'നിഴലി'ന് ക്ലീൻ യു സര്‍ട്ടിഫിക്കറ്റ്, ചിത്രം തിയറ്ററുകളിലേക്ക്

By Web TeamFirst Published Apr 6, 2021, 12:32 PM IST
Highlights

നിഴല്‍ സിനിമയുടെ സെൻസര്‍ കഴിഞ്ഞു.

കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് നിഴല്‍. അപ്പു ഭട്ടതിരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ ഒമ്പതിന് റിലീസ് ചെയ്യുന്ന സിനിമയുടെ സെൻസര്‍ കഴിഞ്ഞുവെന്നതാണ് പുതിയ വാര്‍ത്ത. കുഞ്ചാക്കോ ബോബൻ തന്നെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഒരു സസ്‍പെൻസ് ചിത്രമായിരിക്കും നിഴലെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ക്ലീൻ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന സിനിമയുടെ ട്രെയിലറില്‍ ഒരു കുട്ടിയെയും സ്‍ത്രീയെയും കുറിച്ച് ഒരു കഥാപാത്രം പറയുന്നുണ്ട്. ആ സ്‍ത്രീ നയൻതാരയാണെന്ന് വ്യക്തം. അവരുടെ കഥയാണ് ചിത്രം പറയുന്നത് എന്നും സൂചന നല്‍കുന്നു. കുഞ്ചാക്കോ ബോബന്റെ മുഖത്ത് എന്താണ് വെച്ചിരിക്കുന്നത് എന്നതും ഒരു കഥാപാത്രം ചോദിക്കുന്നു. താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മികച്ചൊരു സസ്‍പെൻസ് ത്രില്ലറാകും നിഴലെന്നാണ് ട്രെയിലറില്‍ നിന്നുള്ള സൂചന.

എസ് സഞ്‍ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ഡി മേനോൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു എൻ ഭട്ടതിരിക്കൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.  സ്റ്റെഫി സേവ്യര്‍ ആണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം നിര്‍വഹിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.  സൂരജ് എസ് കുറുപ്പ് ആണ് സംഗീത സംവിധായകൻ. ഉമേഷ് രാധാകൃഷ്‍ണന്‍ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. മലയാളത്തിലെ മറ്റ് പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഹിറ്റ് ചിത്രമായ ലൗ ആക്ഷൻ ഡ്രാമ ആണ് നയൻതാര ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.

click me!