
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം 2 എന്ന സീരിയലിൽ ആകാശ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് ബിബിൻ ബെന്നി. സീരിയലുകൾ കൂടാതെ തേനിച്ചയും പീരങ്കിയും എന്ന സിനിമയിലും ചില ഷോർട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു ഡബ്ബിങ്ങ് ആർടിസ്റ്റ് കൂടിയായ ബിബിൻ കോട്ടയം സ്വദേശിയാണ്. എംബിഎ ഗ്രാജുവേറ്റാണ് ബിബിൻ. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് കുടുംബം. കരിയറിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ മനസു തുറന്നുകൊണ്ടുള്ള ബിബിന്റെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.
തന്റെ അച്ഛനും അഭിനയമോഹം ഉണ്ടായിരുന്നയാൾ ആണെന്നും ബിബിൻ പറഞ്ഞു. ''സീരിയലിൽ അഭിനയിക്കണം, നിർമിക്കണം എന്നൊക്കെ പറഞ്ഞു നടന്നിട്ടുള്ളയാളാണ് അച്ഛൻ. അതിന്റെ പേരിൽ വീട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ ഒരുപാട് ചീത്ത കേട്ടിട്ടുണ്ട്. വിവാഹത്തിനു മുൻപും ശേഷവുമൊക്കെ ബന്ധുക്കളടക്കം. ഒരുപാട് പേർ പുച്ഛിച്ചു തള്ളിയിട്ടുണ്ട്. സീരിയലിൽ ഞാൻ എത്തുന്നതുവരെ അച്ഛനെ കുറ്റം പറഞ്ഞിരുന്നവരായിരുന്നു കൂടുതലും.
അതിൽ സുഹൃത്തുക്കളും ബന്ധുക്കളും ഒളിഞ്ഞും തെളിഞ്ഞും നിന്നും പറഞ്ഞവരും അങ്ങനെ എല്ലാവരും ഉണ്ട്. ഞാൻ സീരിയലിൽ എത്തിയപ്പോഴും തുടക്കത്തിലൊക്കെ ആദ്യം പലർക്കും പുച്ഛമായിരുന്നു. പക്ഷേ പിന്നീട് അതെല്ലാം മാറ്റിയെടുത്തു. അച്ഛന്റെ ആഗ്രഹം ഞാൻ എന്നിലൂടെ നിറവേറ്റി എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്'', ബിബിൻ അഭിമുഖത്തിൽ പറഞ്ഞു.
ഓഡിഷനുകളിലൂടെയാണ് താൻ അഭിനയരംഗത്തെത്തിയതെന്ന് ബിബിൻ പറയുന്നു. നിരവധി ചെറുപ്പക്കാർ സീരിയൽ അഭിനയിക്കാനുള്ള ഓഡിഷന് വരാറുണ്ടെന്നും നല്ല മൽസരം ഉള്ള മേഖലയാണ് ഇതെന്നും താരം കൂട്ടിച്ചേർത്തു. എല്ലാവരേയും പോലെ സിനിമയിൽ അഭിനയിക്കുക എന്നതാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്നും ബിബിൻ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക