'മലയാള സിനിമ ഞെട്ടാന്‍ പോകുന്ന ബജറ്റും ടെക്നോളജിയും'; വി എ ശ്രീകുമാറിന്‍റെ 'രണ്ടാമൂഴ'ത്തെക്കുറിച്ച് ഒമര്‍ ലുലു

By Web TeamFirst Published May 22, 2020, 11:23 PM IST
Highlights

'എല്ലാം നല്ല രീതിയിൽ പ്രതീക്ഷക്കൊത്ത്‌ നടന്നാൽ മലയാള സിനിമ ഇന്നുവരെ കാണാത്ത വിസ്മയാവഹമായ ഒരു പ്രൊജക്റ്റായി മാറും..'

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യാനിരുന്ന 'രണ്ടാമൂഴം' സംബന്ധിച്ച് നിലവില്‍ കേസ് നടക്കുകയാണ്. സിനിമ സംബന്ധിച്ച കരാര്‍ ഒപ്പു വച്ചിട്ട് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും പ്രോജക്ട് യാഥാര്‍ഥ്യമാവാത്തതിനെത്തുടര്‍ന്ന് തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെത്തിയ ശ്രീകുമാര്‍ അനുകൂല ഉത്തരവ് നേടിയെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ 'എന്‍റെ ഭീമന്' എന്നു പറഞ്ഞാണ് ശ്രീകുമാര്‍ ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ ആ പോസ്റ്റിനു താഴെ നിരവധി മോഹന്‍ലാല്‍ ആരാധകര്‍ നെഗറ്റീവ് കമന്‍റുകളുമായി എത്തിയിരുന്നു. എന്നാല്‍ ആ പ്രോജക്ടിനെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവച്ചിരിക്കുകയാണ് മറ്റൊരു സംവിധായകന്‍. ഒമര്‍ ലുലുവാണ് വി എ ശ്രീകുമാറിന്‍റെ 'രണ്ടാമൂഴ'ത്തെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

"പറഞ്ഞു കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാൻ പോകുന്ന ബജറ്റും ടെക്‌നോളജിയും ക്രൂവുമാണ് ലാലേട്ടന്‍റെ ഭീമനായി വി എ ശ്രീകുമാറേട്ടന്‍ ഒരുക്കുന്നത്. എല്ലാം നല്ല രീതിയിൽ പ്രതീക്ഷക്കൊത്ത്‌ നടന്നാൽ മലയാള സിനിമ ഇന്നുവരെ കാണാത്ത വിസ്മയാവഹമായ ഒരു പ്രൊജക്റ്റായി മാറും. പിന്നെ സിനിമ എന്നു പറഞ്ഞാൽ ലാലേട്ടൻ പറഞ്ഞ പോലെ ഒരു മാജിക്കാണ്. ആർക്കും പിടികിട്ടാത്ത മാജിക്. ഒരു കാണിപ്പയ്യൂരിനും പ്രവചിക്കാൻ പറ്റാത്ത മാജിക്. അതുകൊണ്ട് അദ്ദേഹത്തിന് അത്മവിശ്വാസം കൊടുക്കുക. നല്ല ഒരു സിനിമയായി മാറട്ടെ", ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു. 

കരാര്‍ ഒപ്പു വച്ചതിനു ശേഷം അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും സിനിമ നടക്കാതിരുന്നതിനാല്‍ കോഴിക്കോട് മുന്‍സിഫ് കോടതിയിലാണ് എം ടി ആദ്യം ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് മധ്യസ്ഥ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് വി എ ശ്രീകുമാര്‍ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളിയതിനാല്‍ പിന്നീടദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും തള്ളിയതോടെയാണ് ഇതേ ആവശ്യവുമായി സംവിധായകന്‍ സുപ്രീം കോടതിയെ സമീപിച്ചത്. 

click me!