തെരഞ്ഞെടുപ്പിന് മുന്‍പ് 'കടയ്ക്കല്‍ ചന്ദ്രന്‍' അധികാരമേല്‍ക്കുമോ? പ്രഖ്യാപനം നാളെ

By Web TeamFirst Published Mar 21, 2021, 6:59 PM IST
Highlights

ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കട്ടുകളൊന്നും ഇല്ലാതെതന്നെ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്

മുഖ്യമന്ത്രിയുടെ റോളില്‍ മമ്മൂട്ടി ആദ്യമായി എത്തുന്ന സിനിമയാണ് 'വണ്‍'. രാഷ്ട്രീയ നേതാവായും മന്ത്രിയായുമൊക്കെ അദ്ദേഹം നേരത്തേ സ്ക്രീനില്‍ എത്തിയിട്ടുണ്ടെങ്കിലും കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ വേഷം ആദ്യമായാണ്. ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കട്ടുകളൊന്നും ഇല്ലാതെതന്നെ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസിനെക്കുറിച്ചുള്ള നിര്‍ണ്ണായക പ്രഖ്യാപനം വരുകയാണ്.

റിലീസ് തീയതി തിങ്കളാഴ്ച രാവിലെ 11:11ന് പ്രഖ്യാപിക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു. റിലീസ് അധികം നീളില്ലെന്നാണ് അറിയുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ നായക കഥാപാത്രത്തിന്‍റെ പേര് 'കടയ്ക്കല്‍ ചന്ദ്രന്‍' എന്നാണ്. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബോബി-സഞ്ജയ്‍യുടെ തിരക്കഥയില്‍ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

 

കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തോളം റിലീസ് നീണ്ടുപോയ ചിത്രമാണ് വണ്‍. ഭൂരിഭാഗം ചിത്രീകരണവും കൊവിഡിനു മുന്‍പ് പൂര്‍ത്തിയായിരുന്ന ചിത്രത്തിന് ചില പാച്ച് വര്‍ക്കുകള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിംകുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നുണ്ട്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

click me!