
കൊച്ചി: മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്നു. ഈ വര്‍ഷത്തെ ഓണം റിലീസുകളില്‍ ആദ്യമെത്തിയ ചിത്രവുമായിരുന്നു ഇത്. എന്നാല്‍ ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം ചിത്രത്തിനെതിരെ വ്യാപകമായ രീതിയില്‍ ഡീഗ്രേഡിംഗ് നടന്നതായി അണിയറക്കാര്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ചിത്രത്തിനെതിരെ നടക്കുന്ന ഡീഗ്രേഡിംഗിനെതിരെ നടി നൈല ഉഷ രംഗത്ത് എത്തിയിരിക്കുന്നു. തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയിലാണ് നൈല കൂടി അഭിനയിച്ച ചിത്രത്തിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ താരം പറയുന്നത്.
"ഞാന്‍ പറയുന്ന കാര്യം കിംഗ് ഓഫ് കൊത്തയുടെ അണിയറക്കാര്‍ അറിഞ്ഞൊണ്ട് പറയുന്നതല്ല. സിനിമയുടെ അണിയറക്കാര്‍ക്ക് ഞാന്‍ പറയുന്നത് ഇഷ്ടപ്പെടുമോ എന്ന് എനിക്കറിയില്ല. പക്ഷെ എനിക്കിത് പറയണമെന്ന് തോന്നി. എന്തിനാണ് ആവശ്യമില്ലാതെ നെഗറ്റിവിറ്റി കുറേ ആളുകള്‍ പ്രചരിപ്പിക്കുന്നത്. അതെനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ല.
എല്ലാ സിനിമകളും എല്ലാര്‍ക്കും ഇഷ്ടമാകില്ലല്ലോ. ഒരു സിനിമയെ മാത്രം ലക്ഷ്യം വച്ച് ആക്രമിക്കേണ്ടതുണ്ടോ? എല്ലാവരും സിനിമ തീയറ്ററില്‍ കാണട്ടെ. അവരുടെ ഇഷ്ടപ്പെട്ട താരം രണ്ട് കൊല്ലത്തിന് ശേഷം ഒരു ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അവര്‍ വന്ന് കണ്ട് അസ്വദിക്കട്ടെ എന്നിട്ട് അവര്‍ തീരുമാനിക്കട്ടെ. അതിന് അവസരം കൊടുക്കൂ. അല്ലാതെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യുന്നത് എന്തിനാണ്. അവര്‍ വലിയ ആളുകളുടെ മക്കളാണെന്ന് ഓക്കെ കരുതി അവര്‍ക്ക് ഒരു ഇളവും കൊടുക്കരുത് എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഇത് ചെയ്യുന്നത് ആരാണെങ്കിലും അത് ശരിയല്ലെന്നെ ഞാന്‍ പറയൂ.
എനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടപ്പെട്ട സിനിമയാണ് കിംഗ് ഓഫ് കൊത്ത.ഞാന്‍ അഭിനയിച്ച സിനിമ ആയതുകൊണ്ടല്ല ഇത് പറയുന്നത്. ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളുടെയും ഫാന്‍ അല്ല ഞാന്‍ പക്ഷെ ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്".
വേഫേറെർ ഫിലിംസുമാണ് ചിത്രം നിർമ്മിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്.
കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.
"അഴകൊത്ത രാജ പുറപ്പെട്ട് വാടാ" കിംഗ് ഓഫ് കൊത്തയിലെ പ്രൊമോ സോങ് റിലീസായി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ