'ഞാനും പിന്നൊരു ഞാനും'; അഞ്ച് വര്‍ഷത്തിനു ശേഷം പുതിയ സിനിമയുമായി രാജസേനന്‍

By Web TeamFirst Published Aug 21, 2022, 8:12 PM IST
Highlights

ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രം

അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ സിനിമയുമായി സംവിധായകന്‍ രാജസേനന്‍. ഞാനും പിന്നൊരു ഞാനും എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റേതാണ്. ചിത്രത്തിന്റെ പൂജ ഇന്ന് എറണാകുളത്ത് വച്ച് നടന്നു. സംവിധായകൻ വിനയൻ, രാജസേനൻ സിദ്ദിഖ് ,ജോസ് തോമസ്, സന്ധ്യ മോഹൻ, തിരക്കഥാകൃത്ത് ഉദയകൃഷ്ണ, നടൻ ഇന്ദ്രൻസ്, സംഗീത സംവിധായകൻ എം ജയചന്ദൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. സംവിധായകൻ റാഫിയും ഉദയകൃഷ്ണയും ചേർന്ന് ഫസ്റ്റ് ക്ലാപ്പ് അടിച്ചു. 

ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ചിത്രം നിർമ്മിക്കുന്നത്. തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനൻ തന്നെയാണ് വേഷമിടുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു. ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഇത്. സർക്കിൾ ഇൻസ്പെക്ടര്‍ പരമേശ്വരനായാണ് ഇന്ദ്രൻസ് എത്തുന്നത്. തുളസീധര കൈമളിന്റെ  വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീർ കരമനയും അമ്മാവൻ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം എം ജയചന്ദ്രൻ ആണ്. രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനരചന ഹരിനാരായണൻ.

 

ഛായാഗ്രഹണം സാംലാൽ പി തോമസ്, എഡിറ്റിംഗ് വി സാജൻ, സ്ക്രിപ്റ്റ് അസിസ്റ്റന്റ് പാർവതി നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രസാദ് യാദവ്, മേക്കപ്പ് സജി കാട്ടാക്കട, കലാസംവിധാനം മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫി ജയൻ ഭരതക്ഷേത്ര, പ്രൊഡക്ഷൻ കൺട്രോളർ എസ് എൽ പ്രദീപ്, സ്റ്റിൽസ് കാഞ്ചൻ ടി ആർ, പിആർഒ മഞ്ജു ഗോപിനാഥ്, ഡിസൈൻസ് ഐഡന്റ് ടൈറ്റിൽ ലാബ്. ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളുടെ വിവരങ്ങൾ  വരും ദിവസങ്ങളിൽ പുറത്തു വിടും. ഒക്ടോബർ ആദ്യ വാരം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്.

ALSO READ : തെലുങ്കിലെ 'സ്റ്റീഫന്‍' എത്തി; ഒപ്പം സല്‍മാന്‍, നയന്‍താര; 'ഗോഡ്‍ഫാദര്‍' ടീസര്‍

click me!