
ആന്ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ (Ratheesh Balakrishnan Poduval) സംവിധാനം ചെയ്യുന്ന സിനിമ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ന്നാ താന്‍ കേസ് കൊട് (Nna Thaan Case Kodu) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആണ് നായകന്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ച ചിത്രമാണിത്. ചെറുവത്തൂരില്‍ നടന്ന ചടങ്ങില്‍ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ജനപ്രതിനിധികളും പങ്കെടുത്തു.
സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു. ജ്യോതിഷ് ശങ്കര്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും കനകം കാമിനി കലഹത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രതിഭാധനനായ ഒരു സംവിധായകന്‍റെ വരവറിയിച്ച ആളാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. മലയാളത്തില്‍ അതുവരെ കാണാത്ത തരത്തിലുള്ള ഒരു വിഷയവും അവതരണ രീതിയുമായിരുന്നു ചിത്രത്തിലേത്. ബോക്സ് ഓഫീസില്‍ മികച്ച വിജയവും നേടിയിരുന്നു ചിത്രം. എന്നാല്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് രതീഷിന്‍റെ രണ്ടാം ചിത്രം കനകം കാമിനി കലഹം പ്രേക്ഷകരിലേക്ക് എത്തിയത്. നവംബര്‍ 11ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു റിലീസ്. കൊവിഡ് കാലത്ത് നിബന്ധനകളോടെയുള്ള ഇന്‍ഡോര്‍ ചിത്രീകരണത്തോടെ പുറത്തെത്തിയ സിനിമകളില്‍ ഏറ്റവും സര്‍ഗാത്മകതയുള്ള സൃഷ്ടിയായിരുന്നു ഈ ചിത്രം. നിവിന്‍ പോളി നായകനായും നിര്‍മ്മാതാവുമായെത്തിയ ചിത്രം ഹാസ്യരസപ്രദാനമായിരുന്നു. പവിത്രന്‍ എന്ന എക്സ്ട്രാ നടനായുള്ള നിവിന്‍ പോളിയുടെയും ഭാര്യാ കഥാപാത്രമായി എത്തിയ ഗ്രേസ് ആന്‍റണിയുടെയും പ്രകടനങ്ങള്‍ കൈയടികള്‍ നേടിയിരുന്നു.
ഏലിയന്‍ അഥവാ 'അളിയന്‍'; 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്' രണ്ടാംഭാഗം വരുന്നു
അതേസമയം മറ്റൊരു ചിത്രം കൂടി രതീഷിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍റെ രണ്ടാം ഭാഗമാണിത്. ഏലിയന്‍ അഥവാ അളിയന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം എസ്ടികെ ഫിലിംസിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രഖ്യാപിച്ച പ്രോജക്റ്റ് ആണിത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ