
ബോളിവുഡിനെ കണ്ണീരിലാഴ്‍ത്തി സുശാന്ത് സിംഗ് രാജ്‍പുത് വിട പറഞ്ഞിട്ട് ഇന്നേയ്‍ക്ക് രണ്ട് വര്‍ഷം തികയുകയാണ്. 2020 ജൂണ്‍ 14നാണ് സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തിയിത്. സുശാന്ത് സിംഗിന്റെ മരണം ബോളിവുഡിനെയാകെ പിടിച്ചുലച്ചിരുന്നു. ഇപ്പോഴിതാ സുശാന്ത് സിംഗിന്റെ ഓര്‍മ ദിനത്തില്‍ ഫോട്ടോകള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി (Sushant Singh).
എന്നും നിന്നെ മിസ് ചെയ്യുന്നുവെന്ന് മാത്രമാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി റിയ ചക്രബര്‍ത്തി എഴുതിയിരിക്കുന്നത്. ഇരുവരും ഒന്നിച്ച് ഉല്ലാസഭരിതരായി ഇരിക്കുന്ന കുറച്ചു ഫോട്ടോകളാണ് റിയ ചക്രബര്‍ത്തി പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഒട്ടേറെ പേര്‍ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. ചിലര്‍ റിയയെ ആശ്വസിപ്പിക്കുമ്പോള്‍ മറ്റ് ചിലര്‍ രൂക്ഷമായി വിമര്‍ശിക്കുകയാണ്.
സുശാന്ത് സിംഗ് രാജ്‍പുതിന്റെ മരണം ബോളിവുഡിനെ വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. ബോളിവുഡിലെ വിവേചനമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാട്ടി താരങ്ങളടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. മരണത്തെ കുറിച്ചുള്ള അന്വേഷണം റിയയിലേക്കും നീങ്ങി. മരിക്കുന്നതിന് മുൻപ് രാത്രി സുശാന്ത് റിയായെ ഫോണില്‍ വിളിക്കാൻ ശ്രമിച്ചിരുന്നെന്നും പക്ഷേ കിട്ടിയില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അവസാന നാളുകളില്‍ തങ്ങള്‍ പിരിഞ്ഞിരുന്നുവെന്നായിരുന്നു റിയയുടെ മൊഴി. ഈ അന്വേഷണം പിന്നീട് ബോളിവുഡിലെ ഉന്നതരിലേക്കും എത്തിയിരുന്നു.
ഇതിനിടയിലാണ് സുശാന്ത് ലഹരി മരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നെന്ന് മുൻ അംഗരക്ഷൻ വെളിപ്പെടുത്തിയത്. ലഹരി വസ്‍തുക്കള്‍ ആവശ്യപ്പെട്ട് റിയ നടത്തിയ ചാറ്റുകള്‍ എൻഫോഴ്‍സ്‍മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടെത്തിയിരുന്നു. ലഹരി മരുന്ന് സുശാന്ത് സിംഗിന് നല്‍കിയെന്ന് സൂചനയും ഈ ചാറ്റുകളുണ്ടായിരുന്നു. പിന്നാലെ നര്‍ക്കോടിക് കണ്‍ട്രോള്‍ ബ്യൂറോയും കേസെടുത്തു. ബോളിവുഡിലെ മയക്കുമരുന്ന് ഉറവിടത്തിലേക്കും ഈ അന്വേഷണം നീങ്ങി.
ഇതിനിടിയില്‍ സുശാന്ത് സ്ഥിരമായി ലഹരി വസ്‍തുക്കള്‍ ഉപയോഗിച്ചിരുന്നതായി റിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സിബിഐ നിരവധി തവണ റിയയെ ചോദ്യം ചെയ്യുകയും താരത്തെ അറസ്റ്റ് ചെയ്‍ത് റിമാൻഡ് ചെയ്യുകയും ചെയ്‍തിരുന്നു. സുശാന്തിന് ലഹരി മരുന്ന് വാങ്ങി നല്‍കിയെന്ന് റിയ സമ്മതിച്ചുവെന്നായിരുന്നു റിമാൻഡ് റിപ്പോര്‍ട്ട്. പിന്നീട് റിയ ജാമ്യത്തില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍ സുശാന്ത് സിംഗിന്റേത് കൊലപാതകമാണെന്ന വാദം ദില്ലി എയിംസിലെ ഡോക്ടര്‍മാരുടെ സംഘം തള്ളിയിരുന്നു. എന്തുതന്നെയായാലും സുശാന്ത് സിംഗിനെ മരണത്തിലേക്ക് നയിച്ചതിന്റെ കാരണങ്ങള്‍ കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല.
Read More : സുശാന്ത് സിംഗ് ആത്മഹത്യ ചെയ്‍തത് എന്തിന്?, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ