് സോഷ്യൽ മീഡിയ അയാളെ വേട്ടയാടി. എന്നാൽ നായകനോ പ്രധാന നടനോ അല്ലാതിരുന്നിട്ടും കഴിഞ്ഞ വർഷം ഇറങ്ങിയ വർഷങ്ങൾക്ക് ശേഷം നിവിനങ്ങ് തൂക്കി.. സാധാരണക്കാരൻ്റെ രൂപഭാവങ്ങളും നിഷ്കളങ്കമായ പ്രകടനവും. മോഹൻലാലിനെക്കുറിച്ച് പറയും പോലെ അനായാസമായി വഴങ്ങുന്ന ഹ്യൂമർ. നിവിനിലെ അതിസാധാരനത്വം നിറഞ്ഞ കളിചിരികളാകണം പിന്നീട് പ്രേക്ഷകന് നഷ്ടപ്പെട്ടു പോയത്. 

ശരിയാണ്, വർഷങ്ങൾക്ക് ശേഷത്തിലെ ഒരു മാസ് രംഗമല്ലാതെ, ആരാധകർക്ക് ആഘോഷിക്കാൻ മാത്രം ഒരു നിവിൻ പോളി ചിത്രം കിട്ടിയിട്ട് കാലമേറെയായി. പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച വിൻ്റേജ് മോഹൻലാലിനെ തിരികെ കിട്ടിയെ സന്തോഷത്തിൽ തുടരും കാണാൻ തിയേറ്ററുകളിലേയ്ക്ക് ഒഴുകുകയാണല്ലോ മലയാളി പ്രേക്ഷകർ. അതുപോലൊരു തിരിച്ചുവരവിനാകണം നിവിൻ പോളിക്കും കളമൊരുങ്ങുന്നത്.

നിവിൻ പഴയ ഫോമിലെത്തിയെന്നും വമ്പൻ തിരിച്ചുവരവാണ് ഇനി നടക്കാൻ പോകുന്നതെന്നും സൂചനകൾ നൽകിയാണ് അടുത്തിടെ പുറത്തെത്തിയ ചിത്രങ്ങളും സിനിമകളുടെ പ്രഖ്യാപനങ്ങളും. എട്ട് ചിത്രങ്ങളാണ് നിവിൻ്റെ ലൈൻ അപ്പിൽ പുറത്തിറങ്ങാനുള്ളത്.  പേരൻപ് ഒരുക്കിയ റാം സംവിധാനം ചെയ്യുന്ന ഏഴ് കടൽ ഏഴ് മലൈ, ബോബി-സഞ്ജയ് തിരക്കഥ രചിച്ച് ചിത്രം ഗരുഡനിലൂടെ ശ്രദ്ധേയനായ അരുൺ വർമ സംവിധാനം ചെയ്യുന്ന ബേബി ഗേൾ ആണ് മറ്റൊരു ചിത്രം. വിനായക അജിത്ത് നിർമിച്ച് താമർ സംവിധാനം ചെയ്യുന്ന ഡോൾബി ദിനേശനിൽ ഓട്ടോക്കാരന്റെ വേഷത്തിലാണ് നിവിൻ പോളി. 

ആദിത്യൻ ചന്ദ്രശേഖറിന്റെ സംവിധാനത്തിലൊരുങ്ങുന്ന മൾട്ടിവേഴ്‌സ് മന്മഥൻ ഇന്ത്യയിലെ ആദ്യത്തെ മൾട്ടിവേഴ്‌സ് സൂപ്പർഹീറോ ചിത്രമാകും ഇതെന്നാണ് പറയപ്പെടുന്നത്. അനുരാജ് മനോഹറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ശേഖര വർമ രാജാവും അണിയറയിലാണ്. ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാരയും നിവിൻ പോളിയും ഒന്നിക്കുന്ന ഡിയർ സ്റ്റുഡൻസ് പോസ്റ്റ് പ്രൊഡക്ഷനിലാണ്. സൂപ്പർഹിറ്റായ ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗവും പ്രീ പ്രൊഡക്ഷൻ സ്റ്റേജിലുണ്ട്. പാച്ചുവും അത്ഭുതവിളക്കിനും ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നിവിൻ പോളിയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. പ്രേക്ഷകർ ആഗ്രഹിച്ച ആ പഴയ കളിചിരികളോടെ വ്യത്യസ്തങ്ങളായ ചിത്രങ്ങളുമായി നിവിൻ തിരിച്ചെത്തിക്കഴിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ