മാപ്പ് പറയില്ല, തെറ്റ്‌ പറ്റിയെങ്കിൽ മാത്രമാണ് മാപ്പ്, പ്രത്യേക അജണ്ടയുള്ളവർ മാത്രമേ തന്നെ സംശയിക്കൂ: കമൽ ഹാസൻ

Published : May 30, 2025, 03:21 PM IST
മാപ്പ് പറയില്ല, തെറ്റ്‌ പറ്റിയെങ്കിൽ മാത്രമാണ് മാപ്പ്, പ്രത്യേക അജണ്ടയുള്ളവർ മാത്രമേ തന്നെ സംശയിക്കൂ: കമൽ ഹാസൻ

Synopsis

'എല്ലാ തെക്കേയിന്ത്യൻ ഭാഷകളോടും തനിക്കുള്ള സ്നേഹം ആത്മാർത്ഥമാണ്. ഞാൻകേരളത്തെയും ആന്ധ്രയെയും കർണാടകത്തെയും ഒരുപോലെ സ്നേഹിക്കുന്നയാൾ'

ചെന്നൈ : പുതിയ ചിത്രം തഗ് ലൈഫിനെതിരെ കർണാടകയിൽ നടക്കുന്ന ബഹിഷ്കരണ ഭീഷണി തള്ളി നടൻ കമൽ ഹാസൻ. കന്നട ഭാഷയുമായി ബന്ധപ്പെട്ട തന്റെ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് കമൽഹാസൻ വ്യക്തമാക്കി. തെറ്റ്‌ പറ്റിയെങ്കിൽ മാപ്പ് പറയും. ഇല്ലെങ്കിൽ മാപ്പില്ല. പ്രത്യേക അജണ്ടയുള്ളവർ മാത്രമേ തന്നെ സംശയിക്കൂ. എല്ലാ തെക്കേയിന്ത്യൻ ഭാഷകളോടും തനിക്കുള്ള സ്നേഹം ആത്മാർത്ഥമാണ്. കേരളത്തെയും ആന്ധ്രയെയും കർണാടകത്തെയും ഒരുപോലെ സ്നേഹിക്കുന്നയാളാണ് ഞാൻ. മുൻപും തനിക്ക് നേരേ ഭീഷണി ഉയർന്നിട്ടുണ്ട്. രാജ്യതാല്പര്യത്തിന് വേണ്ടിയാണ് ഡിഎംകെയുമായി സഹകരിക്കുന്നതെന്നും മുഖ്യമന്ത്രി സ്റ്റാലിനെ  കാണാൻ ഡിഎംകെ ആസ്ഥാനത്തെത്തിയ കമൽ ഹാസൻ വ്യക്തമാക്കി.

ആദിദ്രാവിഡ ഭാഷകളെക്കുറിച്ചുള്ള കമൽഹാസന്‍റെ പ്രസ്താവനയിന്മേലാണ് വിവാദം. കന്നഡ ഭാഷ തമിഴിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് കമൽ ഹാസൻ തന്‍റെ പുതിയ സിനിമയായ 'തഗ് ലൈഫി'ന്‍റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ പറഞ്ഞിരുന്നു. ഇത് കന്നഡയെ അപമാനിക്കുന്നതാണെന്നാരോപിച്ച് ബിജെപിയും കന്നഡ ഭാഷാ സംഘടനകളും രംഗത്തെത്തിയതോടെയാണ് വിവാദം ശക്തമായത്. 'തഗ് ലൈഫ്' കർണാടകയിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും സിനിമയെ ബഹിഷ്കരിക്കണമെന്നും കന്നഡ ഭാഷാ സംഘടനകൾ ആവശ്യപ്പെട്ടു. 

കർണാടകയിലെ തന്‍റെ കുടുംബാംഗമാണ് നടൻ ശിവരാജ്‍കുമാർ എന്നും അദ്ദേഹം സംസാരിക്കുന്ന ഭാഷ തന്‍റെ ഭാഷയായ തമിഴിൽ നിന്ന് ഉദ്ഭവിച്ചതാണെന്നും, അതിനാൽ തങ്ങൾ സഹോദരങ്ങളെപ്പോലെയാണ് എന്നുമായിരുന്നു കമൽഹാസന്‍റെ പ്രസ്താവന. തന്‍റെ ഭാഷയെ പുകഴ്ത്താൻ മറ്റൊരു ഭാഷയെ ഇകഴ്ത്തുകയാണ് കമൽഹാസൻ ചെയ്തതെന്ന് കർണാടക ബിജെപി സംസ്ഥാനാധ്യക്ഷൻ വിജയേന്ദ്ര വിമർശിച്ചു. കമലിന്‍റെ പരാമർശത്തിനെതിരെ തമിഴ്നാട് ബിജെപിയും രംഗത്തെത്തി. 

കരുതലോടെയാണ് ഈ വിഷയത്തിൽ കർണാടകയിലെ കോൺഗ്രസ് പ്രതികരിച്ചത്. ഭാഷകളുടെ ഉദ്ഭവത്തെക്കുറിച്ച് പാവം കമൽഹാസന് അറിവില്ലായിരിക്കുമെന്നായിരുന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. എന്നാൽ താൻ സ്നേഹത്തോടെ നടത്തിയ പ്രസംഗമാണതെന്നും, തന്‍റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും തിരുവനന്തപുരത്ത് നടത്തിയ തഗ് ലൈഫ് പ്രൊമോഷൻ പരിപാടിയിൽ കമൽഹാസൻ പറഞ്ഞു. ഈ പ്രസംഗത്തിന്‍റെ പേരിൽ ഒരു കാരണവശാലും മാപ്പ് പറയില്ലെന്നും കമൽഹാസൻ വ്യക്തമാക്കി.
 

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു