വമ്പൻ റിലീസുമായി യുവതാരങ്ങൾ; ഓണം റിലീസ് റെക്കോർഡുകൾ തിരുത്തുമോ?

Published : Jan 22, 2026, 07:18 PM IST
Onam 2026 malayalam releases

Synopsis

പൃഥ്വിരാജിന്റെ 'ഖലീഫ', ദുൽഖർ സൽമാന്റെ 'ഐ ആം ഗെയിം', നിവിൻ പോളിയുടെ 'ബത്‌ലഹേം കുടുംബ യൂണിറ്റ്', വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ 'തുടക്കം' എന്നിവയാണ് പ്രധാന റിലീസുകൾ.

കഴിഞ്ഞ ഓണക്കാലം മലയാള സിനിമയെ സംബന്ധിച്ച് പ്രധാനപെട്ട വർഷമായിരുന്നു. മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹൃദയപൂർവം, ഡൊമിനിക് അരുൺ, കല്യാണി പ്രിയദർശനെ നായികയാക്കി ഒരുക്കിയ ലോക ചാപ്റ്റർ 1 ചന്ദ്ര, ഫഹദ് ഫാസിൽ- അൽതാഫ് സലിം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഓടും കുതിര ചാടും കുതിര, അഖിൽ അനിൽകുമാർ അർജുൻ അശോകനെ നായകനാക്കി ഒരുക്കിയ തലവര എന്നീ സിനിമകളാണ് കഴിഞ്ഞ വർഷം ഓണക്കാലത്ത് പുറത്തിറങ്ങിയത്.

വലിയ പ്രീ റിലീസ് ഹൈപ്പുകൾ ഇല്ലാതെയെത്തിയ ലോക മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റടിച്ച കാഴ്ചയ്ക്ക് കൂടിയാണ് ഓണക്കാലം സാക്ഷിയായത്. ഹൃദയപൂർവം 100 കോടി ക്ലബ്ബിൽ ഇടം നേടുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം ലഭിച്ച ഓടും കുതിര ചാടും കുതിര, തലവര എന്നീ ചിത്രങ്ങൾ ഒടിടി റിലീസിന് ശേഷം മികച്ച പ്രശംസകൾ നേടിയിരുന്നു.

പ്രതീക്ഷയുള്ള ചിത്രങ്ങൾ

ഈ വർഷവും ഓണക്കാല റിലീസുകൾ പ്രതീക്ഷയുടേതാണ്. യുവതാരങ്ങളുടെ ക്ലാഷ് റിലീസാണ് ഈ വർഷത്തെ ഓണം റിലീസുകളുടെ ഏറ്റവും വലിയ പ്രത്യേകത. വൈശാഖ്- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഖലീഫ, നഹാസ് ഹിദായത്- ദുൽഖർ സൽമാൻ കോമ്പോയുടെ ഐ ആം ഗെയിം, ഗിരീഷ് എ.ഡി നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ്, വിസ്മയ മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്നീ ചിത്രങ്ങളാണ് പ്രധാനമായും ഈ വർഷത്തെ ഓണത്തിനെത്തുന്നത്.

പോക്കിരിരാജയ്ക്ക് ശേഷം പൃഥ്വി- വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഖലീഫ. എമ്പുരാന് ശേഷം മോഹൻലാൽ- പൃഥ്വി കൂട്ടുകെട്ട് ഖലീഫയിലൂടെ വീണ്ടുമെത്തുന്നത് ചെറുതല്ലാത്ത ഹൈപ്പ് സിനിമയ്ക്ക് നൽകുന്നുണ്ട്. ആമിർ അലി എന്ന കഥാപാത്രമായി പൃഥ്വി എത്തുമ്പോൾ മാമ്പറക്കൽ അഹ്മദ് അലി എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്.

അതേസമയം ആക്ഷൻ ത്രില്ലർ ആർഡിഎക്‌സിന് ശേഷം നഹാസ് തന്റെ രണ്ടാം ചിത്രവുമായി എത്തുമ്പോൾ പ്രതീക്ഷയേറാനുള്ള പ്രധാന കാരണം നായകനായി ദുൽഖർ എത്തുന്നു എന്നത് തന്നെയാണ്. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽഖർ നായകനായി എത്തുന്ന മലയാള ചിത്രം കൂടിയാണ് ഐ ആം ഗെയിം. സോഷ്യൽ മീഡിയയിൽ പൃഥ്വി- ദുൽഖർ ആരാധകർ ഇപ്പോൾ തന്നെ സംവാദങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

പ്രേമലു 2 പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകർക്ക് അപ്രതീക്ഷിതമായി കിട്ടിയ സർപ്രൈസ് ആയിരുന്നു ബത്‌ലഹേം കുടുംബ യൂണിറ്റ്. ഗിരീഷ് എ.ഡിയും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുമ്പോൾ നിർമ്മാതാക്കളായി ഭാവന സ്റ്റുഡിയോസ് ആണ് അണിയറയിലുള്ളത്. തെന്നിന്ത്യയിലെ ശ്രദ്ധേയ താരങ്ങളായ വിജയ്, ധനുഷ്, സൂര്യ, പ്രദീപ് രംഗനാഥൻ എന്നിവരുടെ നായികയായ ശേഷം മമിത മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'നുണ്ട്. സർവ്വം മായ'യിലൂടെ തന്‍റെ സ്ട്രോങ്ങ് സോണിലേക്ക് തിരിച്ചെത്തിയ നിവിൻ റൊമാന്‍റിക് കോമഡി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗിരീഷ് എ ഡിയോടൊപ്പം ഒരുമിക്കുമ്പോള്‍, 2026-ലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായി മാറിയിരിക്കുകയാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റ്.

2018 എന്ന സർവൈവൽ ത്രില്ലർ ചിത്രത്തിന് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രം പ്രതീക്ഷ നൽകുന്നത് പലവിധ കാരണങ്ങൾ കൊണ്ടാണ്. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ഈ വർഷം ഓണത്തിന് തിയേറ്ററുകളിൽ എത്തുമെന്ന പ്രതീക്ഷിക്കുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. യുവതാരങ്ങൾ മാറ്റുരയ്ക്കുമ്പോൾ ഇത്തവണത്തെ ഓണം വിന്നർ ആരാവും എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

വിജയ് ആരാധകർക്ക് നിരാശ; ‘ജനനായകൻ’ റിലീസ് ഇനിയും നീളും
'ഒരു കാലഘട്ടം വീണ്ടും നടക്കുന്നു'; 32 വർഷങ്ങൾക്ക് ശേഷം ആ കൂട്ടുകെട്ട് വീണ്ടും; മമ്മൂട്ടി- അടൂർ ചിത്രത്തിന് നാളെ തുടക്കം