അജനീഷ് ലോക്നാഥ് അല്ല, കാട്ടാളനിൽ സംഗീത വിസ്മയമൊരുക്കാൻ രവി ബസ്‌റൂർ; ആന്റണി വർഗീസ് ചിത്രം റിലീസിനൊരുങ്ങുന്നു

Published : Apr 01, 2026, 11:07 PM IST
Ravi Basrur

Synopsis

ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ചിത്രം മെയ് 14-ന് പാൻ ഇന്ത്യൻ റിലീസായി ലോകമെമ്പാടും എത്തും. അന്താരാഷ്ട്ര പ്രശസ്തനായ കെച്ച കെംബാക്ഡിയാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പോൾ ജോർജ് സംവിധാനം ചെയ്ത് ആൻ്റണി വർഗീസ് നായകനാകുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'കാട്ടാളൻ'. Kattalan movie Ravi Basrur

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളന് സംഗീതമൊരുക്കാൻ കെജിഎഫ്, മാർക്കോ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ രവി ബസ്‌റൂർ. നേരത്തെ അജനീഷ് ലോക്നാഥ് ആയിരുന്നു ചിത്രത്തിന് സംഗീതമൊരുക്കുക എന്ന വാർത്തകൾ വന്നിരുന്നെങ്കിലും, അജനീഷിന് പകരം രവി ബസ്‌റൂർ ആയിരിക്കും കാട്ടാളന് സംഗീതമൊരുക്കുക എന്ന ഔദ്യോഗിക സ്ഥിരീകരണമാണ് ഇപ്പോൾ വന്നിരിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിലീസുകളിലൊന്നായി മെയ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മാർക്കോ' എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ചിത്രമാണിത്. ആൻ്റണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

കെജിഎഫ് 1 , കെജിഎഫ് 2 , സലാർ, മാർക്കോ എന്നീ ചിത്രങ്ങളിലൂടെ തീയേറ്ററുകളിൽ പ്രകമ്പനം സൃഷ്‌ടിക്കുന്ന ഗാനങ്ങളും പശ്‌ചാത്തല സംഗീതവുമൊരുക്കിയ രവി ബസ്‌റൂർ വീണ്ടും മലയാളത്തിലെത്തുമ്പോൾ, ത്രസിപ്പിക്കുന്ന തീയേറ്റർ അനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. മെഗാ കാൻവാസിൽ ആക്ഷൻ ത്രില്ലർ ആയൊരുക്കിയ കാട്ടാളനിൽ രവി ബസ്‌റൂരിന്റെ സിഗ്നേച്ചർ സംഗീതവും കൂടെ ഒത്തുചേരുമ്പോൾ തീയേറ്ററുകൾ പൂരപ്പറമ്പുകളാകുമെന്ന കാര്യത്തിൽ സംശയമില്ല. രവി ബസ്‌റൂർ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വാർത്ത, ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളമുയർത്താനും കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര ചിത്രങ്ങളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ആക്ഷനും സംഗീതവുമായി ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലറായാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ജോബി വർഗീസ്, പോൾ ജോർജ് , ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ഉണ്ണി ആർ ആണ്.

ചിത്രത്തിൻ്റെ ടീസർ നേരത്തെ പുറത്ത് വരികയും ഗംഭീര പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയാണ് ചിത്രത്തിന്റെ ടീസർ രൂപപ്പെടുത്തിയിരിക്കുന്നത്. മലയാള സിനിമ ഇത് വരെ കാണാത്ത അമ്പരപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസർ കാണിച്ചു തരുന്നത്. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധ നേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, "കിൽ" എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, റാപ്പർ ബേബി ജീൻ, ഹിപ്സ്റ്റർ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തായ്‌ലൻ്റിൽ ഒരുക്കിയത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ "പോങ്" എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്. ഒരു പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ പ്രോജക്ട് മെഗാ ക്യാൻവാസിലാണ് ഒരുക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് ഡീലുകളിൽ ഒന്ന് ഇതിനോടകം സ്വന്തമാക്കിയ ചിത്രം, ഷൂട്ടിംഗ് പൂർത്തിയാവുന്നതിന് മുൻപ് തന്നെ മലയാളത്തിലെ പല പ്രീ റിലീസ് റെക്കോർഡുകളും ഭേദിച്ച് കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ടി സീരീസ് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ഷെമാറൂ ആണ് ചിത്രത്തിൻ്റെ ഡിജിറ്റൽ, സാറ്റലൈറ്റ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ഫാർസ് ഫിലിംസ് ആയി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പൻ വിദേശ റിലീസിനായി "കാട്ടാളൻ" ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

എക്സികുട്ടീവ് പ്രൊഡ്യൂസർ- ജുമാന ഷരീഫ്, ഛായാഗ്രഹണം - റെനഡിവേ, അഡീഷണൽ ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്, സംഗീതം- ബി അജെനീഷ് ലോക്നാഥ്, എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, സംഘട്ടനം- കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ദാസ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, ഓഡിയോഗ്രഫി- രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈനർ- കിഷൻ, സപ്ത റെക്കോർഡ്‌സ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, വരികൾ- സുഹൈൽ കോയ, സ്റ്റിൽ ഫോട്ടോഗ്രാഫർ- അമൽ സി സദർ, നൃത്തസംവിധാനം- ഷരീഫ്, വിഎഫ്എക്സ്- 3 ഡോർസ്, ഓവർസീസ് ഡിസ്ട്രിബുഷൻ പാർട്ണർ - ഫാർസ് ഫിലിംസ്, പിആർ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മലയാളം പിആർഒ- ആതിര ദിൽജിത്, ഹിന്ദി മാർക്കറ്റിങ്- മാക്സ് മാർക്കറ്റിങ് ലിമിറ്റഡ്, തമിഴ് പിആർഒ- സതീഷ് എസ് 2 ഇ, ശ്രീ വെങ്കടേഷ് പി, തമിഴ് ഡിജിറ്റൽ മാർക്കറ്റിങ്- ആകാശ്, തെലുങ്ക് പിആർഒ- വംശി ശേഖർ, തെലുങ്ക് ഡിജിറ്റൽ മാർക്കറ്റിങ് - ഹാഷ്ടാഗ് മീഡിയ, ദിലീപ്, കന്നഡ പിആർഒ- ശ്രേയ ഉഞ്ചലി, ടൈറ്റിൽ ഡിസൈൻ- ഐഡൻറ് ലാബ്സ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജോജു ജോർജ്- ഷാജി കൈലാസ് ആക്ഷൻ ചിത്രം 'വരവ്' റിലീസ് പ്രഖ്യാപിച്ചു
'ബിജെപിക്കാരാണെന്ന് പറഞ്ഞതിന് ശേഷം വര്‍ക്ക് കിട്ടിയില്ലെന്ന് പറഞ്ഞ അഭിനേതാക്കള്‍ ഉണ്ട്'; നന്ദു പറയുന്നു