
തിരുവനന്തപുരം: ഏറെ കാത്തിരുന്ന നിവിൻപോളി ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട സമയം തന്നെ ആരാധാകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. ഒടുവില്‍ ചിത്രം തിയറ്ററിൽ എത്തിയപ്പോള്‍ വലിയ ആഘോഷത്തോടെയാണ് പ്രക്ഷേകര്‍ ഏറ്റെടുത്തിരിക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. സാമൂഹ്യപ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്തതിനോടൊപ്പം ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് ചിത്രം. മികച്ച അവതരണവും ക്യാമറയും ചിത്രത്തിന് കൂടുതൽ മിഴിവേകുന്നുവെന്നും പ്രേക്ഷകർ പറയുന്നു. ഷൈൻടോം ചാക്കോ, അതിഥി ബാലൻ, ഇന്ദ്രൻസ്, ഷമ്മി തിലകൻ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടൻ സണ്ണി വെയ്നും സിദ്ധാർഥ് ആനന്ദ് കുമാറും വിക്രം മെഹ്റയുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
കേരളത്തില്‍ മാത്രം 186 സ്ക്രീനുകളില്‍ ചിത്രത്തിന് റിലീസ് ഉണ്ട്. ജിസിസിയിലും കാനഡ ഉള്‍പ്പെടെയുള്ള മറ്റു വിദേശ മാര്‍ക്കറ്റുകളിലും നാളെത്തന്നെ ചിത്രം പ്രദര്‍ശനം ആരംഭിക്കും. ജിസിസിയില്‍ യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്റിന്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന് റിലീസ്. സ്വന്തം ഗ്രാമത്തിലെ സാധരണക്കാരുടെ പ്രശ്നത്തില്‍ ഇടപെടുകയും അവരുടെ പോരാട്ടത്തില്‍ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിന്‍പുറത്തെ സാധാരണക്കാരനായിട്ടാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലുകളില്‍ ഒന്നായ സരിഗമയുടെ ഭാഗമായ യൂഡ്ലീ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് പടവെട്ട്. ജീവിതത്തില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതിരുന്ന സാധാരണക്കാരനായ യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഴിമതിക്കും ചുഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്.