
പേര് വെളിപ്പെടുത്താതെ മലയാള സിനിമയിലെ പ്രമുഖ താരത്തിനെതിരെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൂടിയായ ലിസ്റ്റിൻ സ്റ്റീഫൻ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്ന് സാന്ദ്ര തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സാന്ദ്ര തോമസിന്‍റെ കുറിപ്പ്
"ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹിക്കും അസോസിയേഷനിൽ വിശ്വാസമില്ലാതായോ? സിനിമാ സംഘടനകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ പ്രധാനം സിനിമയ്ക്കകത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളെ രമ്യതയിൽ പരിഹരിക്കുക എന്നുള്ളതാണ്. എന്നാൽ ഇന്നലെ ഒരു പൊതുവേദിയിൽ വച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൂടിയായ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണ്. മലയാളസിനിമയ്ക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്വത്തില്‍ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണം. എനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തിൽ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായി ഞാൻ മുന്നോട്ട് പോയപ്പോൾ എന്നെ സസ്‌പെൻഡ് ചെയ്യാൻ കാണിച്ച (കോടതിയിൽ നിലനിന്നില്ല എങ്കിൽപ്പോലും) പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതൃത്വം ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കാനുള്ള ആർജ്ജവം കാണിക്കണം. കൂടാതെ ഉന്നത ബോഡി എന്ന നിലയിൽ കേരള ഫിലിം ചേംബർ സ്വമേധയാ ഈ വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു".
പോസ്റ്റിന് താഴെ സാന്ദ്ര നല്‍കിയ ഒരു കമന്‍റും ശ്രദ്ധ നേടുന്നുണ്ട്. "ഇതിന്‍റെ പിന്നിൽ ഒരു വൻ കളിയുണ്ട്. അത് മലയാളി പ്രേക്ഷകരെയും മലയാള സിനിമയെയും ബാധിക്കുന്നതാണ്. അത് മറ നീക്കി പുറത്തേക്ക് വരും എന്ന് പ്രതീക്ഷിക്കുന്നു", എന്നാണ് അത്.
ദിലീപിനെ നായകനാക്കി താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ ടീസര്‍ ലോഞ്ച് വേദിയിലായിരുന്നു ലിസ്റ്റിന്‍റെ വിമര്‍ശനം. മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്‍റെ വാക്കുകള്‍. ആ നടന്‍ വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ട്. ആ തെറ്റ് ഇനി ആവർത്തിക്കരുത്. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും പറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ